ബന്ധുക്കൾ താരങ്ങളായി; ഷർബാനി മുഖർജി ഇന്നെവിടെ? മലയാളികൾക്ക് പ്രിയപ്പെട്ട നടിയുടെ ജീവിതം
ചുരുങ്ങിയ കാലം സിനിമകളിൽ അഭിനയിച്ച് പിന്നീട് ലൈം ലൈറ്റിൽ നിന്നും അകന്ന നടിയാണ് ഷർബാനി മുഖർജി. മലയാളികളെ സംബന്ധിച്ച് ഷർബാനിയുടെ മുഖം ഇപ്പോഴും മനസ്സിലുണ്ട്. രാക്കിളിപാട്ട്, സൂഫി പറഞ്ഞകഥ എന്നീ ശ്രദ്ധേയ സിനിമകളിൽ പ്രധാന വേഷം ചെയ്തത് ഷർബാനിയാണ്. പിന്നീട് ഷർബാനിയെ ചുരുക്കം മലയാള സിനിമകളിലേ കണ്ടിട്ടുള്ളൂ. കരിയർ ഗ്രാഫ് പരിശോധിച്ചാൽ ഒരു ഭാഷയിലും ഷർബാനി സജീവമായിരുന്നില്ല.
1997 ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ബോർഡറിലൂടെയാണ് ഷർബാനി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. സണ്ണി ഡിയോൾ, അക്ഷയ് ഖന്ന, സുനിൽ ഷെട്ടി, ജാക്കി ഷെറാേഫ് തുടങ്ങിയ താരങ്ങൾ അണിനിരന്ന സിനിമ വൻ ഹിറ്റായിരുന്നു. സിനിമയുടെ വിജയം അഭിനയിച്ച മറ്റ് താരങ്ങളെയെല്ലാം കരിയറിൽ തുണച്ചെങ്കിലും ഷർബാനിക്ക് ഗുണം ചെയ്തില്ല. നടിക്ക് നല്ല അവസരങ്ങൾ ബോളിവുഡിൽ നിന്നും ലഭിച്ചില്ല.
ഹിന്ദി സിനിമാ രംഗത്ത് ശ്രദ്ധ നേടാൻ പറ്റാത്ത സാഹചര്യത്തിൽ നടി ഭോജ്പുരി, മലയാളം സിനിമകളിൽ സാന്നിധ്യം അറിയിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത രാക്കിളിപാട്ടാണ് ആദ്യ മലയാള ചിത്രം. ജ്യോതിക, ഷർബാനി എന്നിവരായിരുന്നു സിനിമയിലെ പ്രധാന വേഷങ്ങൾ ചെയ്തത്. സിനിമയിലെ ശാരികേ നിന്നേ കാണാൻ എന്ന ഗാനം ഇന്നും ജനപ്രിയമാണ്. 2007 ലാണ് രാക്കിളിപാട്ട് റിലീസ് ചെയ്യുന്നത്. മൂന്ന് വർഷങ്ങൾക്ക് ശേഷം സൂഫി പറഞ്ഞ കഥ എന്ന ചിത്രത്തിലൂടെ നടി വീണ്ടും മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തി.

കാർത്തി എന്ന കഥാപാത്രം ഷർബാനിയുടെ കൈയിൽ ഭദ്രമായിരുന്നു. പ്രിയനന്ദനൻ സംവിധാനം ചെയ്ത സിനിമ അന്ന് വലിയ വിവാദമായി. സിനിമയിലെ മുസ്ലിം-ഹിന്ദു പ്രണയവിവാഹവും മതപരിവർത്തനവും മറ്റുമാണ് വിവാദങ്ങൾക്ക് കാരണമായത്. ഷർബാനിക്ക് പുറമെ പ്രകാശ് ബാരെ, ജഗതി ശ്രീകുമാർ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് വേഷങ്ങൾ ചെയ്തത്.
സിനിമയ്ക്കപ്പുറം ഷർബാനി മുഖർജിയെ അടുത്തറിയാൻ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. വ്യക്തി ജീവിതത്തിൽ താരം വളരെയധികം സ്വകാര്യത പുലർത്തുന്നു. സോഷ്യൽ മീഡിയയിലും നടി സജീവമല്ല. കജോൾ, റാണി മുഖർജി എന്നീ നടിമാരുടെ കസിനാണ് ഷർബാനി മുഖർജി. കജോളും റാണിയും ബോളിവുഡിലെ തിരക്കുള്ള നായികമാരായപ്പോൾ ഷർബാനി പക്ഷെ സജീവമായില്ല.

ദുർഗപൂജയുടെ സമയത്താണ് ഷർബാനിയെ മാധ്യമങ്ങൾക്കും കാണാൻ കിട്ടാറ്. റാണിക്കും കജോളിനുമൊപ്പം ദുർഗപൂജയുടെ ചടങ്ങുകളിൽ പങ്കെടുക്കുന്ന ഷർബാനി ജനശ്രദ്ധ നേടാറുണ്ട്. ബംഗാൾ സ്വദേശിയായ ഷർബാനിയുടെ മുത്തച്ഛൻ എ മുഖർജി ബോളിവുഡിലെ പ്രമുഖ നിർമാതാവായിരുന്നു. അച്ഛൻ റോമു മുഖർജിയും അമ്മ ഷമിത മുഖർജിയും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
റാണി മുഖർജി, കജോൾ എന്നിവരുമായി അടുത്ത സൗഹൃദം ബന്ധു കൂടിയായ ഷർബാനിക്കുണ്ട്. ഇരുവരും സിനിമകളിൽ ശ്രദ്ധിക്കപ്പെട്ടതോടെയാണ് തനിക്കും സിനിമാ മോഹം വന്നതെന്ന് മുമ്പ് ഷർബാനി പറഞ്ഞിട്ടുണ്ട്. മ്യൂസിക് ആൽബങ്ങളിൽ അഭിനയിച്ച ശേഷമാണ് നടി സിനിമാ രംഗത്തേക്ക് എത്തുന്നത്.
മലയാള സിനിമയ്ക്കും സാഹിത്യത്തിനും ബംഗാളുമായി സാമ്യമുണ്ടെന്ന് മുമ്പൊരിക്കൽ ഷർബാനി പറഞ്ഞിരുന്നു. 2017 ൽ പുറത്തിറങ്ങിയ സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട് എന്ന മലയാള സിനിമയിലാണ് ഷർബാനി മുഖർജി അവസാനമായി അഭിനയിച്ചത്. സിനിമയിലേക്ക് ഷർബാനിക്ക് ഒരു തിരിച്ച് വരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.


Click it and Unblock the Notifications











