സന്തോഷത്തോടെ കഴിഞ്ഞവരെ പിരിക്കേണ്ടിയിരുന്നില്ല; എന്നെ വിഷമത്തിലേക്ക് പോകാൻ പോലും അനുവദിക്കില്ലായിരുന്നു; രഹ്ന!
കലാഭവൻ നവാസ് എന്ന കലാകാരൻ ഈ ഭൂമിയോട് വിട പറഞ്ഞിട്ട് നാല് മാസം പിന്നിടുന്നു. വളരെ അപ്രതീക്ഷിതമായ ഒരു മരണ വാർത്തയായിരുന്നു നടന്റേത്. ഷൂട്ടിങിനായി പോയ നടനെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിനായിട്ടായിരുന്നു ചോറ്റാനിക്കരയിൽ നവാസ് എത്തിയത്. ഹൃദയാഘാതമായിരുന്നു മരണം കാരണം.
അമ്പത്തൊന്നുകാരനായ നവാസ് ഫിറ്റ്നസിന് വളരെ അധികം പ്രാധാന്യം കൊടുത്തിരുന്ന വ്യക്തിയായിരുന്നു. ഭക്ഷണത്തിലും വ്യായാമത്തിലും എല്ലാം കൃത്യനിഷ്ഠ പാലിക്കുകയും ചെയ്തിരുന്നു. അങ്ങനൊരാൾക്ക് എങ്ങനെ ഇത്തരത്തിൽ ഒരു മരണം വന്നുവെന്നതാണ് ജനങ്ങളെ ഒന്നാകെ സങ്കടപ്പെടുത്തിയത്. മൂന്ന് പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ ഭാര്യ രഹ്നയെ ഏൽപ്പിച്ചാണ് കലാഭവൻ നവാസ് പോയത്.

നടന്റെ വേർപാട് വാർത്ത പുറത്തുവന്നപ്പോൾ എല്ലാവരുടേയും മനസിലേക്ക് ആദ്യം ഓടി വന്നത് രഹ്നയുടേയും മക്കളുടേയും മുഖമാണ്. നവാസെന്ന് പറഞ്ഞാൽ ജീവനാണ് നാലുപേർക്കും. മാതൃകാ ദമ്പതികളെന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ ദാമ്പത്യം നയിച്ചിരുന്നവരാണ് നവാസും രഹ്നയും. നവാസിന്റെ മരണശേഷം അദ്ദേഹത്തോടൊപ്പമായിരുന്നപ്പോഴുണ്ടായിരുന്ന മനോഹരമായ ഓർമകളും വീഡിയോകളുമെല്ലാം എല്ലാം മക്കൾ ഇടയ്ക്കിടെ സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ടായിരുന്നു.
എന്നാൽ രഹ്നയുടെ അവസ്ഥ എന്താണെന്നതിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. വാപ്പിച്ചിയുടെ മരണം അറിഞ്ഞശേഷം ഉമ്മച്ചി തകർന്നുപോയിരുന്നുവെന്നും ഒരുപാട് പേരുടെ പ്രാർത്ഥനകൾ കൊണ്ടാണ് ഇപ്പോഴും ഉമ്മച്ചി ജീവനോടെ ഇരിക്കുന്നത് എന്നുമാണ് മക്കൾ ഒരിക്കൽ രഹ്നയെ കുറിച്ച് എഴുതി പോസ്റ്റ് ചെയ്തത്.
പ്രിയതമന്റെ വേർപാട് സംഭവിച്ച് നാല് മാസം പിന്നിടുമ്പോൾ ആദ്യമായി സോഷ്യൽമീഡിയയിൽ ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് രഹ്ന. കലാഭവൻ നവാസിനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് രഹ്ന കുറിച്ചത് ഇങ്ങനെയാണ്... എന്നെ വിഷമത്തിലേയ്ക്ക് പോകാൻ പോലും അനുവദിക്കില്ലായിരുന്നു... എന്നായിരുന്നു രഹ്നയുടെ വാക്കുകൾ.
