എന്റെ സിനിമ അന്ന് അവർക്ക് നിധിപോലെയായിരുന്നു, വലുതായി കാണും, സ്ത്രീ വിരുദ്ധത മനസിലാവുന്നില്ല; രാജസേനൻ!
സ്ത്രീവിരുദ്ധതയെ കുറിച്ച് സംസാരിക്കുന്നവർ എപ്പോഴും രാജസേനൻ സംവിധാനം ചെയ്ത ഞങ്ങൾ സന്തുഷ്ടരാണ് സിനിമയെ കുറിച്ചുള്ള പരാമർശങ്ങൾ വരാറുണ്ട്. സിനിമയിൽ പലയിടത്തും സ്ത്രീവിരുദ്ധ ഡയലോഗുകളും സീനുകളും ഉള്ളതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുമുണ്ട്. സിനിമയിൽ നായിക വേഷം ചെയ്ത നടി അഭിരാമിയും സിനിമയിൽ സ്ത്രീ വിരുദ്ധതയുള്ളതായി തോന്നിയെന്ന് തുറന്ന് പറയുകയും ഇപ്പോളാണ് ആ കഥാപാത്രം കിട്ടുന്നതെങ്കിൽ അത് ചെയ്യണോ വേണ്ടയോ എന്ന് ആലോചിക്കുമായിരുന്നുവെന്നും നടി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.
ആ കഥാപാത്രത്തോടല്ല ഞങ്ങൾ സന്തുഷ്ടരാണ് സിനിമയുടെ നറേഷനോട് വിയോജിപ്പുണ്ട് എന്നാണ് അഭിരാമി പറഞ്ഞത്. ഇപ്പോഴിതാ നടിക്ക് സംവിധായകൻ രാജസേനൻ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

അന്ന് ആ കഥാപാത്രം ഒരു നിധിപോലെ കണ്ട് സ്വീകരിച്ചയാളാണ് അഭിരാമിയെന്ന് രാജസേനൻ പറഞ്ഞു. അന്ന് ആ ആർട്ടിസ്റ്റിന് ഒരു നിധി കിട്ടിയതുപോലെയായിരുന്നു ആ സിനിമ. ഞാൻ എന്നെ സംവിധായകന്റെ കൂടെ അഭിനയിക്കാൻ കിട്ടിയ ഒരു ഭാഗ്യത്തെയും നിധി പോലെയും ആ കഥാപാത്രവും അവർക്ക് നിധി പോലെയുമായിരുന്നു. അന്ന് ആ കുട്ടിക്ക് പതിനാറോ പതിനേഴോ വയസേയുള്ളു.
കഥകേട്ടശേഷം എന്നോട് ചോദിച്ചത് എനിക്ക് ഇത് ചെയ്യാൻ പറ്റുമോ സാർ. ഇത്രയും ഹെവിയായി ഞാൻ അഭിനയിക്കുമോ? എന്നാണ്. ചെയ്യാൻ നീ തയ്യാറാണെങ്കിൽ നിന്നെകൊണ്ട് അത് ചെയ്യിപ്പിക്കേണ്ട ചുമതല എനിക്കാണ്. ഞാൻ ചെയ്യിച്ചോളാം എന്നാണ് ഞാൻ പറഞ്ഞത്. അത് ഒന്ന്. സിനിമയിലെ സീക്വൻസുകളെ കുറിച്ച് ആ ആർട്ടിസ്റ്റ് പറഞ്ഞതിനുള്ള മറുപടി കൂടി ഞാൻ പറയുന്നു.
കല്യാണം കഴിച്ച് കൊണ്ടുവന്നപ്പോൾ തന്നെ ഡിജിപിയുടെ മകളാണെന്ന ഈഗോ ആ കഥാപാത്രത്തിനുണ്ട്. ജയറാമിന്റെ കഥാപാത്രം ഒരു കോൺസ്റ്റബിളിന്റെ മകനാണ്. അതാണ് ആ നായിക കഥാപാത്രത്തിനുള്ള ഈഗോ. ജയറാമിന്റെ കഥാപാത്രം സഹോദരിമാരോട് കാണിക്കുന്ന സ്നേഹത്തിലും നായികയ്ക്ക് ജലസിയുണ്ട്. ഇതാണ് ആ വീട്ടിലെ അന്തരീക്ഷം. പറഞ്ഞ സമയത്ത് വീട്ടിൽ വരാതിരുന്ന ഭർത്താവ് മരിച്ചുപോയിയെന്ന് എല്ലാവരേയും നായിക കഥാപാത്രം വിളിച്ച് അറിയിക്കുന്ന രംഗങ്ങളും സിനിമയിലുണ്ട്.
ആ സിനിമയുടെ കഥ എന്റേതാണ്. ഒരു കഥാകാരൻ എന്ന നിലയ്ക്ക് എന്ത് സ്ത്രീ വിരുദ്ധതയാണ് അതിൽ ഉള്ളതെന്ന് ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല. അന്ന് ഒരു ആർട്ടിസ്റ്റ് എന്ന നിലയ്ക്ക് അവർക്ക് അതൊരു നിധിപോലെയായിരുന്നു. ഇപ്പോൾ അവർ കുറച്ചുകൂടി വലുതായി കാണുമായിരിക്കും എനിക്ക് അറിയില്ല.

