എട്ട് മാസം പുറത്തറിയിച്ചില്ല; ഒടുവിൽ മകൾ ചോദിച്ചു; മുത്തശ്ശനായതിൽ പേടി തോന്നിയെന്ന് റഹ്മാൻ
കൂടെവിടെ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നടനാണ് റഹ്മാൻ. 1983 ൽ പുറത്തിറങ്ങിയ സിനിമ സംവിധാനം ചെയ്തത് പത്മരാജനായിരുന്നു. മലയാള സിനിമയ്ക്ക് സുമുഖനായ നടനെ കൂടെവിടെയിലൂടെ ലഭിച്ചു. പിന്നീടങ്ങോട്ട് റഹ്മാൻ തരംഗം തന്നെ സിനിമാ രംഗത്ത് അലയടിച്ചു. റൊമാന്റിക് ഹീറോയായി നിരവധി സിനിമകളിൽ റഹ്മാൻ തിളങ്ങി. കാണാമറയത്ത് എന്ന സിനിമയിലെ ഒരു മധുരക്കിനാവിൻ ലഹരിയിൽ എന്ന് തുടങ്ങുന്ന ഗാനവും ഗാനത്തിലെ റഹ്മാന്റെ ചുവടുകൾ ഇന്നും ആരാധക മനസ്സിൽ നിലനിൽക്കുന്നു.
16ാം വയസ്സിൽ അഭിനയ രംഗത്തേക്ക് കടന്ന് വന്ന റഹ്മാന് കുറേക്കാലം കരിയറിൽ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. എന്നാൽ കാലക്രമേണ റഹ്മാന്റെ താരമൂല്യം കുറഞ്ഞു. നടനെ സിനിമാ രംഗത്ത് നിന്ന് ഒതുക്കിയാണെന്ന് അന്ന് പല അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാൽ അതെല്ലാം തെറ്റായ വാദങ്ങളാണെന്നാണ് റഹ്മാൻ പറയുന്നത്.
വിവാഹ ശേഷം കുടുംബ ജീവിതത്തിന് പ്രാധാന്യം കൊടുത്തു. കരിയറിൽ ശ്രദ്ധയോടെ നീങ്ങിയില്ലെന്നും റഹ്മാൻ തുറന്ന് പറയുന്നു. അന്നും ഇന്നും നിരവധി പേർ റഹ്മാന് ആരാധകരായുണ്ട്. അമ്പത്തഞ്ച്കാരനായ റഹ്മാനെ ഇന്നും പഴയ ചുറുചുറുക്കുള്ള ചെറുപ്പക്കാരനായി കാണാനാണ് ആരാധകർ ഇഷ്ടപ്പെടുന്നത്.

ഇക്കഴിഞ്ഞ പെരുന്നാൾ ദിനത്തിലാണ് കൊച്ചുമകനൊപ്പമുള്ള ഫോട്ടോ റഹ്മാൻ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് ഫോട്ടോ വൈറലായി. അയാൻ റഹ്മാൻ നവാബ് എന്നാണ് കൊച്ചുമകന്റെ പേര്. നടന്റെ മകൾ റുഷ്ദയുടെ മകനാണിത്. 2021 ഡിസംബറിലാണ് റുഷ്ദയും കൊല്ലം സ്വദേശി അൽതാഫ് നവാബുമായുള്ള വിവാഹം നടന്നത്. അലീഷ എന്ന മകൾ കൂടി റഹ്മാനുണ്ട്. കൊച്ച് മകനൊപ്പമുള്ള ഫോട്ടോ പുറത്ത് വിട്ടതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് റഹ്മാൻ. മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
'മകൾ കല്യാണം കഴിച്ചു. പെട്ടെന്ന് അവൾ പ്രസവിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാനൊന്ന് ഞെട്ടി. കുഴപ്പമില്ല, ഞാൻ സന്തോഷത്തിലായിരുന്നു. പക്ഷെ ഇത്ര നേരത്തെ വേണമായിരുന്നോ എന്നൊക്കെയായിരുന്നു എനിക്ക്. ഞാനിതെങ്ങനെ കൈകാര്യം ചെയ്യുമെന്ന്. ഇനി അതും കാണിച്ചാൽ അടുത്ത സംവിധായകൻ വല്ല മുത്തശ്ശന്റെ ക്യാരക്ടറുമായി വന്നാലോ എന്നൊക്കെ ഞാൻ പേടിച്ചിരുന്നു. എട്ട് മാസം വരെ പിടിച്ചിരുന്നു. പെരുന്നാൾ വന്നു. മോളും മോളുടെ ഭർത്താവും കൊച്ചിന്റെ ഫോട്ടോ പുറത്ത് വിട്ടു'
'മോളെന്നോട് ചോദിച്ചു എന്താണ് ഫോട്ടോ പോസ്റ്റ് ചെയ്യാത്തതെന്ന്. ഞാൻ പിന്നെ എന്താണ് പറയുക. ഞാനങ്ങ് പോസ്റ്റ് ചെയ്തു' ഇൻഡസ്ട്രിയിൽ മമ്മൂക്കയും ഞാനുമാണ് ഗ്രാന്റ് ഫാദറായത്. അതിന്റെ വിഷമം എനിക്കുണ്ടെന്നും റഹ്മാൻ തമാശയോടെ പറഞ്ഞു. മെഹ്റുന്നീസയെന്നാണ് റഹ്മാന്റെ ഭാര്യയുടെ പേര്.

എആർ റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയാണ് മെഹറുന്നീസ. സിനിമകളിൽ നേരത്തെ വന്നെന്ന തോന്നൽ തനിക്കുണ്ടെന്ന് റഹ്മാൻ പറയുന്നു. സിനിമാ തിരക്കുകളിലായതിനാൽ കുടുംബവുമായി അടുത്ത് നിൽക്കാൻ പറ്റിയില്ല. അതിനാൽ തന്നെ വിവാഹം കഴിഞ്ഞപ്പോൾ കുടുംബത്തിന് വലിയ പ്രാധാന്യം നൽകിയെന്നും റഹ്മാൻ പറഞ്ഞു.
സിനിമാ ലോകത്ത് ഇപ്പോൾ നടക്കുന്ന വിവാദങ്ങളെക്കുറിച്ചും റഹ്മാൻ സംസാരിച്ചു. അഭിനേതാക്കളുടെ നിരുത്തരവാദപരമായ സമീപനം അംഗീകരിക്കാനാവില്ലെന്ന് റഹ്മാൻ വ്യക്തമാക്കി. സിനിമകളിൽ പഴയത് പോലെയുള്ള ഒത്ത് ചേരലില്ല. എല്ലാവരും ഷോട്ടിന് ശേഷം കാരവാനിലാണെന്നും നടൻ അഭിപ്രായപ്പെട്ടു. പൊന്നിയിൻ സെൽവനാണ് റഹ്മാന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വൻ താരനിര അണിനിരന്ന സിനിമയിൽ പ്രധാന വേഷങ്ങളിലൊന്നാണ് റഹ്മാൻ ചെയ്തത്.


Click it and Unblock the Notifications