നേരത്തെ വിവാഹം ചെയ്യാൻ മുതിർന്നവർ പറയുന്നതിന് കാരണമുണ്ട്; ഭാര്യയെക്കുറിച്ച് മാധവൻ
സിനിമാ രംഗത്ത് വർഷങ്ങളായി തുടരുന്ന നടനാണ് മാധവൻ. ഒരു കാലത്ത് റൊമാന്റിക് ഹീറോയായി തിളങ്ങിയ മാധവൻ പിന്നീട് കരിയറിൽ പല ഘട്ടങ്ങൾ കണ്ടു. ഇന്നും മികച്ച അവസരങ്ങൾ മാധവനെ തേടിയെത്തുന്നു. സരിത ബിർജെ എന്നാണ് മാധവന്റെ ഭാര്യയുടെ പേര്. 1999 ലാണ് ഇരുവരും വിവാഹിതരായത്. 1991 ലാണ് സരിതയും മാധവനും ആദ്യമായി കാണുന്നത്. മാധവൻ സിനിമാ രംഗത്തേക്ക് വരുന്നതിന് മുമ്പേ ഇവർ വിവാഹിതരായിട്ടുണ്ട്. ഇന്നും ഇവർ സന്തോഷകരമായ വിവാഹ ജീവിതം നയിക്കുന്നു.
മാധവൻ സിനിമാ രംഗത്ത് സെൻസേഷനായപ്പോൾ പോലും നടനെക്കുറിച്ച് അധികം ഗോസിപ്പുകൾ വന്നിട്ടില്ല. വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് മാധവനിപ്പോൾ. വിവാഹ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതിനെക്കുറിച്ച് മാധവൻ മനസ് തുറന്നു. എല്ലാ ദമ്പതികളെയും പോലെ ഞങ്ങൾക്കിടയിൽ വഴക്കുകൾ ഉണ്ടാകാറുണ്ട്. പക്ഷെ അതോടൊപ്പം പരസ്പര ബഹുമാനവും ഉണ്ട്. സരിതയെ സംബന്ധിച്ച് ഞാൻ നാഷണൽ സ്റ്റാറല്ല. എന്റെ ഭാര്യയായതിന്റെ പേരിൽ പ്രിവിലേജ് തോന്നുന്ന ഭാര്യയുമല്ല സരിത.

അവൾ എന്റെ തുല്യ പങ്കാളിയാണെന്നും മാധവൻ പറയുന്നു. നേരത്തെ വിവാഹം ചെയ്യാൻ മുതിർന്നവർ ഉപദേശിക്കുന്നതിന് കാരണമുണ്ടെന്നും മാധവൻ അഭിപ്രായപ്പെട്ടു. നേരത്തെ വിവാഹം ചെയ്യുമ്പോൾ ബന്ധത്തിൽ കുറേക്കൂടി ഓപ്പൺ ആയിരിക്കും. നിങ്ങൾക്ക് സ്വയം മാറ്റം വരുത്താൻ പറ്റും. വിവാഹം ചെയ്യുമ്പോൾ നിങ്ങളുടെ വിശ്വാസത്തിലും ലൈഫ് സ്റ്റെെലിലുമെല്ലാം ഒരുപാട് കോംപ്രമൈസുകൾ വരുത്തേണ്ടി വരും. ആ വ്യക്തിയെ ഒപ്പം നിർത്താൻ ഈ വിട്ടുവീഴ്ചകൾ അർഹമാണെന്ന് നിങ്ങൾ മനസിലാക്കും.
അതിർവരമ്പുകളും, ചട്ടങ്ങളും അജണ്ടകളും വരുമ്പോൾ അപ്പുറത്തുള്ള വ്യക്തിക്ക് ഫിറ്റ് ഇൻ ചെയ്യാൻ ബുദ്ധിമുട്ടാകും. എത്ര ചെറുപ്പമാകുന്നോ നിങ്ങളുടെ ചട്ടങ്ങളും നിബന്ധനകളും കുറയും. ഒത്തൊരുമിച്ച് പോകാനും സ്നേഹ ബന്ധം ഉണ്ടാകാനും എളുപ്പമാകും. അതാണ് മുതിർന്നവർ പെട്ടെന്ന് വിവാഹം ചെയ്യാൻ പറയുന്നതിന് കാരണം. ചെറുപ്പകാലത്ത് വിവാഹം ചെയ്ത് കുഞ്ഞുണ്ടായാൽ കുഞ്ഞ് വളരുന്ന ഘട്ടത്തിലും വിവാഹിതരാകുന്ന ഘട്ടത്തിലും മാതാപിതാക്കൾക്ക് ആരോഗ്യത്തോടെയിരിക്കാൻ സാധിക്കുമെന്നും മാധവൻ പറയുന്നു.

മകൾ വിവാഹിതയാകുമ്പോൾ അറുപത് വയസും പേരക്കുട്ടിയാകുമ്പോൾ എഴുപത്തി രണ്ട് വയസുമാണെങ്കിൽ ജീവിതത്തിലെ ആ വശം ആസ്വദിക്കാനുള്ള ശാരീരിക ഊർജം ഉണ്ടാകില്ല. പക്ഷെ ഇന്നത്തെ ലോകത്ത് കരിയർ വളരെ പ്രധാനമാണ്. ചെറിയ പ്രായത്തിൽ തന്നെ കരിയറുണ്ടാക്കാൻ പറ്റില്ല. അതിനാൽ വിവാഹം നീട്ടും. ആരെ വിവാഹം ചെയ്യണമെന്നതിൽ ഒരു സങ്കൽപ്പമുണ്ടാക്കും.
അവരുടെ സൗഹൃദ വലയത്തിലും കരിയറിനും വീട്ടിലെ ജീവിതത്തിനും സാമ്പത്തിക സ്വപ്നങ്ങൾക്കുമെല്ലാം ചേരുന്ന ആളെ നോക്കും. പതുക്കെ ഈ ലിസ്റ്റ് ചെറുതാകും. ഒടുവിൽ ആരെയും കിട്ടാതാകും. പിന്നീട് എല്ലാത്തിലും വിട്ടു വീഴ്ച ചെയ്യേണ്ടി വരും. എന്റെ ജനറേഷനിലെ ഒരുപാട് പേരെ അങ്ങനെ കണ്ടിട്ടുണ്ടെന്നും മാധവൻ വ്യക്തമാക്കി. ശൈത്താൻ ആണ് മാധവൻ പുതിയ ചിത്രം. അജയ് ദേവ്ഗൺ നായകനായ സിനിമയിൽ വില്ലൻ വേഷമാണ് മാധവൻ ചെയ്തത്.


Click it and Unblock the Notifications











