എഞ്ചിനീയറായ അനിലുമായുള്ള വിവാഹം, ഡോക്ടറാകാൻ ആഗ്രഹിച്ച പെൺകുട്ടി, ആത്മവിശ്വാസം ഇല്ലാതിരുന്ന ജാസ്മിൻ മേരി!
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകരുടെ പ്രിയ അഭിനേത്രിയായി മാറിയ താരമാണ് മീര ജാസ്മിന്‍. സൂത്രധാരനിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. ലോഹിതദാസ് മലയാളത്തിന് പരിചയപ്പെടുത്തിയ നായികയ്ക്ക് മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. ഇടക്കാലത്ത് സിനിമയില്‍ നിന്നും അപ്രത്യക്ഷയായ താരം ശക്തമായി പിന്നീട് തിരിച്ചെത്തി. തിരിച്ചുവരവിൽ ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകുകയാണ് മീര ഇപ്പോൾ. ക്വീൻ എലിസബത്താണ് മീരയുടെ ഏറ്റവും പുതിയ സിനിമ.
മീര ജാസ്മിന്‍, നരേന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് ക്വീന്‍ എലിസബത്ത്. ചിത്രത്തിന്റെ ട്രെയിലർ അടക്കം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിലെത്തി പക്വത നിറഞ്ഞ കഥാപാത്രങ്ങളാണ് മീര ഏറെയും ചെയ്തത്. സിനിമയിലേക്ക് വരാനും അഭിനയിക്കാനും മടിയായിരുന്ന മീരയ്ക്ക് ധൈര്യം പകർന്നത് അമ്മയായിരുന്നു.

നാൽപ്പത്തൊന്നിൽ എത്തി നിൽക്കുന്ന മീരയുടെ വിവാഹം, കുടുംബം, സിനിമാ ജീവിതം എന്നിവ ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്. പ്രായം നാൽപ്പത്തിയൊന്നിൽ എത്തിയെങ്കിലും ഇന്നും മീരയ്ക്ക് ഇരുപതുകളുടെ ചെറുപ്പവും സൗന്ദര്യവുമാണ്. 2008ൽ സംഗീത സംവിധായകനും മാൻഡലിൻ പ്ലെയറുമായ മാൻഡോലിൻ രാജേഷുമായുള്ള തൻ്റെ വിവാഹം ഉടനുണ്ടാകുമെന്ന് മീര ജാസ്മിൻ അറിയിച്ചിരുന്നു.
എന്നാൽ 2014ൽ ദുബായിലുള്ള എഞ്ചീനിയർ അനിൽ ജോൺ ടൈറ്റസിനെയാണ് താരം വിവാഹം ചെയ്തത്. മീരയുടെ ഭര്‍ത്താവ് നേരത്തെ വിവാഹം കഴിച്ചതാണെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കനത്ത പോലീസ് സുരക്ഷയിലായിരുന്നു വിവാഹം. ഈയൊരു ആരോപണത്തില്‍ വ്യക്തത വരാത്തതിനാൽ തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാതിരുന്നത് അക്കാലത്ത് വലിയ വാർത്തയും വിവാദവുമായിരുന്നു.
മീരയും അനിലും സോഷ്യൽമീഡിയയിൽ സജീവമാണെങ്കിലും ഇരുവരും ഇപ്പോഴും വിവാഹബന്ധം തുടരുന്നുണ്ടോ അതോ വേർപിരിഞ്ഞുവോ എന്നതിൽ വ്യക്തതയില്ല. പരസ്പരം ചിത്രങ്ങൾ പങ്കുവെച്ചിട്ടുമില്ല. അനിലിനെ വിവാഹം ചെയ്തശേഷം മീര ദുബായിലേക്ക് ചേക്കേറിയിരുന്നു. സിനിമയിൽ തുടരാൻ മീരയ്ക്ക് ആഗ്രഹമുണ്ടായിരുന്നില്ല.
രണ്ട് സിനിമകൾക്ക് ശേഷം ഡോക്ടറാകാൻ ആയിരുന്നു താൻ ആഗ്രഹിച്ചതെന്നും സിനിമയിൽ നിന്നുപോയത് അപ്രതീക്ഷിതം ആയിരുന്നുവെന്നും മീര തന്നെ പറഞ്ഞിട്ടുണ്ട്. 'സിനിമ മേഖല ഇഷ്ടപ്പെട്ട് കുറച്ചുനാൾ കഴിഞ്ഞപ്പോഴെയ്ക്കും എന്റെ പേരിൽ ഗോസിപ്പുകൾ വന്നുതുടങ്ങി. അപ്പോഴേക്കും ഈ മേഖല വെറുത്തുപോയി. ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും ആത്മവിശ്വാസം എന്നിലേക്ക് വന്നോയെന്ന് ചോദിച്ചാൽ സംശയമാണ്.'

'ഓരോ സെറ്റിലേക്ക് പോകും തോറും ഞാൻ നേർവസ് ആകും. ആത്മവിശ്വാസം ഞാൻ ഉണ്ടാക്കി എടുക്കുന്നതാണ്. എന്നാൽ മാത്രമെ ഇവിടെ പിടിച്ചുനിൽക്കാനാകൂ. സിനിമയെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു എന്നാണ് പ്രമോഷനിടെ', മീര പറഞ്ഞത്. തുടരെ തുടരെ സിനിമകൾ ചെയ്യുന്നതിനോട് താൽപര്യമില്ലാത്ത കൂട്ടത്തിലാണ് മീര. എനിക്ക് എന്നെ ശിക്ഷിക്കാൻ ഇഷ്ടമില്ലെന്നാണ് മീര പറയാറുള്ളത്.
റൊമാന്‍റിക് കോമഡി എന്റർടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ക്വീൻ എലിസബത്ത്. വെള്ളം, അപ്പൻ, പടച്ചോനെ ഇങ്ങള് കാത്തോളീ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ടും എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരും ചേർന്ന് ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications