എല്ലാം മോഹന്‍ലാല്‍ അറിഞ്ഞ് തന്നെ! ആ സ്‌നേഹവും സംരക്ഷണവും ദിലീപിനുണ്ട്! ഭഭബയെക്കുറിച്ച് രാഹുല്‍ ഈശ്വര്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെയാണ് ദിലീപിന്റെ ഭഭബ തിയേറ്ററുകളിലേക്കെത്തിയത്. ഈ സിനിമ കാണില്ല എന്നുള്ള ബഹിഷ്‌ക്കരണ ഭീഷണികള്‍ നിലനില്‍ക്കവെയായിരുന്നു സിനിമയുടെ വരവ്. ദിലീപിനൊപ്പമായി മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനുമെല്ലാം അണിനിരന്നിരുന്നു. മോഹന്‍ലാല്‍ എന്തിന് ഈ സിനിമയില്‍ അഭിനയിച്ചു എന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ദിലീപിനെ കുറ്റവിമുക്തനാക്കുന്നതിന് മുന്‍പായിരുന്നു സിനിമയുടെ ചിത്രീകരണം. ദിലീപ് ഈ ചെയ്തത് ശരിയായില്ല എന്നായിരുന്നു വിമര്‍ശനങ്ങളെല്ലാം. സിനിമയെ സിനിമയായി കാണുക എന്നായിരുന്നു സിനിമാപ്രവര്‍ത്തകരുടെ നിലപാട്. മോഹന്‍ലാലും സമാനമായ അഭിപ്രായക്കാരനായിരുന്നു. പ്രമോഷന്‍ പരിപാടികളൊന്നും ഇല്ലാതിരുന്നതിനാല്‍ സോഷ്യല്‍മീഡിയയിലൂടെയായി വിശേഷങ്ങളെല്ലാം പങ്കിടാനായിരുന്നു അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്,
ട്രെയിലറും, പാട്ടും, ചിത്രങ്ങളുമെല്ലാം പങ്കിടുമ്പോഴും മോഹന്‍ലാലിന്റെ പേജിലൂടെ വേണ്ടെന്നായിരുന്നു ദിലീപിന്റെ തീരുമാനം. ഞാന്‍ കാരണം അദ്ദേഹം കൂടി പഴി കേള്‍ക്കേണ്ട കാര്യമില്ലല്ലോ. സൈബര്‍ ബുള്ളിയിംഗിന് അദ്ദേഹത്തെ ഇട്ട് കൊടുക്കുന്നത് പോലെയായിപ്പോവില്ലേ ഇത് എന്നായിരുന്നു ദിലീപിന്റെ ചിന്ത. അങ്ങനെയൊന്നും ചിന്തിക്കരുത്, എല്ലാം എന്റെ പേജിലൂടെ വിട്ടോളൂ എന്നായിരുന്നു മോഹന്‍ലാല്‍ ആന്റണിയോട് പറഞ്ഞതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഭഭബ സിനിമയെക്കുറിച്ചുള്ള രാഹുല്‍ ഈശ്വറിന്റെ വിലയിരുത്തലുകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് അദ്ദേഹം കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഭയം ഭക്തി ബഹുമാനം, ദിലീപിന്റെ രാജകീയമായ തിരിച്ചുവരവാണ്. സിനിമയെക്കുറിച്ചുള്ള അഭിപ്രായവും, അതിനകത്തുള്ള പവര്‍ പ്ലേയെക്കുറിച്ചുമാണ് ഞാന്‍ പറയുന്നത്. സിനിമയ്ക്ക് അതിന്റേതായ ഗുണവും ദോഷങ്ങളുമുണ്ട്. കഥയുടെ ത്രെഡ് രസമുള്ളതാണ്, പക്ഷേ, സ്‌ക്രിപ്റ്റിന് ലോജിക്കില്ല. അതുകൊണ്ട് തന്നെയാണ് നോ ലോജിക്ക്, ഓണ്‍ലി മാഡ്‌നെസ് എന്ന് ആദ്യം തന്നെ എഴുതി കാണിക്കുന്നത്. തിരക്കഥയടക്കമുള്ള കാര്യങ്ങളില്‍ കുറേക്കൂടി വ്യക്തത വരുത്താമായിരുന്നു. ഓവറോള്‍ ഒരു രസമുണ്ട്്. മാസ് എന്റര്‍ടൈനറാണ്. ഒരു നായിക കൂടി ആവാമായിരുന്നു എന്ന അഭിപ്രായം എനിക്കുണ്ട്. മാസ് ബോയ്‌സ് ക്ലബ് എന്നൊക്കെ പറയുന്നത് ഒരു പവര്‍ പ്ലേ കാണിക്കാനായിരിക്കും.
തന്റെ നിരപരാധിത്വത്തക്കുറിച്ച് പറയേണ്ട പല കാര്യങ്ങളും ദിലീപ് ഇതിലൂടെ ഇന്‍ഡയറക്ടായി പറയുന്നുണ്ട്. ഒരു കോണ്‍ഗ്രസിന്റെ രാഷ്ട്രീയം, അവരുടെ തിരിച്ചുവരവിനുള്ള സാധ്യതയും കാണിക്കുന്നുണ്ട്. രസകരമായി തന്നെ കാര്യങ്ങള്‍ പറഞ്ഞ് വെച്ചിട്ടുണ്ട്. മലയാളം സംസാരിക്കുന്നൊരു തെലുങ്ക് പടം എന്ന് വേണമെങ്കില്‍ പറയാം. ദിലീപിന്റെ പെര്‍ഫോമന്‍സ് വളരെ നല്ലതാണ്. ലാലേട്ടനോടുള്ള ദിലീപിന്റെ സ്‌നേഹവും ബഹുമാനവും അതുപോലെ തന്നെ കാണിച്ചിട്ടുണ്ട്. സിനിമയില്‍ പവര്‍ഗ്രൂപ്പുകളുണ്ടല്ലോ, ദിലീപായിരുന്നല്ലോ ഒരുകാലത്ത് മലയാള സിനിമ അടക്കിഭരിച്ചിരുന്നത്.
മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി ഇവരൊക്കെ വേറൊരു ലെവലാണ്. ഇവര്‍ക്ക് താഴെയുള്ളവര്‍ തമ്മിലാണ് പ്രശ്‌നങ്ങളും, ഈഗോയുമൊക്കെ. ദിലീപിന് ശേഷമായി പൃഥ്വിരാജും ആസിഫ് അലിയുമൊക്കെയാണ് അടുത്ത ഗ്രൂപ്പില്‍. മോഹന്‍ലാലാണ് ഇവരുടെയെല്ലാം സെന്റര്‍ അഥവാ ടില്‍ട്ടിംഗ് ഫാക്ടര്‍. മോഹന്‍ലാല്‍ ദിലീപിനെ പ്രൊട്ടക്ട് ചെയ്തു എന്ന മെസേജ് ഇതിലൂടെ പറയാതെ പറഞ്ഞിട്ടുണ്ട്. ഒരു കുറ്റവും ചെയ്യാതെ ദിലീപിനെ പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണ്. 85 ദിവസം അദ്ദേഹം ജയിലില്‍ കഴിഞ്ഞു. ഒരുപാട് അനുഭവിച്ചു അദ്ദേഹം. മലയാളികള്‍ക്ക് ഇനിയും അദ്ദേഹത്തെ വേണം എന്നതിനുള്ള തെളിവാണ് ഭഭബയുടെ വിജയം എന്നുമായിരുന്നു രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.


Click it and Unblock the Notifications











