ശരത് മീനയോട് സംസാരിക്കുന്നത് നിങ്ങൾ കാണണം, എന്നോട് പക്ഷെ ഗൗരവം; വിവാഹ ജീവിതത്തെക്കുറിച്ച് രാധിക
സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് സിനിമാ താരങ്ങളായ ശരത്കുമാറും രാധിക ശരത്കുമാറും. ശരത്കുമാറിന്റെ രണ്ടാം വിവാഹമായിരുന്നു രാധികയുമായി. രാധികയുടേത് മൂന്നാം വിവാഹവും. സുഹൃത്തുക്കളായിരുന്ന ഇവർ പിന്നീട് പ്രണയത്തിലായി വിവാഹം ചെയ്യുകയാണുണ്ടായത്. വിവാഹത്തെക്കുറിച്ചും ശരത്കുമാറിനൊപ്പമുള്ള ജീവിതത്തെക്കുറിച്ചും രാധിക ശരത്കുമാർ പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഏതോ ഒരു ഘട്ടത്തിൽ ഒരു ദിവസം എന്നോട് നീ എന്നെ വിവാഹം ചെയ്യുമോ എന്ന് ചോദിച്ചു. തമാശയാണോ എന്നായിരുന്നു എന്റെ പ്രതികരണം. ഞങ്ങൾ രണ്ട് പേരും അടുത്ത് സംസാരിച്ചു. എന്തുകൊണ്ട് വിവാഹമായിക്കൂടാ എന്ന് തോന്നി. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. നല്ല സുഹൃത്തുക്കൾ നല്ല വിവാഹ ജീവിതം നയിക്കും എന്നാണ് സ്വന്തം അനുഭവത്തിൽ മനസിലായത്. ശരത്കുമാറിൽ എനിക്കിഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ വലിയ ഹൃദയമാണ്. ഒരു പ്രശ്നം വന്നാൽ ആരില്ലാതെ പാേയാലും ശരത്കുമാർ നിൽക്കും. അത് ജന്മഗുണമാണ്. സഹായിക്കാനുള്ള മനസുണ്ട്. നല്ല ഭർത്താവിനേക്കാൾ നല്ല അച്ഛനാണ്.

നമിതയെ എടുത്ത് പൊക്കുന്നു, എന്നെ പൊക്കില്ലേ എന്ന് ഞാൻ ചോദിച്ചു. ഒരു ദിവസം ഒരു വേദിയിൽ എന്നെ ഒരു കെെയിൽ തൂക്കി. ഞാൻ റൊമാന്റിക്കല്ല. ചായ വേണോ എന്നെല്ലാം ചോദിച്ച് ഞാൻ പരിചരിക്കും. പക്ഷെ റൊമാൻസൊന്നും എനിക്ക് വരില്ലെന്നും രാധിക ശരത്കുമാർ പറഞ്ഞു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട രണ്ട് നായികമാരാണ് മീനയും ഖുശ്ബുവും. അവർ രണ്ട് പേരോടും ശരത് ചിരിച്ച് കൊണ്ട് സംസാരിക്കുന്നത് നിങ്ങൾ കാണണം. എന്നാൽ എന്നോട് ഗൗരവത്തിലാണ്. എന്നാൽ അവർ വിളിച്ചാൽ ഹായ് ഖുശ്, ഹായ് മീന എന്ന് പറഞ്ഞ് സന്തോഷത്തോടെ സംസാരിക്കും. അതേസമയം താനും മീനയും ഖുശ്ബുവുമെല്ലാം വളരെ അടുത്ത സുഹൃത്തുക്കളാണെന്നും രാധിക ശരത്കുമാർ പറഞ്ഞു.
ശരത്കുമാറിന്റെ രണ്ട് വിവാഹ ബന്ധങ്ങളും സിനിമാ ലോകത്ത് ചർച്ചയായതാണ്. ആദ്യ ഭാര്യ ഛായദേവിയിൽ നടന് പിറന്ന മക്കളാണ് വരലക്ഷ്മിയും പൂജയും. ഛായദേവിയുമായി അകന്ന ശേഷം ശരത്കുമാർ നടി രാധിക ശരത്കുമാറുമായി അടുത്തു. രാധികയ്ക്ക് തന്റെ മുൻ വിവാഹബന്ധത്തിൽ റയാൻ എന്ന മകളുമുണ്ട്. റയാനെ സ്വന്തം മകളായാണ് ശരത്കുമാർ കാണുന്നത്. കുറേക്കാലം അച്ഛൻ അമ്മയുമായി പിരിഞ്ഞതിലും രണ്ടാമത് വിവാഹം ചെയ്തതിലും വരലക്ഷ്മിക്ക് എതിർപ്പുണ്ടായിരുന്നു. കുറേക്കാലം വരലക്ഷ്മിയും അമ്മയും രാധികയിൽ നിന്നും അകൽച്ച പാലിച്ചിരുന്നു. എന്നാൽ പിന്നീട് ഈ പ്രശ്നങ്ങൾ പരിഹരിച്ചു. വരലക്ഷ്മിയുടെ വിവാഹത്തിന് രാധികയും മകളുമെത്തി.
രാധികയുമായുള്ള പിണക്കം മാറിയതിനെക്കുറിച്ച് വരലക്ഷ്മി അടുത്തിടെ സംസാരിച്ചിരുന്നു. രാധികാന്റിയുമായി അടുക്കുന്നത് ക്രമേണയാണ്. നമ്മൾക്ക് തോന്നാത്ത പല കാര്യങ്ങളും ചുറ്റുമുള്ളവർ പറഞ്ഞ് തരും. ഇത് അകൽച്ചയുണ്ടാക്കും. അവരാണ് നിന്റെ കുടുംബം ഇല്ലാതാക്കിയതെന്ന് പത്ത് പേർ പറയും. അപ്പുറത്ത് നിന്ന് ആദ്യ വിവാഹ ബന്ധത്തിലേക്ക് ഇവൾ കൊണ്ട് പോകും എന്ന് പറഞ്ഞ് കൊടുക്കും. പിന്നീട് ഞങ്ങൾ മനസിലാക്കി. ഞാൻ അച്ഛനെ രാധികാന്റിയിൽ നിന്നും അകറ്റി കൊണ്ട് പോകുകയില്ല. രാധികാന്റി പരുക്കയായ രണ്ടാനമ്മയുമല്ല. എല്ലാവരും അവരുടേതായ സ്ഥാനത്ത് സെക്യൂർ ആണെന്ന് മനസിലാക്കി. ആ തിരിച്ചറിവിന് സമയം വേണ്ടി വന്നെന്നും വരലക്ഷ്മി തുറന്ന് പറഞ്ഞു.


Click it and Unblock the Notifications











