'എനിക്കോ മറ്റുള്ള താരങ്ങൾക്കോ പ്രതീക്ഷയുണ്ടായിരുന്നില്ല, പക്ഷെ മമ്മൂക്കയ്ക്ക് നല്ല കോൺഫിഡൻസായിരുന്നു'
രാജമാണിക്യം സിനിമ കാണാത്തവരായി ആരും കാണില്ല. രാജമാണിക്യം എന്ന പേര് കേട്ടാൽ ആദ്യം ഓർമ്മ വരുന്നത് ഒരുപക്ഷെ മമ്മൂക്കയുടെ ആ കറുത്ത കണ്ണടയും കളർ ജുബ്ബയും കറുത്ത മുണ്ടും ധരിച്ചുള്ള വരവും തള്ളേ കലിപ്പ് തീരണില്ലല്ലോ എന്ന ഡയലോഗും ആയിരിക്കും. മമ്മൂട്ടിയുടെ രാജമാണിക്യത്തിന്റെ ഡയലോഗുകളെല്ലാം ഒട്ടുമിക്ക മലയാളികൾക്കും കാണാപാഠമാണ്. ടി.എ ഷാഹിദിന്റെ കഥയ്ക്ക് അദ്ദേഹം തന്നെ തിരക്കഥ രചിച്ച് അൻവർ റഷീദ് എന്ന ഹിറ്റ് സംവിധായകൻ ആദ്യമായി സംവിധാനം ചെയ്ത ആക്ഷൻ ഡ്രാമ ചിത്രമാണ് രാജമാണിക്യം.
മാസ് മസാല ചിത്രങ്ങളോട് കമ്പമുള്ളവരുടെ ലിസ്റ്റിൽ ഒന്നാമതാണ് രാജമാണിക്യത്തിന്റെ സ്ഥാനം. പാട്ടും ഡാൻസും പഞ്ച് ഡയലോഗും ത്രില്ലും തമാശയും സെന്റിമെന്റ്സുമെല്ലാമായി ഒട്ടും ലാഗില്ലാതെ ഇന്നും രാജമാണിക്യം ആസ്വദിച്ച് കാണാൻ സാധിക്കും. ചിത്രം പറയുന്നത് ബെല്ലാരി രാജയുടെ കഥയാണ്.

രാജരത്നം പിള്ള എന്ന വലിയൊരു പണക്കാരന്റെ ആദ്യരാത്രിയിൽ ഒരു കുട്ടി വന്ന് അവന്റെ അമ്മയെ തിരക്കുന്നു... പക്ഷെ ആ അമ്മ അവനെ അറിയില്ലെന്ന് പറയുന്നതും അതിനിടെ വർഷങ്ങൾക്ക്ശേഷം രാജരത്നം പിള്ളയുടെ കാലശേഷം അദേഹത്തിന്റെ മക്കളുടെ വഴക്ക് കൂടുതൽ വഷളാവുന്നത് കണ്ട് അവരെ നേരെയാക്കാൻ ബെല്ലാരിയിൽ നിന്നും ഒരു പോത്തുകച്ചവടക്കാരനായ ബെല്ലാരി രാജ എത്തുന്നതാണ് കഥാസാരം.
രാജമാണിക്യമായി മമ്മൂക്ക തിരുവനന്തപുരം ഭാഷയിൽ പൂണ്ട് വിളയാടിയ ചിത്രത്തിൽ രാജരത്നം പിള്ളയായി സായി കുമാറും രാജു എന്ന കഥാപാത്രമായി റഹ്മാനും മല്ലി എന്ന കഥാപാത്രമായി പദ്മപ്രിയയും അഭിനയിച്ചിരിക്കുന്നു. ഈ ചിത്രം മലയാള ഇൻഡസ്ട്രിയൽ വൻ ഹിറ്റായിരുന്നു. വെറും രണ്ടര കോടിക്ക് നിർമിച്ച ഈ ചിത്രം ഇരുപതിച്ച് കോടിയോളം നേടിയാണ് യാത്ര അവസാനിപ്പിച്ചത്.
പിന്നീട് സിനിമ മറ്റുള്ള ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു. തുടക്കം മുതൽ അവസാനം വരെ മമ്മൂട്ടിക്കൊപ്പം നടക്കുന്ന വളരെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു റഹ്മാന്റേത്. എന്നാൽ താൻ ആ സിനിമയിൽ അഭിനയിക്കുമ്പോൾ സിനിമയുടെ ഭാവി ഓർത്ത് ഒട്ടും കോൺഫിഡന്റായിരുന്നില്ലെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ റഹ്മാൻ പറഞ്ഞത്.
ഏറ്റവും കൂടുതൽ കോൺഫിഡൻസ് ഉണ്ടായിരുന്നത് മമ്മൂട്ടിക്ക് മാത്രമാണെന്നും റഹ്മാൻ പറയുന്നു. മമ്മൂട്ടി-റഹ്മാൻ കോമ്പിനേഷനിൽ ഏറ്റവും കൂടുതൽ റിപ്പീറ്റ് വാല്യുവുള്ള സിനിമ കൂടിയായിരുന്നു രാജമാണിക്യം. 'സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ഒരു സിനിമയാണ് രാജമാണിക്യം. അതിൽ വർക്ക് ചെയ്യുന്ന സമയത്ത് എനിക്കോ എന്റെ കൂടെ വർക്ക് ചെയ്തിരുന്ന മറ്റ് സഹനടന്മാർക്കോ ഈ വിജയം സിനിമയ്ക്കുണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല.'

'എന്താ ഈ സിനിമയുടെ പ്ലോട്ട് ഇങ്ങനെ പോകുന്നേ... ഒരു തമിഴ് സ്റ്റൈലിലാണല്ലോ സിനിമ പോകുന്നെ എന്നൊക്കെയുള്ള ചിന്തയായിരുന്നു ഞങ്ങൾക്ക്. സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ എനിക്ക് തോന്നുന്നു ഈ പടം വിജയിക്കുമെന്ന് ആകെ കോൺഫിഡൻസുണ്ടായിരുന്നത് മമ്മൂക്കയ്ക്ക് മാത്രമാണ്. പക്ഷെ എനിക്കൊന്നും തോന്നിയിരുന്നില്ല.'
'പടം പക്ഷെ റോറിങ് സക്സസ് അല്ലേ...', എന്നാണ് രാജമാണിക്യം സിനിമയെ കുറിച്ച് സംസാരിച്ച് റഹ്മാൻ പറഞ്ഞത്. റഹ്മാന്റെ വീഡിയോ വൈറലായതോടെ നിരവധി രാജമാണിക്യം സിനിമ ആരാധകർ കമന്റുമായി എത്തി. ഒരു വരവ് കൂടി വന്നുകൂടെ..? രാജമാണിക്യം 2? എന്നാണ് ഒരാൾ ചോദിച്ചത്.
ഒട്ടും ലാഗില്ലാത്ത ഹൈലി എന്റർടെയ്നിങ് ആയിട്ടുള്ള സിനിമയാണ് രാജമാണിക്യം എന്നാണ് മറ്റൊരാൾ കുറിച്ചത്. മുമ്പും നിരവധി സിനിമകളിൽ മമ്മൂട്ടിയും റഹ്മാനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. രവി പുത്തൂരാനായി റഹ്മാൻ തകർത്ത കൂടെവിടെയിൽ നായകൻ മമ്മൂട്ടിയായിരുന്നു. ബ്ലാക്ക്, ഭാർഗവചരിതം മൂന്നാംഘട്ടം തുടങ്ങി നിരവധി സിനിമകളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











