ആർഭാടത്തോടെ വിവാഹം നടത്തിയെങ്കിലും രാധയ്ക്കുള്ള വിഷമം; അവർ പ്രതീക്ഷിച്ചിരുന്നു; ചെയ്യാറു ബാലു
കഴിഞ്ഞയാഴ്ചയാണ് നടി കാർത്തിക നായരുടെ വിവാഹം ആർഭാട പൂർവം നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഒത്തു ചേർന്ന വിവാഹ ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. അമ്മ രാധയുടെ സിനിമാലോകത്തെ സുഹൃത്തുക്കളാണ് ചടങ്ങിൽ പ്രധാന ആകർഷണമായത്. തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവി, ജാക്കി ഷെറോഫ്, രേവതി, സുഹാസിനി, രാധിക തുടങ്ങിയ താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു. രോഹിത് മേനോൻ എന്നാണ് കാർത്തികയുടെ ഭർത്താവിന്റെ പേര്. ഏറെക്കാലമായി ലൈം ലൈറ്റിൽ നിന്ന് മാറി നിൽക്കുകയായിരുന്നു കാർത്തിക.
കോ എന്ന സിനിമയിലൂടെ തമിഴിൽ ജനപ്രീതി നേടിയ കാർത്തിക മലയാളത്തിലും ഒരുപിടി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് സിനിമാ ലോകത്ത് കാർത്തികയെ കാണാതായി. കാർത്തികയുടെ സഹോദരി തുളസിയെയും രണ്ട് സിനിമകൾക്ക് ശേഷം പ്രേക്ഷകർ കണ്ടില്ല. ഇപ്പോഴിതാ കാർത്തികയുടെ വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു. രാധയുടെ മക്കളായിട്ടും കാർത്തികയും തുളസിയും സിനിമാ രംഗത്ത് നിലനിൽക്കാത്തതിനെക്കുറിച്ച് ചെയ്യാറു ബാലു സംസാരിച്ചു.

എത്ര വലിയ താരത്തിന്റെ മക്കളായാലും പ്രേക്ഷകർ ഏറ്റെടുക്കേണ്ടതുണ്ടെന്ന് അവർക്ക് മനസിലായി. അംബികയുടെയും രാധയുടെയും സഹോദരനും അഭിനയിക്കാൻ വന്നിരുന്നു. എന്നാൽ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞില്ല. ഇപ്പോൾ ബിസിനസ് ചെയ്യുകയാണ്. സിനിമ ലോകത്തിനുള്ളിൽ വന്നാലും നിലനിൽക്കാൻ ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞു. അമ്മ രാധയുടെ ഹോട്ടൽ ബിസിനസിലേക്ക് രണ്ട് മക്കളും ഇറങ്ങി.
രാധയുടെ മകളുടെ വിവാഹം ആർഭാട പൂർവം നടത്തിയത് അത്ര വലിയ കാര്യമല്ല, അത്ര മാത്രം സമ്പത്തുണ്ട്. രാധ പോലും ഈ വാർത്തകൾ കണ്ട് ചിരിക്കാം. വിവാഹത്തിന് സിനിമാ ലോകത്തെ പ്രമുഖർ വരാഞ്ഞത് എന്തുകൊണ്ടെന്ന ചോദ്യമുണ്ട്. രാധ ക്ഷണിക്കാത്തതാണെന്ന അഭ്യൂഹം വന്നിരുന്നു. രാധയെ സിനിമയിലേക്ക് കൊണ്ട് വന്ന ഭാരതി രാജയെ ക്ഷണിച്ചില്ലെന്ന സംസാരമുണ്ടായി. യഥാർത്ഥത്തിൽ രാധ അവരെ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ആരോഗ്യ പ്രശ്നമുണ്ട്. ചാർട്ടേഡ് ഫ്ലെെറ്റ് അയക്കാം, മകളെ വന്ന് അനുഗ്രഹിക്കണമെന്ന് രാധ പറഞ്ഞിരുന്നു. എന്നാൽ മറ്റൊരു ദിവസം വരാമെന്ന് ഭാരതിരാജ ഉറപ്പ് നൽകിയെന്നും ചെയ്യാറു ബാലു പറയുന്നു.

തെന്നിന്ത്യൻ സിനിമയിലെ മിക്കവരെയും രാധ ക്ഷണിച്ചിട്ടുണ്ട്. എല്ലാവരും വരുമെന്ന് കരുതിയെങ്കിലും വരാത്തതിൽ രാധയ്ക്ക് കുറച്ച് വിഷമമുണ്ട്. ചിരഞ്ജീവി, ജാക്കി ഷെറോഫ് തുടങ്ങിയവരാണ് വന്നത്. രജിനികാന്ത്, കമൽ ഹാസൻ തുടങ്ങിയവരെല്ലാം വരുമെന്ന് കരുതി. എന്നാൽ ഇവരാരും വന്നില്ലെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി. രാധയുടെ കരിയറിലെ പ്രതാപ കാലത്തെക്കുറിച്ചും ചെയ്യാറു ബാലു സംസാരിച്ചു.
രാവിലെ ആറ് മണി മുതൽ രാത്രി 12 മണി വരെ നീളുന്നതായിരുന്നു രാധയുടെ ഒരു കാലത്തെ കോൾ ഷീറ്റ്. അന്ന് തെന്നിന്ത്യൻ സിനിമാ ലോകമൊന്നാകെ മദ്രാസിലാണ്. തെലുങ്കിലും മലയാളത്തിലും തമിഴിലും രാധയ്ക്ക് തിരക്കേറി. പ്രശസ്തിയിൽ നിൽക്കുന്ന സമയത്ത് തന്നെ രാധ വിവാഹം ചെയ്തു. അത് അവരുടെ ബുദ്ധിയാണ്. ഫീൽഡ് ഔട്ട് ആകാൻ കാത്ത് നിന്നില്ലെന്നും ചെയ്യാറു ബാലു പറഞ്ഞു. നടി അംബികയുടെ സഹോദരിയാണ് രാധ. രാധയെ പോലെ അംബികയും ഒരു കാലത്തെ തെന്നിന്ത്യയിലെ തിരക്കേറിയ നായിക നടിയായിരുന്നു.


Click it and Unblock the Notifications











