'ആറ് വർഷത്തിന് ശേഷം ഒരു കുഞ്ഞ് പിറന്നു... പ്രാർത്ഥനകൾ ഉണ്ടാവണം...'; വീണ്ടും മകൻ പിറന്ന സന്തോഷത്തിൽ രാഹുൽ ഈശ്വർ
സമകാലിക വിഷയങ്ങളിൽ തൻ്റെതായ നിലപാടുകൾ തുറന്നുപറയുകയും അത് സമർത്ഥിക്കുകയും ചെയ്ത് എപ്പോഴും വാർത്തകളിലും വിവാദങ്ങളിലും നിറഞ്ഞ് നിൽക്കുന്നയാളാണ് രാഹുൽ ഈശ്വർ.
ടെലിവിഷൻ അവതാരകനായി കരിയർ ആരംഭിച്ച രാഹുൽ ഈശ്വറിനെ റിയാലിറ്റി ഷോകളിലൂടെയും ചാനൽ ചർച്ചകളിലൂടെയുമാണ് കൂടുതൽ മലയാളികൾക്കും പരിചിതനാകുന്നത്. ചില സിനിമകളിലും മുഖം കാണിച്ചിട്ടുള്ള രാഹുൽ അവതാരകയായ ദീപയെയാണ് വിവാഹം ചെയ്തത്. ഇരുവരുടെയും ഒരു പ്രണയ വിവാഹമായിരുന്നു.
ആദ്യത്തെ കുഞ്ഞ് പിറന്നതോടെ ദീപ ലൈം ലൈറ്റിൽ നിന്നും വിട്ടുനിൽക്കുകയാണ്. പക്ഷെ യുട്യൂബ് ചാനൽ വഴിയും സോഷ്യൽമീഡിയ വഴിയും ദീപ വിശേഷങ്ങൾ പങ്കിടാറുണ്ട്. ഇപ്പോഴിതാ രാഹുലിനും ദീപയ്ക്കും ഒരു കുഞ്ഞ് കൂടി പിറന്നിരിക്കുകയാണ്.

രാഹുൽ ഈശ്വറാണ് രണ്ടാമത് ഒരു മകൻ കൂടി പിറന്നുവെന്ന വിവരം ആരാധകരെ അറിയിച്ചത്. വീട്ടിലെ പുതിയ അംഗത്തിനൊപ്പമുള്ള ചിത്രവും രാഹുൽ സോഷ്യൽമീഡിയയിൽ പങ്കിട്ടു. 'ഒരു കുഞ്ഞുണ്ടായ വിവരം സസന്തോഷം അറിയിക്കുന്നു. യുഗ് രാഹുൽ ഈശ്വർ എന്നാണ് പേര്. യാഗ് (പാച്ചു) വിന്റെ സഹോദരൻ. അമ്മ ദീപയും കുഞ്ഞും സുഖമായിരിക്കുന്നു.'
'എല്ലാ അനുഗ്രഹവും പ്രാർത്ഥനകളും ഉണ്ടാകണം', എന്നാണ് രാഹുൽ ഈശ്വർ കുറിച്ചത്. ഊർമിള ഉണ്ണിയും ഒമർ ലുലുവും അടക്കമുള്ള താരങ്ങളും ആരാധകരുമെല്ലാം രാഹുലിനും ദീപയ്ക്കും ആശംസകൾ നേർന്ന് എത്തി. ആറ് വർഷത്തിന് ശേഷമാണ് ഇരുവർക്കും വീണ്ടും ഒരു കുഞ്ഞ് പിറന്നിരിക്കുന്നത്.
പ്രസവകാലത്തെ വിശേഷങ്ങളും മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം ദീപ സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു. വളരെ സിംപിളായി ചുവപ്പ് സാരിയിലാണ് ദീപ മെറ്റേണിറ്റി ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. ദീപയുടെയും രാഹുലിന്റെയും വീട്ടിൽ തന്നെവെച്ചാണ് ഫോട്ടോഷൂട്ട് നടന്നതും.
വലിയ ആഢംബരങ്ങൾ ഇല്ലാതെ സിംപിൾ ലുക്കിൽ മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തിയ ദീപയെ ആരാധകരും അഭിനന്ദിച്ചിരുന്നു. ബിഗ് ബോസ് താരവും സംരംഭകയുമായ ശോഭ വിശ്വനാഥ് അടക്കമുള്ളവരും നിറവയറിലിരിക്കുന്ന ദീപയെ കാണാൻ എത്തിയിരുന്നു. 'ആദ്യം ഗർഭിണി ആയപ്പോൾ എല്ലാവരോടും പറയാൻ ഒരു വെമ്പലായിരുന്നു. നല്ല എക്സൈറ്റഡ്.'

