'അദ്ദേഹത്തോട് സിനിമയിൽ അസിസ്റ്റന്റാക്കാമോയെന്ന് ചോദിച്ചപ്പോൾ നിനക്ക് നശിക്കണോ എന്നാണ് തിരിച്ച് ചോദിച്ചത്'
വളരെക്കാലമായി മലയാളികൾ ദിവസവും കാണുന്ന മുഖമാണ് ആർ.ശ്രീകണ്ഠൻ നായരുടേത്. കേരള ടെലിവിഷൻ രംഗത്തെ അറിയപ്പെടുന്ന അവതാരകനും പഴയകാല അധ്യാപകനും 24 ന്യൂസ്, ഫ്ലവേഴ്സ് ചാനലുകളുടെ മേധാവിയുമായ ശ്രീകണ്ഠൻ നായരുടെ മുഖം കണ്ടുകൊണ്ടാണ് ഒട്ടുമിക്ക മലയാളികളുടെയും ദിവസം തുടങ്ങുന്നത്. അത്രത്തോളം കാഴ്ചക്കാരുള്ള വാർത്താ ചാനലായി 24 ന്യൂസ് മാറി കഴിഞ്ഞു.
കേരളവർമ്മ കോളേജിൽ അധ്യാപകനായിരുന്ന ശ്രീകണ്ഠൻ നായർ ദൂരദർശനിലെ ഒരു നിമിഷം എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് മാധ്യമ രംഗത്തേക്കെത്തുന്നത്. ഏഷ്യാനെറ്റിലെ നമ്മൾ തമ്മിൽ എന്ന സമ്പർക്ക പരമ്പര അവതരിപ്പിച്ച് പ്രശസ്തിയിലേക്ക് കുതിച്ചു. നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയിട്ടുള്ള അവതാരകനുമാണ്.

എന്നാൽ മാധ്യമപ്രവർത്തനത്തിൽ മാത്രമല്ല സിനിമയിലും കമ്പമുള്ളയാളായിരുന്നു താനെന്ന് പറയുകയാണിപ്പോൾ ശ്രീകണ്ഠൻ നായർ. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് അന്തരിച്ച സംവിധായകൻ പത്മരാജനോട് തന്റെ സിനിമാ മോഹം വെളിപ്പെടുത്തിയ കഥ ശ്രീകണ്ഠൻ നായർ പറഞ്ഞത്.
ഞാൻ തിരുവനന്തപുരം ആകാശവാണിയിൽ ജോലി ചെയ്യുന്ന സമയത്ത് ഒരിക്കൽ പത്മരാജൻ ചേട്ടൻ വന്നിറങ്ങി. അദ്ദേഹം വരുന്നത് കാണാൻ തന്നെ ഒരു കവിതയാണ്. എന്താണ് ഇവിടെയെന്ന് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞു... എനിക്ക് ഇവിടെ ഒരു അരിയർ കിട്ടാനുണ്ടെന്ന്. പുള്ളി ഇപ്പോഴും ആ റോളിലുണ്ടെന്ന് അപ്പോഴാണ് ഞാൻ അറിഞ്ഞത്. പുള്ളി രാജിവെച്ചിട്ടില്ല.
അതേ കുറിച്ച് ചോദിച്ചപ്പോൾ ഞാനായിട്ട് രാജിവെക്കില്ല അവന്മാർക്ക് എന്നെ ആവശ്യമില്ലെങ്കിൽ പുറത്താക്കികോട്ടെയെന്നാണ് പറഞ്ഞത്. അതുപോലെ പത്മരാജൻ ചേട്ടനോട് സിനിമയിൽ അസിസ്റ്റന്റ് ആക്കാമോ എനിക്ക് സിനിമ പഠിക്കാൻ താൽപര്യമുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. ഉടനെ നീ നശിക്കാൻ തീരുമാനിച്ചോയെന്ന് ചോദിച്ച് പുള്ളി അകത്തേക്ക് കയറിപ്പോയി.
പിന്നെ തിരിച്ച് വന്നപ്പോൾ എന്നോട് പറഞ്ഞു. ഞാൻ ഗന്ധർവൻ എന്നൊരു സിനിമ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. അത് കഴിഞ്ഞിട്ട് അടുത്ത സിനിമയിൽ ആദ്യം മുതൽ കൂടെ ചേർന്നോളാൻ പറഞ്ഞു. എങ്കിലെ പഠിക്കാൻ പറ്റൂവെന്നും പറഞ്ഞു. എന്തിനാണ് സിനിമ പഠിക്കുന്നതെന്ന് വീണ്ടും ചോദിച്ചു. ഇതൊക്കെ അറിഞ്ഞിരിക്കാനാണെന്ന് ഞാൻ മറുപടി നൽകി.

പിന്നെ ഞാൻ അദ്ദേഹത്തെ കണ്ടത് അദ്ദേഹം മരിച്ച് കിടക്കുന്ന വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയപ്പോഴാണ്. പത്മരാജൻ ചേട്ടൻ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ അദ്ദേഹത്തോടൊപ്പം അല്ലെങ്കിൽ വേറെ ആരുടെയെങ്കിലും അടുത്ത് സിനിമ പഠിക്കാൻ പോയേനെ. കാരണം ഒരു സമയത്ത് സിനിമ പഠിക്കാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു.
കാരണം ആ സമയത്ത് സിനിമക്കാർ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ഒന്ന്, രണ്ട് സിനിമയ്ക്ക് ഞാൻ സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട്. ഒരു റൈറ്റർ എന്ന രീതിയിൽ അന്ന് എനിക്ക് ഒരുപാട് പരിമിതികളുണ്ടായിരുന്നുവെന്നും ശ്രീകണ്ഠൻ നായർ പറയുന്നു.


Click it and Unblock the Notifications











