'ആ പാട്ടിന് കൂവൽ കിട്ടി... ഞാൻ അവിടെയിരുന്ന് വിറച്ചു.... ഇത്രയും മണ്ടന്മാരാണോ ആളുകൾ എന്നൊക്കെ തോന്നി'
വർഷങ്ങൾക്കുശേഷം നാളെ ദേവദൂതൻ റീ റിലീസിന് ഒരുങ്ങുകയാണ്. ഒട്ടുമിക്ക സിനിമാ മോഹികളും റീ മാസ്റ്റഡ് വേർഷൻ വരണമെന്ന് ആഗ്രഹിച്ച ചിത്രം കൂടിയാണ് ദേവദൂതൻ. പലരും ഇന്നും ദേവദൂതൻ യുട്യൂബിലും മറ്റും കാണുമ്പോൾ ആശ്ചര്യത്തോടെ ചോദിക്കുന്ന ഒരു കാര്യം ഈ സിനിമ എങ്ങനെ പരാജയപ്പെട്ടുവെന്നാണ്. ഇനിയൊരാൾക്കും അതുപോലൊരു സിനിമ ചെയ്യാൻ സാധിച്ചെന്ന് വരില്ല. പലരും റീ വാച്ച് ചെയ്യുന്ന സിനിമയാണ് കൾട്ട് ക്ലാസിക്കെന്ന് വിശേഷിപ്പിക്കാവുന്ന ദേവദൂതൻ.
ഇപ്പോഴിതാ സിനിമയിലെ എൻ ജീവനേ എങ്ങാണു നീ എന്ന പാട്ടിന് തിയേറ്ററിൽ കൂവൽ ലഭിച്ച സംഭവം വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് രഘുനാഥ് പലേരിയും നിഖിൽ മഹേശ്വറായി വേഷമിട്ട നടനും സംവിധായകനുമായ വിനീത് കുമാറും.

എൻ ജീവനേ എങ്ങാണു നീ എന്ന പാട്ടിന് തിയേറ്ററിൽ കൂവൽ ലഭിച്ചതോടെ തിയേറ്ററുടമകൾ തന്നെ ഈ പാട്ട് സിനിമയിൽ നിന്നും കട്ട് ചെയ്താണ് പ്രദർശിപ്പിച്ചിരുന്നതെന്നും ഇരുവരും പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ഇരുപതുകളുടെ തുടക്കത്തിൽ അഭിനയിച്ച സിനിമയെ കുറിച്ച് ആദ്യം സംസാരിച്ചത് നടൻ വിനീതാണ്.
ദേവദൂതൻ റീ റിലീസിന് എത്തുമ്പോൾ എന്റെ മക്കൾക്കൊപ്പം സിനിമ കാണാൻ പോകുന്നുവെന്ന എക്സൈറ്റ്മെന്റുണ്ട്. എൻ ജീവനേ എങ്ങാണു നീ എന്ന പാട്ടിന് കൂവൽ കിട്ടിയതുകൊണ്ട് തിയേറ്ററുകാർ ആ പാട്ട് സിനിമയിൽ നിന്നും ഒഴിവാക്കിയാണ് പ്രദർശിപ്പിച്ചിരുന്നത്. പക്ഷെ സിബി സാറൊന്നും അത് അറിഞ്ഞിട്ട് പോലുമില്ല. പക്ഷെ ആ പാട്ടായിരുന്നു ആ സിനിമയുടെ ആത്മാവ്.
ഈ സിനിമയിലെ പാട്ടുകളുടെ ഭാഗമാകാൻ എനിക്ക് സാധിച്ചല്ലോ എന്നതാണ് എന്റെ ഏറ്റവും വലിയ എക്സൈറ്റ്മെന്റ്. മഹേശ്വർ എന്ന കഥാപാത്രത്തിന് രഘു ചേട്ടൻ കൃത്യമായ ഡീറ്റെയ്ലിങ് കൊടുത്തിരുന്നു. പക്ഷെ എനിക്ക് സ്ക്രീൻ സ്പേസ് കുറവാണ്. എന്നാലും ഇന്നും ആളുകളുടെ മനസിൽ ആ കഥാപാത്രം നിൽക്കുന്നത് എഴുത്തിന്റേയും ആ ക്രാഫ്റ്റിന്റെയും ഭംഗികൊണ്ടാണെന്നാണ് വിനീത് പറയുന്നത്.
ദേവദൂതൻ തനിക്ക് ഒരു പരാജയപ്പെട്ട സിനിമയല്ലെന്നാണ് രഘുനാഥ് പലേരി പറയുന്നത്. കാലത്തിന് മുമ്പേ ദേവദൂതൻ സഞ്ചരിച്ചു... പിറകെ സഞ്ചരിച്ചു എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. ആ സിനിമയുടെ ഭാവം ഉൾക്കൊള്ളുന്നവർ തിയേറ്ററിലേക്ക് വരാതിരുന്നതാകാം അന്ന് സിനിമ പരാജയപ്പെടാനുള്ള കാരണങ്ങളിൽ ഒന്ന്. ഒരു സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കുമ്പോൾ നൂറുപേർ കാണാൻ എത്തിയിട്ടുണ്ടെങ്കിൽ.

നൂറ് പേരും നൂറ് സിനിമയാകും കണ്ടിട്ടുണ്ടാവുക. ആരും കാണാതിരിക്കേണ്ട സിനിമയാണ് ദേവദൂതനെന്ന് ഇന്നും എനിക്ക് തോന്നിയിട്ടില്ല. അങ്ങനെയായിരുന്നുവെങ്കിൽ 24 വർഷം പിന്നിട്ടിട്ടും ആരും ഇതിനെ കുറിച്ച് ചർച്ച ചെയ്യുമായിരുന്നില്ല. ദേവദൂതൻ എനിക്ക് പരാജയപ്പെട്ട സിനിമയല്ല. ആ സിനിമ ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നത് ഞങ്ങൾക്ക് അഭിമാനമാണ്.
അന്ന് എറിഞ്ഞ കല്ല് ഇന്നാണ് കൊള്ളുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. അതുപോലെ എൻ ജീവനേ എങ്ങാണു നീ എന്ന പാട്ടിന് തിയേറ്ററിൽ അന്ന് കൂവൽ കിട്ടിയിരുന്നു. അന്ന് ഞാൻ അവിടെയിരുന്ന് വിറച്ചു. ഇത്രയും മണ്ടന്മാരാണോ ആളുകൾ എന്നൊക്കെ തോന്നി. കൂടാതെ മോഹൻലാൽ കഥാപാത്രത്തോട് ജയപ്രദ മാപ്പ് പറയുന്ന സീനിന്റെ സമയത്ത് തിയേറ്ററിൽ പലരും അവശബ്ദമുണ്ടാക്കി.
അങ്ങനെയൊക്കെയുള്ള അനുഭവം എനിക്ക് ആദ്യമായിരുന്നു. മുമ്പ് തമാശരൂപത്തിലുള്ള പരിഹാസങ്ങൾ മാത്രമാണ് ഞാൻ കേട്ടിട്ടുള്ളത്. ഇത്തരത്തിലുള്ളത് ദേവദൂതൻ പ്രദർശിപ്പിച്ചപ്പോഴാണ് അനുഭവിക്കുന്നത്. ഒരു ഫ്രഷ് ഫിലിമാണ് ദേവദൂതൻ എന്നത് എനിക്ക് ഇപ്പോൾ തോന്നുന്നുണ്ടെന്നും രഘുനാഥ് പലേരി പറയുന്നു.


Click it and Unblock the Notifications











