ഇന്നതിന് ഉത്തരം കൊടുക്കുന്നത് മണ്ടത്തരമെന്ന് ശ്വേത; അന്ന് അഭിരാമിക്കത് നിധിയായിരുന്നെന്ന് രാജസേനനും
പഴയ സിനിമകളിലെ പൊളിറ്റിക്കൽ കറക്നെട്സ് പരിശോധിക്കുന്നത് ഇന്ന് സോഷ്യൽ മീഡിയയിൽ പതിവാണ്. ഈ സിനിമകളിലെ സ്ത്രീ വിരുദ്ധതയും ചിലർ ചൂണ്ടിക്കാട്ടാറുണ്ട്. ഇതേക്കുറിച്ച് അടുത്തിടെ നടി അഭിരാമിയും സംസാരിക്കുകയുണ്ടായി. കരിയറിൽ വഴിത്തിരിവായ ഞങ്ങൾ സന്തുഷ്ടരായി എന്ന സിനിമ ഇന്നാണെങ്കിൽ അഭിനയിക്കുമോ എന്ന് ഉറപ്പില്ലെന്ന് അഭിരാമി തുറന്ന് പറഞ്ഞു. ഭർത്താവ് ഭാര്യയെ നന്നാക്കാൻ തെറ്റായ വഴികൾ സ്വീകരിക്കുന്നത് ശരിയല്ലെന്നും ഇത് പ്രകീർത്തിക്കുകയാണ് ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമ ചെയ്യുന്നതെന്നും അഭിരാമി അഭിപ്രായപ്പെട്ടു.
ഇതേക്കുറിച്ച് സിനിമയുടെ സംവിധായകൻ രാജസേനനും നടി ശ്വേത മേനോനും അമൃത ടിവിയിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
അന്ന് ആ കുട്ടിക്ക് (അഭിരാമി) ഞാനെന്ന സംവിധായകന്റെ സിനിമയിൽ അഭിനയിക്കാനായതും ആ കഥാപാത്രം ലഭിച്ചതും നിധി പോലെയായിരുന്നു.

അന്ന് ആ കുട്ടിക്ക് പതിനാറ് പതിനേഴോ വയസേ ഉള്ളൂ. കഥ കേട്ട് എന്നോട് ചോദിച്ചത്, സർ എനിക്കിത് ചെയ്യാൻ പറ്റുമോ സർ, ഇത്രയും ഹെവിയായി ഞാൻ അഭിനയിക്കുമോ എന്നാണ്. നി തയ്യാറാണെങ്കിൽ ചെയ്യിക്കേണ്ട ചുമതല എനിക്കാണ്, ഞാൻ ചെയ്യിച്ചോളാം എന്ന് പറഞ്ഞു. ഈ പറഞ്ഞ സ്വീക്വൻസിനൊരു മറുപടിയും വേണമല്ലോ എന്ന് പറഞ്ഞ രാജസേനൻ സിനിമയുടെ കഥയെക്കുറിച്ചും വിശദീകരിച്ചു.
ഭാര്യയും ഭർത്താവും സിനിമയ്ക്ക് പോകാൻ പ്ലാൻ ചെയ്യുന്നു. ആ കുട്ടിക്ക് ഒരു ഈഗോയുണ്ട്. അവൾ ഡിജിപിയുടെ മകളാണ്. ജയറാം കോൺസ്റ്റബിളിന്റെ മകനാണ്. ജയറാം സഹോദരിമാരോട് കാണിക്കുന്ന സ്നേഹത്തിൽ ഭാര്യക്ക് അസൂയ. ഇതാണ് ആ വീട്ടിലെ അന്തരീക്ഷം. സിനിമയ്ക്ക് പോകാൻ പ്ലാൻ ചെയ്തിട്ട് ടിക്കറ്റ് ബുക്ക് ചെയ്യും, കൃത്യമായി വരുമല്ലോ എന്ന് ഭാര്യ ചോദിക്കുന്നു. ചത്തില്ലെങ്കിൽ വരുമെന്ന് ജയറാം. ജയറാം വരാൻ ലേറ്റ് ആയി. ഈ കുട്ടി ഫോൺ എടുത്ത് സകല പത്ര ഓഫീസിലും ഭർത്താവ് മരിച്ച് പോയെന്ന് പറഞ്ഞു.

ഐപിഎസ് ഓഫീസറാണ്. വീട് മുഴുവൻ പൊലീസാണ്. അയാൾ വീട്ടിൽ വന്ന് കയറുമ്പോൾ കാണുന്ന രംഗമിതാണ്. അപ്പോൾ ഭർത്താവ് ഭാര്യയെ രണ്ട് തല്ലി. ഒരു കഥാകാരൻ എന്ന നിലയിൽ അതിൽ എന്ത് സ്ത്രീ വിരുദ്ധതയാണുള്ളതെന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല. അന്ന് ആർട്ടിസ്റ്റിന് അത് നിധിയാണ്. ഇപ്പോൾ വലുതായിക്കാണും. അതിനാൽ ചെയ്യേണ്ടായിരുന്നു എന്നൊക്കെ തോന്നുമെന്നും രാജസേനൻ വിമർശിച്ചു. അഭിരാമിയെ നായികയായിക്കിയപ്പോൾ നിർമാതാവ് താൽപര്യമില്ലായിരുന്നെന്നും രാജസേനൻ ഓർത്തു.
അഭിരാമിയുടെ അഭിപ്രായത്തെക്കുറിച്ച് ഷോയിൽ പങ്കെടുത്ത ശ്വേത മേനോനും സംസാരിച്ചു. ചെയ്ത പ്രൊജക്ടുകളെക്കുറിച്ച് തനിക്കൊരിക്കലും ഇത്തരം ചിന്തകൾ വന്നിട്ടില്ലെന്ന് ശ്വേത പറയുന്നു. കാമസൂത്ര ആഡ് ചെയ്യാൻ ഞാനിന്നും റെഡിയാണ്. കളിമണ്ണ് എന്ന സിനിമ ചെയ്തു.
അടുത്ത കളിമണ്ണ് ആകുമ്പോൾ പറയാമെന്ന് ഞാനിപ്പോൾ തമാശയ്ക്ക് പറയാറുണ്ട്. ഞാൻ ഒരു കാര്യത്തിലും പശ്ചാത്തപിക്കുന്ന ആളല്ല. നമ്മൾ അന്ന് പാഷനോടെ ചെയ്തതാണ്. ഇന്ന് അതേക്കുറിച്ച് എന്ത് വിചാരിക്കുന്നു എന്നതിന് ഉത്തരം കൊടുക്കുന്നത് തന്നെ മണ്ടത്തരമാണ്. തന്റെ തെറ്റുകളെയെല്ലാം താനിഷ്ടപ്പെടുന്നെന്നും ശ്വേത മേനോൻ പറഞ്ഞു.


Click it and Unblock the Notifications











