'രഘുവരൻ മൂലം രക്ഷപ്പെട്ട പലരും വന്ന് കരഞ്ഞു, ആത്മാർത്ഥ സുഹൃത്തായിട്ടും രജിനികാന്ത് വന്നില്ല'; നടന്റെ അമ്മ!
ശബ്ദത്തിന്റെ പ്രത്യേകതകൊണ്ട് അറിയപ്പെട്ട നടനായിരുന്നു രഘുവരൻ. മലയാള സിനിമയിലൂടെയാണ് രഘുവരൻ ചലച്ചിത്ര ലോകത്തെ തന്റെ അഭിനയയാത്ര തുടങ്ങിയത്. 26 വർഷത്തെ കരിയറിൽ മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിൽ നായകനും വില്ലനുമായി ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
മികച്ച വില്ലന്മാരുടെ ലിസ്റ്റെടുത്താൽ അതിൽ മുന്നിൽ തന്നെയുണ്ടാകും രഘുവരന്റെ പേര്. 1979 മുതൽ 1983 വരെ ചെന്നൈ കിങ്സ് എന്ന നാടക സംഘത്തിൽ അംഗമായിരുന്ന രഘുവരൻ. ഒരു മനിതനിൻ കഥ എന്ന തമിഴ് സീരിയലിലൂടെയാണ് ശ്രദ്ധേയനായത്.
കക്കയാണ് ആദ്യമായി അഭിനയിച്ച മലയാള സിനിമ. ഏഴാവതു മനിതനാണ് തമിഴിലെ ആദ്യ ചിത്രം. ആദ്യകാലത്ത് മലയാളത്തിലുൾപ്പടെ ചില സിനിമകളില്‍ നായകനായെങ്കിലും വലിയ വിജയങ്ങൾ നേടിയില്ല. തുടർന്നാണ് വില്ലൻ, ക്യാരക്ടർ റോളുകളിൽ സജീവമായത്. ഇതിൽ ബാഷയിലെ ആന്റണി രഘുവരന്റെ എവർഗ്രീൻ ഹിറ്റുകളിലൊന്നായി.

വിവിധ ഭാഷകളിലായി 300ല്‍ ഏറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും രഘുവരനിലെ നടനെ ഉപയോഗിക്കത്തക്ക കഥാപാത്രങ്ങൾ ഇവയിൽ കുറവായിരുന്നു. രഘുവരന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം എന്ന് പലരും വിശേഷിപ്പിക്കുന്നത് ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ദൈവത്തിന്റെ വികൃതികളിലെ ഫാദർ അൽഫോൺസാണ്. ഇതിലൂടെ മികച്ച നടനുള്ള കേരള സർക്കാറിന്റെ അവാർഡും അദ്ദേഹത്തിന് ലഭിച്ചു.
ഷൂട്ടിങ്ങിനിടെ ഭക്ഷണം കഴിക്കാൻ പലപ്പോഴും രഘുവരൻ തയാറാകുമായിരുന്നില്ലത്രേ. കഴിക്കാനിരുന്നാൽ അതുവരെ കിട്ടിയ എനർജിയെല്ലാം പോകും എന്നാണ് അദ്ദേഹം പറയുക. തീരും വരെ ചായ മാത്രം കുടിച്ച് സിഗരറ്റും വലിച്ചിരിക്കും. അൾസറും ഡയബറ്റിസുമൊക്കെയായിരുന്നു അതിന് രഘുവിന് കിട്ടിയ പ്രതിഫലം.
മനിതൻ, മുത്തു, ശിവാജി, ഭീമ, ബാഷ, അമർക്കളം, ഉല്ലാസം, സൂര്യമാനസം, കവചം, മുതൽവൻ, മജ്നു, റൺ, റെഡ് തുടങ്ങി വിവിധ ഭാഷകളിലായി ശ്രദ്ധേയ ചിത്രങ്ങളിൽ രഘുവിന്റെ സാന്നിധ്യമുണ്ട്. 1996 ൽ നടി രോഹിണി രഘുവരന്റെ ഭാര്യയായെങ്കിലും 2004ൽ ഇവർ പിരിഞ്ഞു. ഋഷിവരനാണ് മകൻ. സായ് ഋഷി എന്നായിരുന്നു രഘു മകനിട്ട പേരെങ്കിലും ഋഷിവരൻ എന്ന് മകൻ അത് മാറ്റുകയായിരുന്നു.
നിരവധി ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു രഘുവരന്റെ അന്ത്യം. അമിതമായ ലഹരി ഉപയോഗം അതിന്റെ പ്രധാന കാരണങ്ങളിലൊന്നായത്രേ. വിവാഹമോചനവും ബന്ധുക്കളിൽ നിന്നുള്ള അകൽച്ചയും അദ്ദേഹത്തെ അമിതമായ മദ്യപാനത്തിലേയ്ക്കും മയക്കുമരുന്ന് ഉപയോഗത്തിലേയ്ക്കും നയിക്കുകയായിരുന്നു.

ഒടുവിൽ 2008 മാർച്ച് 19ന് 49ആം വയസിൽ രഘുവരൻ മരിച്ചു. രഘുവരൻ എന്ന അതുല്യപ്രതിഭയുടെ വേർപാട് സംഭവിച്ച് 15 വർഷം പിന്നിടുമ്പോൾ നടന്റെ അമ്മ പറഞ്ഞ ചില വാക്കുകളാണ് ശ്രദ്ധനേടുന്നത്. രഘുവരന്റെ മരണ വാർത്ത അറിഞ്ഞ് നിരവധി പേർ വന്നിരുന്നുവെങ്കിലും ആത്മാർത്ഥ സുഹൃത്തായ രജിനികാന്ത് മാത്രം വന്നില്ലെന്നാണ് അമ്മ പറയുന്നത്.
പിന്നീട് ഈ വിഷയത്തിൽ രജിനികാന്തിന് താൻ കത്തെഴുതി എങ്കിലും പിന്നീട് പോസ്റ്റ് ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അമ്മ പറയുന്നു. 'രഘുവരന്റെ മരണശേഷം ഞാൻ നടൻ രജിനികാന്തിന് കത്തെഴുതി. എന്നാൽ കത്ത് പോസ്റ്റ് ചെയ്തിട്ടില്ല.'
'കത്തിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു... നിങ്ങളും രഘുവരനും അടുത്ത സുഹൃത്തുക്കളായിരുന്നു. പക്ഷെ നിങ്ങൾ അവന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ വന്നില്ല. രഘുവരനോടൊപ്പം അഭിനയിച്ച പലരും വന്നിരുന്നു. അതുപോലെ രഘുവരൻ സഹായിച്ച പലരും വന്ന് കരഞ്ഞുവെന്നുമെല്ലാമാണ് എഴുതിയിരുന്നതെന്നും', അമ്മ പറയുന്നു.
വില്ലനായി അഭിനയിച്ചിരുന്ന രഘുവരൻ യഥാർത്ഥ ജീവിതത്തിൽ പക്ഷെ നായകനായിരുന്നു. ബധിരരും മൂകരുമായ ആളുകൾക്ക് ശസ്ത്രക്രിയ നടത്തുന്നതിനായി അദ്ദേഹം തന്റെ ശമ്പളത്തിൽ നിന്ന് ധാരാളം ചിലവഴിച്ചിരുന്നു.


Click it and Unblock the Notifications











