ഒറ്റ റിവ്യൂ കൊണ്ട് ഖൽബിനെ നശിപ്പിച്ചു, റിവ്യൂ കണ്ട് സിനിമ കാണുന്നത് നിർത്തി; അശ്വന്തിനെതിരെ വിമർശനം
നല്ല സിനിമകൾക്ക് തിയറ്ററിൽ സ്വീകാര്യത ലഭിക്കാതാകുമ്പോൾ പലപ്പോഴും രക്ഷയ്ക്കെത്താൻ ഒടിടി പ്ലാറ്റ്ഫോമുകൾക്കായിട്ടുണ്ട്. ഇത്തരത്തിൽ ഇന്ന് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയമായിരിക്കുകയാണ് ഖൽബ് എന്ന കൊച്ചു സിനിമ. ഈ വർഷം ജനുവരി മാസത്തിലാണ് ഖൽബ് തിയറ്ററിൽ റിലീസ് ചെയ്തത്. രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ, സിദ്ദിഖ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം. സംവിധാനം സാജിദ് യാഹിയ. നിർമ്മിച്ചത് വിജയ് ബാബുവും.
മലയാള സിനിമാ ലോകത്ത് വലിയ ചർച്ചയായ ഒരുപിടി സിനിമകൾ ഈ വർഷത്തെ ആദ്യത്തെ കുറച്ച് മാസങ്ങൾക്കുള്ളിൽ വന്നിട്ടുണ്ട്. ഭ്രമയുഗം, പ്രേമലു. മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ സിനിമകൾ ഉദാഹരണം. അപ്പോഴൊന്നും ഖൽബ് ചർച്ചയായിട്ടില്ലേയില്ല. വലിയൊരു വിഭാഗം നിരൂപകരും തള്ളിക്കളഞ്ഞ സിനിമയാണ് ഖൽബ്. എന്നാൽ ഒടിടി റിലീസോടെ സാഹചര്യം. ഖൽബിനെ പ്രേക്ഷകർ ഖൽബിലേറ്റി. സിനിമയിലെ പ്രണയവും ക്ലെെമാക്സുമാണ് സോഷ്യൽ മീഡിയയിലെ സജീവ ചർച്ച.

നല്ല സിനിമയായിട്ടും എന്തുകൊണ്ട് തിയറ്ററിൽ സ്വീകരിക്കപ്പെട്ടില്ലെന്ന് കാരണം തേടുകയാണ് ഖൽബ് ആരാധകർ. തിരഞ്ഞെത്തിയത് റിവ്യൂവർ അശ്വന്തിന്റെ റിവ്യൂവിലേക്കും. സിനിമയെ പൂർണമായും തള്ളിക്കളഞ്ഞ് കൊണ്ടുള്ള റിവ്യൂവാണ് അശ്വന്ത് റിലീസ് സമയത്ത് പങ്കുവെച്ചത്. നിരവധി പേർ ഈ റിവ്യൂ കാണുകയും ചെയ്തു.
അശ്വന്തിന്റെ റിവ്യൂ ഖൽബിനെ സാരമായി ബാധിച്ചിട്ടുണ്ടെന്ന അഭിപ്രായം ഇതിനകം വന്നിട്ടുണ്ട്. വ്യാപക വിമർശനമാണ് റിവ്യൂവർക്ക് നേരെ വരുന്നത്. 'ഒരൊറ്റ റിവ്യൂ കൊണ്ട് നല്ല കളക്ഷൻ നേടേണ്ട നല്ല ഒരു പടത്തിനെ നശിപ്പിച്ചു കളഞ്ഞു ഇയാൾ. ഇത്ര നല്ല പടം തിയേറ്ററിൽ മിസ് ചെയ്യേണ്ടിയിരുന്നില്ല എന്ന് ഒടിടി വന്നപ്പോഴാണ് മനസിലായത്. വിജയ് ബാബു പുതിയ ആൾക്കാർക്ക് എത്ര അവസരങ്ങൾ കൊടുക്കുന്ന ആളാണ്'

'ഇനി അയാൾ ഇങ്ങനെ ഒരു പരീക്ഷണത്തിന് ശ്രമിക്കുമോ,' വിമർശനങ്ങളുടെ കൂട്ടത്തിലെ ഒരു കമന്റാണിത്. ഈ അഭിപ്രായം പ്രസക്തമാണന്ന് ഖൽബ് കണ്ട വലിയൊരു വിഭാഗം പ്രേക്ഷകരും സമ്മതിക്കുന്നു. 'റിവ്യൂ നോക്കി സിനിമയ്ക്ക് തീയേറ്ററിൽ പോകണോ വേണ്ടേ എന്ന തീരുമാനിക്കുന്നത് ഈ പടം ഇന്ന് ഒടിടിയിൽ കണ്ടതോടെ നിർത്തി. നല്ല സിനിമയായിരുന്നു'
'മിസ്സാക്കിയായതിൽ ഖേദിക്കുന്നു' എന്നാണ് മറ്റൊരാളുടെ കമന്റ്. ചെറിയ സിനിമകളെ റിവ്യൂ ചെയ്ത് നശിപ്പിക്കുന്ന പ്രവണത അശ്വന്ത് നിർത്തണമെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്. അതേസമയം ഖൽബ് ഇഷ്ടപ്പെടാത്ത പ്രേക്ഷകർ അശ്വന്തിനെ പിന്തുണയ്ക്കുന്നുമുണ്ട്. ചെറിയ സിനിമകളെക്കുറിച്ച് നെഗറ്റീവ് റിവ്യൂ ചെയ്ത് ഇല്ലാതാക്കാറില്ലെന്ന് പ്രമുഖ ഫിലിം ക്രിട്ടിക്ക് ബരദ്വാജ് രംഗൻ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
എന്നാൽ മലയാളത്തിൽ ഈ രീതിയില്ല. ഒട്ടുമിക്ക സിനിമകളുടെയും വിജയ പരാജയം റിവ്യൂവേർസിന്റെ അഭിപ്രായങ്ങളാണ് നിശ്ചയിക്കുന്നത് എന്നതിൽ നിർമാതാക്കളും അസ്വസ്ഥരാണ്. ഖൽബിലെ പാട്ടുകളെയും കാസ്റ്റിംഗിനെയും അശ്വന്ത് പരിഹസിക്കുന്നുണ്ട്. ഖൽഖിലേക്ക് നായകനായുള്ള അവസരം വേണ്ടെന്ന് വെച്ച നടൻ ഷെയ്ൻ നിഗം രക്ഷപ്പെടുകയാണ് ചെയ്തതെന്നും ഇയാൾ പറഞ്ഞു. പരിഹാസ രൂപേണയുള്ള അശ്വന്തിന്റെ റിവ്യൂവിന് ഒന്നിലേറെ തവണ വിമർശനം വന്നിട്ടുണ്ട്. അതേസമയം അശ്വന്തിനെ അനുകൂലിക്കുന്നവരും ഏറെയാണ്.


Click it and Unblock the Notifications