വരലക്ഷ്മിക്കും ശരത്കുമാറിനും ഒരേ ശീലം; ഈ കുടുംബത്തിന് വട്ടാണെന്ന് ഞാൻ പറയും; രാധിക
തെന്നിന്ത്യയിലെ പ്രിയ താര ദമ്പതികളാണ് ശരത്കുമാറും രാധിക ശരത്കുമാറും. രണ്ട് പതിറ്റാണ്ടിലേറെയായി സന്തോഷകരമായ വിവാഹ ജീവിതം നയിക്കുന്ന ഇരുവരും കുടുംബത്തിന്റെ സന്തോഷത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. ആദ്യ വിവാഹത്തിലെ മക്കളെ രണ്ട് പേരും ചേർത്ത് നിർത്തുന്നു. ഛായ ദേവി എന്നാണ് ശരത്കുമാറിന്റെ ആദ്യ ഭാര്യയുടെ പേര്. വരലക്ഷ്മി, പൂജ എന്നീ മക്കളും രണ്ട് പേർക്ക് പിറന്നു. റയാൻ എന്നാണ് രാധികയ്ക്ക് മുൻ ഭർത്താവ് റിച്ചാർഡ് ഹാരിയിൽ പിറന്ന മകളുടെ പേര്. രാധികയ്ക്കും ശരത്കുമാറിനും രാഹുൽ എന്ന മകനുമുണ്ട്. മക്കളുടെ കാര്യത്തിൽ ദമ്പതികൾ തുല്യ പ്രാധാന്യം നൽകുന്നു.
റയാന്റെ വിവാഹത്തിന്റെ പിതാവിന്റെ സ്ഥാനത്ത് നിന്ന് എല്ലാം നോക്കിയത് ശരത്കുമാറാണ്. റയാൻ പിറന്ന മക്കളെയും സ്വന്തം പേരക്കുട്ടികളായി ഇദ്ദേഹം കാണുന്നു. മറുവശത്ത് വരലക്ഷ്മിയും പൂജയുമായി അടുത്ത ആത്മബന്ധം രാധികയ്ക്കുണ്ട്. മിക്കപ്പോഴും ഇവരെല്ലാം ഒത്തുചേരാറുമുണ്ട്. ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായ ദേവി രാധികയുടെ സുഹൃത്താണ്. ശരത്കുമാർ കുടുംബത്തിലെ ഒത്തൊരുമ ആരാധകർക്ക് പലപ്പോഴും കൗതുകമാകാറുണ്ട്. ഇപ്പോഴിതാ കുടുംബത്തെക്കുറിച്ച് സംസാരിക്കുകയാണ് രാധികയും ശരത്കുമാറും.

തങ്ങളുടെ സന്തോഷകരമായ ജീവിതത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചു. എല്ലാ ബന്ധങ്ങളിലും കൊടുക്കൽ വാങ്ങലുകൾ ഉണ്ടാകണം. പ്രണയം എന്നാൽ ഫ്രണ്ട്ഷിപ്പാണെന്നും രാധിക ശരത്കുമാർ വ്യക്തമാക്കി. വഴക്കുണ്ടായാൽ ആരും സോറി പറയാറില്ല. വഴക്കാകുമ്പോൾ അവിടെ നിന്ന് മാറും. ഒരു ഡ്രെെവ് പോയി വന്ന ശേഷം പ്രശ്നങ്ങൾ പറഞ്ഞ് തീർക്കും. പിണക്കം മാറാൻ കുറച്ച് സമയമെടുക്കും. എന്നാൽ അതിന്റെ പേരിൽ പെട്ടിയെടുത്ത് പോകില്ല. 50 വർഷത്തെ വിവാഹ ജീവിതത്തിൽ ഒരു ദിവസം പോലും വഴക്കിട്ടിട്ടില്ലെന്ന് ചിലർ പറയും. അതിനർത്ഥം ആരോ ഒരാൾ കള്ളം പറയുന്നു എന്നാണ്.
പ്രശ്നമില്ലാതിരിക്കാൻ ചാൻസില്ല. വഴക്കുകൾ എല്ലാ ബന്ധത്തിലും സ്വാഭാവികമാണെന്നും ശരത്കുമാർ വ്യക്തമാക്കി. സർപ്രെെസായി ഗിഫ്റ്റുകൾ തരാറ് ശരത്കുമാറാണെന്ന് രാധിക പറയുന്നു. ആഭരണങ്ങൾ, യാത്രകൾ തുടങ്ങിയ സർപ്രെെസുകളെല്ലാം തന്നിട്ടുണ്ട്. രാത്രി വിളിക്കും. ഞാനൊരു സാധനം അയച്ചിട്ടുണ്ട്, അവർ ലേറ്റ് ആയി. നീ അത് പോയി വാങ്ങെന്ന് പറയും.

കതക് തുറക്കുമ്പോൾ ഇദ്ദേഹം അവിടെയുണ്ടാകും. ഈ കുടുംബത്തിൽ സർപ്രെെസുകൾ ഇഷ്ടപ്പെടാത്ത ആളാണ് ഞാൻ. ഇത് ചെയ്യരുതെന്ന് ഞാൻ പറയും. ഇദ്ദേഹത്തിനും വരുവിനും ( വരലക്ഷ്മി ) സർപ്രെെസ് നൽകുന്ന ശീലമുണ്ട്. ഈ കുടുംബത്തിന് വട്ടാണെന്ന് ഞാൻ പറയും. ഒരിക്കൽ ശരത്കുമാർ വലിയൊരു പാർട്ടി നടത്തി. അന്ന് താനിദ്ദേഹത്തെ വഴക്ക് പറഞ്ഞെന്നും രാധിക വ്യക്തമാക്കി.
ഇതേക്കുറിച്ച് ശരത്കുമാറും സംസാരിച്ചു. ഗിഫ്റ്റ് എന്നത് ഒരു എക്സ്പ്രഷനാണ്. എല്ലാ ദിവസവും നല്ല ദിവസമാണ്. ഒരു റോസാപ്പൂ നൽകിയാൽ പോലും അത് വലിയ കാര്യമാണെന്ന് ശരത്കുമാർ ചൂണ്ടിക്കാട്ടി. രണ്ട് വിവാഹ ബന്ധങ്ങൾ പരാജയപ്പെട്ട ശേഷമാണ് രാധികയുടെ ജീവിതത്തിലേക്ക് ശരത്കുമാർ കടന്ന് വരുന്നത്. അന്തരിച്ച നടൻ പ്രതാപ് പോത്തനാണ് രാധികയുടെ ആദ്യ ഭർത്താവ്. ശരത്കുമാറും രാധികയും ഇപ്പോഴും സിനിമാ രംഗത്ത് സജീവമാണ്.


Click it and Unblock the Notifications