ഒപ്പം മുമ്പൊരിക്കൽ നവാസിനൊപ്പം ബീച്ചിൽ പോയപ്പോൾ പകർത്തിയ വീഡിയോയും രഹ്ന പങ്കിട്ടു. കടലിലെ തിരയെണ്ണി ആലോചനകൾ മുങ്ങി മൂകയായി ഇരിക്കുന്ന രഹ്നയുടെ അടുത്തേക്ക് മനോഹരമായ ഒരു പാട്ടും മൂളി എത്തുന്ന നവാസിനെ വീഡിയോയിൽ കാണാം. ഉള്ളുപൊള്ളിക്കുന്ന രഹ്നയുടെ പോസ്റ്റ് ഇരുവരുടേയും ഫോളോവേഴ്സിന്റെയും കണ്ണുകൾ നനയിപ്പിച്ചു. നിരവധി പേരാണ് നവാസിന്റെ ആത്മാവിന് ആത്മശാന്തി നേർന്നും രഹ്നയെ ആശ്വസിപ്പിച്ചും എത്തിയത്.

ജനഹൃദയങ്ങളിൽ നവാസ് ഇന്നും ജീവിക്കുന്നു എന്നാണ് ചിലർ കുറിച്ചത്. രഹ്ന സന്തോഷത്തോടെ ഇരിക്കൂ... അപ്പോൾ അദ്ദേഹത്തിൻ്റെ ആത്മാവിനും സന്തോഷം ഉണ്ടാവും, എന്റെ ജീവിതം എടുത്തിട്ട് പാവം നവാസിക്കയെ ഇവിടെ ജീവിക്കാൻ വിടാമായിരുന്നു ഈശ്വരന്. എനിക്ക് സന്ദേശങ്ങൾ ഇല്ല... പക്ഷെ സന്തോഷമായി ജീവിക്കുന്നവരെ പിരിക്കേണ്ടായിരുന്നു എന്നിങ്ങനെ കുറിച്ചവരുമുണ്ട്. രഹ്നയും നവാസും പ്രണയിച്ച് വിവാഹിതരായവരായിരുന്നു.
നവാസ് ഷൂട്ടിങിനായി പോകുമ്പോൾ ആ കുറച്ച് ദിവസത്തേക്കെങ്കിലും പിരിഞ്ഞ് താമസിക്കുന്നത് ഇരുവരേയും വേദനിപ്പിച്ചിരുന്നു. എത്ര ദൂരത്തേക്ക് പോയാലും കഴിവതും വേഗം രഹ്നയുടേയും മക്കളുടേയും അടുത്ത് മടങ്ങി എത്തുന്നതിലായിരുന്നു നവാസിനും സന്തോഷം. നവാസിനെ എപ്പോഴും കൺ നിറയെ കണ്ടുകൊണ്ടും സംസാരിച്ചുകൊണ്ടും ഇരിക്കാനുള്ള ആഗ്രഹം മൂലം പകൽ തന്നെ രഹ്ന ഉറങ്ങാൻ പോലും അനുവദിക്കില്ലായിരുന്നുവെന്ന് നവാസ് തന്നെ ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
രഹ്ന അത്രത്തോളം നവാസിനെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. ഇന്ന് മുന്നോട്ട് ജീവിക്കാൻ രഹ്നയെ പ്രേരിപ്പിക്കുന്ന ഘടകം നവാസിന്റെ മൂന്ന് മക്കളാണ്. അടുത്തിടെ മുതലാണ് സിനിമയിൽ വീണ്ടും നല്ല നല്ല വേഷങ്ങൾ നവാസിന് ലഭിച്ച് തുടങ്ങിയത്. മരണത്തിന് മുമ്പ് ഇരുവരും ഒരുമിച്ച് ഇഴ എന്നൊരു സിനിമയിൽ അഭിനയിക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