അതുകൊണ്ട് ചെയ്യേണ്ടിയിരുന്നില്ല ആ റോൾ എന്ന് അവർക്ക് ഇപ്പോൾ വേണമെങ്കിൽ തോന്നാം. ഇനിയും ഉദാഹരണങ്ങൾ പറയാനുണ്ട് പക്ഷെ ഞാൻ പറയുന്നില്ല. ആ സിനിമ അന്ന് സൂപ്പർ ഹിറ്റായിരുന്നു. ആ നടിയോട് കഥ പറഞ്ഞ് പുറത്തിറങ്ങി വന്നപ്പോൾ എന്നോട് നിർമാതാവ് ചോദിച്ചു ആ കുട്ടി മതിയെന്ന് ഉറപ്പിച്ചോയെന്ന്. എനിക്ക് ഓക്കെയാണ്. സ്മാർട്ടല്ലേ എന്ന് ഞാൻ ചോദിച്ചു.
അപ്പോൾ അദ്ദേഹം ഒന്ന്, രണ്ട് കുറ്റങ്ങൾ പറഞ്ഞു. കഥാപാത്രത്തിനോട് പ്രണയമുണ്ടെങ്കിൽ അത് അവതരിപ്പിക്കുന്ന കലാകാരനേയും കലാകാരിയേയും ഏത് ലെൻസുകൾ ഉപയോഗിച്ചും ഷൂട്ട് ചെയ്യാൻ കഴിയും. ഞാൻ ആ കുട്ടിയുടെ ക്ലോസപ്പ്സ് മുഴുവൻ എടുത്തത് സൂം ലെൻസ് ഉപയോഗിച്ചാണ്. ലെൻസുകൾ ഉപയോഗിച്ച് എത്രത്തോളം ഒരു ആർട്ടിസ്റ്റിനെ നന്നാക്കാൻ പറ്റുമോ അത്രത്തോളം നന്നാക്കാൻ പറ്റും.
ആ കുട്ടിയുടെ സീനുകൾ കണ്ട് അന്ന് കുറ്റം പറഞ്ഞ നിർമാതാവ് പോലും അമ്പരന്നു. ആ കുട്ടിയെ അല്ലല്ലോ ഇത്. നിങ്ങൾക്ക് ഇങ്ങനെ മാറ്റിയെടുക്കാൻ പറ്റിയോ എന്നാണ് അദ്ദേഹം ചോദിച്ചത്. ഇത്രയെല്ലാം ചെയ്ത എളിയ സംവിധായകനെയാണ് ആ ആർട്ടിസ്റ്റ് ഇങ്ങനെ പറഞ്ഞത്. സ്ത്രീവിരുദ്ധതയും പുരുഷ വിരുദ്ധതയും എല്ലായിടത്തുമുണ്ട് എന്നും രാജസേനൻ പറയുന്നു.


Click it and Unblock the Notifications


