മീന ചേച്ചി മരിച്ച ശേഷം വീട്ടിൽ പോയപ്പോൾ, എന്റെ തലവര എന്താണ് ഇങ്ങനെയെന്ന് പരിഭവം പറയുമായിരുന്നു; സഹപ്രവർത്തകർ
അന്തരിച്ച നടി മീനയെ അറിയാത്ത മലയാളികളുണ്ടാകില്ല. അത്രമാത്രം ശ്രദ്ധേയമായ വേഷങ്ങൾ മീന സിനിമകളിൽ ചെയ്തിട്ടുണ്ട്. മരിച്ചിട്ട് വർഷങ്ങൾക്കിപ്പുറവും മീന ചെയ്ത കഥാപാത്രങ്ങൾ പ്രേക്ഷരകരുടെ മനസിലുണ്ട്. മീനയെക്കുറിച്ച് സംവിധായകൻ രാജസേനൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പഴയ കാലത്ത് സിനിമാ ലോകത്തുണ്ടായിരുന്ന സൗഹൃദങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് ഇദ്ദേഹം മീനയെക്കുറിച്ച് പരാമർശിച്ചത്.
മീന ചേച്ചി മരിച്ച ശേഷം ചേച്ചിയുടെ വീട്ടിൽ ചെന്നിരുന്നു. മരണ സമയത്തെ ചിത്രങ്ങളുടെ ആൽബമുണ്ടായിരുന്നു. ശാരദാമ്മ, ജയഭാരതി ചേച്ചി, വിധുബാല എന്നിവരൊക്കെ ചേച്ചിയുടെ ബോഡിൽ വീണ് കിടന്ന് കരയുകയാണ്. അങ്ങനെയൊന്നും സിനിമയിൽ വേറെ ഞാൻ കണ്ടിട്ടില്ല. അത്രയും സൗഹൃദമായിരുന്നു ആ കാലഘട്ടത്തിൽ സിനിമയിൽ. സത്യസന്ധമായ സ്നേഹം. സഹോദര ബന്ധം അക്കാലത്ത് സിനിമാ ലോകത്ത് സഹപ്രവർത്തകർ തമ്മിലുണ്ടായിരുന്നെന്ന് രാജസേനൻ പറഞ്ഞു. മീനയെക്കുറിച്ച് അന്തരിച്ച തിരക്കഥാരൃത്ത് ജോൺ പോളും ഒരിക്കൽ സംസാരിച്ചിട്ടുണ്ട്.

വ്യക്തി ബന്ധങ്ങളോട് ഇത്രയേറെ ഊഷ്മളമായ ബന്ധത പുലർത്തിയ അഭിനേത്രിമാരുണ്ടാകില്ല. സിനിമകളിൽ അവസരങ്ങൾ നോക്കി സൗഹൃദം പുലർത്തിയ ആളല്ല മീനയെന്നും അന്ന് ജോൺ പോൾ പറഞ്ഞു. വർഷങ്ങളോളം തിരക്കഥകളിൽ അവരുടെ കഥാപാത്രങ്ങൾ ഇല്ലാതിരുന്നപ്പോഴും തുടർച്ചയായി നാലഞ്ച് സിനിമകളിൽ അവർ കഥാപാത്രങ്ങളായി കടന്ന് വന്നപ്പോഴും ആദ്യം കണ്ടുമുട്ടി പരിചയപ്പെട്ടപ്പോൾ കാണിച്ച അതേ വാത്സല്യവും അതേ കരുതലും അതേ സ്നേഹവും അണുവിട പോലും ഊഷ്മളത നഷ്ടപ്പെടുത്താതെ മീന പ്രകടിപ്പിച്ചിരുന്നു. എവിടെ വെച്ച് കണ്ടാലും എന്നോട് എന്റെ കുടുംബത്തെക്കുറിച്ച് ചോദിക്കും.
മകളുടെ വളർച്ചയെക്കുറിച്ച് ചോദിക്കും. അത്രയേറെ എന്റെ കുടുംബവുമായി അവർക്ക് പരിചയം ഇല്ല. എങ്കിൽ പോലും എന്റെ
കുടുംബത്തെക്കുറിച്ച് അന്വേഷിച്ച് അറിഞ്ഞ് അതിൽ എവിടെയെങ്കിലും എനിക്ക് ക്ലേശങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അതിലെ ഉത്കണ്ഠയും ഒരു കാപട്യവുമില്ലാതെ അവർ പ്രകടിപ്പിച്ചിരുന്നു. അതിൽ ഔപചാരികതയുടെ പുറം മേനികൾ ഇല്ല. ഇത്രയും നേരും നെറിയുമുള്ള മീനയ്ക്ക് വെള്ളിത്തിരയിൽ ലഭിച്ച കഥാപാത്രങ്ങളിൽ പകുതിയിലേറെയും നെഗറ്റീവ് കഥാപാത്രങ്ങളായിരുന്നെന്നും ജോൺ പോൾ അന്ന് ചൂണ്ടിക്കാട്ടി.

എന്റെ തലവര എന്താണ് ഇങ്ങനെ ആയിപ്പോയതെന്ന് അവർ അവരോട് തന്നെ പരിഭവം പറയുമായിരുന്നു. എപ്പോഴും ദുഷ്ട കഥാപാത്രങ്ങളായിരുന്നു. അപൂർവമായി നല്ല കഥാപാത്രങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരേ തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്ത് മടുത്തപ്പോഴാണ് എന്റെ തലവര എന്താണ് ഇങ്ങനെ ആയിപ്പോയതെന്ന് അവർ പറഞ്ഞത്.
അങ്ങനെയെങ്കിൽ പങ്കജവല്ലി ഇതിന്റെ എത്ര ഇരട്ടി ഉച്ചത്തിൽ പരിതപിക്കണം എന്ന് ഞാൻ ചോദിച്ചു. കാരണം പങ്കജവല്ലി സ്ഥാനമുറപ്പിച്ചത് പോരുകാരിയായ കഥാപാത്രമായിട്ടുണ്ട്. അതിന് മീന പറഞ്ഞ മനോഹരമായ മറുപടിയുണ്ട്. പങ്കജവല്ലി ചേച്ചിക്ക് ആളുകളോട് അങ്ങനെ തുറന്നിടപഴകുന്ന ശീലമില്ല. മാന്യമായി ജോലി ചെയ്ത് മാന്യമായി ഒതുങ്ങി നിൽക്കുന്നു. ഞാൻ മനസ് തുറന്ന് എല്ലാവരോടും ഇടപഴകുന്ന ആളല്ലേ എന്നായിരുന്നു മറുപടിയെന്നും ജോൺ പോൾ ഓർത്തു.
സിനിമകളില്ലാത്ത സഹപ്രവർത്തകർക്ക് വറുതിയുടെ നാളുകളിൽ ആശ്വസമായി മാറാൻ മീന തയ്യാറായി. പല സഹസംവിധായകരും സഹ ഛായാഗ്രഹകരും ജോലിയില്ലാത്ത സമയങ്ങളിൽ മീനാമ്മയെ ചെന്ന് കണ്ടാൽ ഒരു നേരത്തെ മലയാള ഭക്ഷണം ഉറപ്പ് എന്ന് പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. തനിക്കും അങ്ങനെ അനുഭവമുണ്ടെന്നും ജോൺ പോൾ ഓർത്തു.


Click it and Unblock the Notifications











