നായകന് ലഭിക്കുന്ന മര്യാദ; വില്ലനായി ആദ്യമായി സെറ്റിലെത്തിയപ്പോൾ; തുറന്ന് പറഞ്ഞ് റഹ്മാൻ
എൺപതുകളിൽ സെൻസേഷനായി മാറിയ റഹ്മാൻ ഇന്നും സിനിമാ രംഗത്ത് സജീവമാണ്. മലയാളത്തിലേക്കാളും തമിഴിലാണ് റഹ്മാൻ ഇന്ന് സജീവം. വില്ലൻ വേഷങ്ങളിലും സഹനായക വേഷങ്ങളിലുമാണ് റഹ്മാനെ ഇന്ന് തമിഴ് സിനിമകളിൽ കാണുന്നത്. എന്നാൽ പ്രാധാന്യം കുറഞ്ഞ കഥാപാത്രമായി റഹ്മാനെ കാണാൻ നടന്റെ മലയാളി ആരാധകർക്ക് താൽപര്യമില്ല. അത്രമാത്രം താരത്തിളക്കം ഒരുകാലത്തുണ്ടായിരുന്ന നടനാണ് റഹ്മാൻ. മോഹൻലാലിനേക്കാളും മമ്മൂട്ടിയേക്കാളും വലിയ തരംഗം റഹ്മാന് മോളിവുഡിൽ ഒരു കാലത്ത് ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.
പ്രഗൽഭരായ നിരവധി ഫിലിം മേക്കേർസിനൊപ്പം റഹ്മാൻ അക്കാലത്ത് അഭിനയിച്ചു. മറ്റ് നായക നടൻമാരിൽ നിന്നും വ്യത്യസ്തമായി ചെറിയ പ്രായത്തിൽ തന്നെ റഹ്മാന് താരത്തിളക്കം ലഭിച്ചു. എന്നാൽ പിന്നീട് കരിയറിൽ പരാജയങ്ങളും റഹ്മാനെ തേടി വന്നു. റഹ്മാന്റെ വീഴ്ചയ്ക്ക് കാരണം പ്രമുഖ നടനെന്ന് ഗോസിപ്പുകൾ വന്നെങ്കിലും റഹ്മാൻ ഇത്തരം പ്രചരണങ്ങൾ നിഷേധിച്ചു.

കരിയറിനെ പലപ്പോഴും ഗൗരവമായി കണ്ടിരുന്നില്ലെന്ന് റഹ്മാൻ തുറന്ന് സമ്മതിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ സിനിമയ്ക്കപ്പുറം കുടുംബജീവിതത്തിലേക്ക് പൂർണ ശ്രദ്ധ നൽകുകയായിരുന്നെന്നും നടൻ വ്യക്തമാക്കി. നായക നിരയിൽ നിന്നും വില്ലൻ വേഷങ്ങളിലേക്ക് മാറിയ കാലഘട്ടത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് റഹ്മാനിപ്പോൾ. തുടക്കത്തിൽ ഈ മാറ്റം തനിക്ക് ഉൾക്കൊള്ളാൻ പറ്റിയിരുന്നില്ലെന്ന് റഹ്മാൻ തുറന്ന് പറഞ്ഞു.
ആദ്യമായി നെഗറ്റീവ് വേഷം ചെയ്യുമ്പോൾ എതിരി എന്ന സിനിമയിലാണ്. മാധവന്റെ സിനിമ. അന്ന് അത് ഉൾക്കൊള്ളാൻ പറ്റിയില്ല. പൊതുവെ ഹീറോ സെറ്റിലേക്ക് പോകുമ്പോൾ കൊടുക്കുന്ന മര്യാദകളുണ്ട്. വില്ലനായി വരുമ്പോൾ കുറച്ച് വ്യത്യാസമുണ്ടാകും. അത്തരം സന്ദർഭങ്ങൾ ഒരുപാട് കണ്ടിട്ടുണ്ട്. പുതുമുഖ നായകന് ലഭിക്കുന്ന പ്രാധാന്യം പോലും പലപ്പോഴും മുതിർന്ന നടൻമാർക്ക് ലഭിക്കില്ല. കാരണം അവർ സിനിമയിലെ ഹീറോയാണ്. പക്ഷെ ബിസിനസ് ചെയ്യുന്നത് എന്റെ പേരിലായിരിക്കും. ഹീറോയിൽ നിന്ന് ഇടി വാങ്ങി വീഴുന്നതൊക്കെ ഉൾക്കൊള്ളാനും കുറച്ച് സമയമെടുത്തെന്ന് റഹ്മാൻ തുറന്ന് പറഞ്ഞു.

തന്നെക്കുറിച്ച് വന്ന ഗോസിപ്പുകളെക്കുറിച്ചും റഹ്മാൻ സംസാരിച്ചു. എൺപതുകളിൽ ഞാൻ ഏത് നടിയുടെ കൂടെ അഭിനയിച്ചാലും ഗോസിപ്പുകൾ വരും. ഞാനത് ജോളിയായെടുത്തു. എന്റെ ഫ്ലേർട്ടിംഗിൽ അതൊക്കെ സഹായിച്ചു. പക്ഷെ തുടക്കത്തിൽ അച്ഛനും അമ്മയും ഇതെല്ലാം വായിക്കുമോ എന്നോർത്ത് പ്രതികരിക്കുമായിരുന്നു. എനിക്കന്ന് 16-17 വയസാണ്.
പിന്നീട് സീനിയർ നടൻമാർ ഉപദേശിച്ചു. അതൊന്നും കാര്യമാക്കേണ്ട, നിനക്ക് മാർക്കറ്റുള്ളതിനാൽ ഗോസിപ്പുകൾ എഴുതുന്നെന്ന് പറഞ്ഞെന്നും റഹ്മാൻ ഓർത്തു. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ തനിക്കൊരു നടിയുമായി പ്രണയമുണ്ടായിരുന്നെന്ന് റഹ്മാൻ തുറന്ന് പറഞ്ഞിട്ടുണ്ട്. കൂടെവിടെ എന്ന സിനിമയിലൂടെയാണ് റഹ്മാൻ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്.
1983 ൽ പുറത്തിറങ്ങിയ സിനിമ സംവിധാനം ചെയ്തത് പത്മരാജനാണ്. പതിനാറാം വയസിലാണ് റഹ്മാൻ അഭിനയത്തിൽ തുടക്കം കുറിക്കുന്നത്. 56 കാരനായ റഹ്മാൻ ഇന്ന് മുത്തശ്ശനാണ്. അടുത്തിടെയാണ് റഹ്മാന്റെ മകൾ റുഷ്ദയ്ക്ക് മകൻ പിറന്നത്. അയാൻ റഹ്മാൻ നവാബ് എന്നാണ് റഹ്മാന്റെ കൊച്ചുമകന്റെ പേര്. ഗണപത് ആണ് റഹ്മാന്റെ പുതിയ ചിത്രം. ടൈഗർ ഷെറോഫ് നായകനായെത്തുന്ന സിനിമയിൽ കൃതി സനോനാണ് നായിക.


Click it and Unblock the Notifications