'എന്നാൽ രണ്ടാമത് ഗർഭിണിയായപ്പോൾ ഇമ്പോർട്ടൻസ് കുറച്ചതാണോയെന്ന് അറിയില്ല. പാച്ചുക്കുട്ടനാണ് ഞങ്ങളുടെ ലോകം. വീട്ടിൽ ഒരു യൂണിറ്റ് തന്നെ ഞങ്ങൾ അവനായി ഡെക്കറേറ്റ് ചെയ്തിരുന്നു. മൂത്ത മകന് ഇത്രയും പ്രാധാന്യം കൊടുത്തു. എന്നാൽ രണ്ടാമത്തെ കുഞ്ഞ് വരുന്നത് പോലും ഞാൻ ആരോടും പറഞ്ഞതുമില്ല.'
'എനിക്ക് ഒരു കുറ്റബോധം തോന്നി അതിൽ. എനിക്ക് അത് തെറ്റ് പറ്റിയതാണോയെന്ന്. രണ്ടുകുട്ടികൾ ഉള്ള നിങ്ങൾ പറയൂ അങ്ങിനെ ആയിരുന്നോ നിങ്ങൾക്കും. ആദ്യ ആള് വന്നപോലെ രണ്ടാമത്തെ ആളും ആ സ്ഥാനം നമ്മുടെ മനസിൽ നേടും എന്നാണ് എല്ലാവരും പറയുന്നത്. പക്ഷെ എനിക്ക് അറിയില്ല.'
'ആളുകൾ ചോദിച്ചപ്പോഴാണ് ഞാൻ ഇതിനെ കുറിച്ച് ചിന്തിച്ചത് തന്നെ', എന്നാണ് ഗർഭിണിയാണെന്ന വിവരം ആദ്യമായി യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയപ്പോൾ ദീപ പറഞ്ഞത്. രാഹുൽ ഈശ്വറിന്റെ നിലപാടുകളോട് എങ്ങനെയാണ് താൻ പ്രതികരിക്കാറുള്ളതെന്ന് അടുത്തിടെ ദീപ പറഞ്ഞിരുന്നു. താൻ സംസാരിക്കുമ്പോൾ രാഹുൽ കൺഫ്യൂഷനുണ്ടാക്കി സമ്മതം വാങ്ങിക്കുമെന്നാണ് ദീപ പറഞ്ഞത്.
'ചേട്ടന്റെ അഭിപ്രായങ്ങള്‍ കേട്ട് ഞാന്‍ എതിര്‍പ്പ് പ്രകടിപ്പിക്കാറുണ്ട്. ചേട്ടന്‍ പറയുന്നതെല്ലാം പിന്നീട് ശരിയായി വരാറുണ്ട്. അങ്ങനെയാണ് ഞാനും അനുകൂലിച്ച് തുടങ്ങിയത്. ശബരിമല വിഷയത്തില്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചത് ചേട്ടനായിരുന്നു. ചേട്ടന്‍ നിയമം പഠിക്കാന്‍ വൈകിയെന്നാണ് എന്റെ അഭിപ്രായം', എന്നാണ് ദീപ പറഞ്ഞത്.


Click it and Unblock the Notifications