തെലുങ്കിലെ റിമി ടോമി; വിവാഹശേഷം ഭർത്താവിന്റെ നിബന്ധന; പാലക്കാട്ടുകാരി സുമയുടെ ജീവിതം
തെലുങ്കിൽ ഇന്ന് അറിയപ്പെടുന്ന അവതാരകയാണ് സുമ കനകല. മലയാളത്തിൽ റിമി ടോമി, രഞ്ജിനി ഹരിദാസ് തുടങ്ങിയവരെ പോലെ തെലുങ്കിലെ ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമാണ് സുമ. സിനിമകളുമായി ബന്ധപ്പെട്ട ഷോകൾ, ചാനലുകളിലെ ഗെയിം ഷോകൾ, സെലിബ്രിറ്റി അഭിമുഖങ്ങൾ തുടങ്ങി പല മേഖലകളിൽ സുമ പ്രവർത്തിക്കുന്നു. ഒരു കാലത്ത് സിനിമകളിൽ തുടരെ അഭിനയിച്ചിരുന്ന സുമ പിന്നീട് അഭിനയത്തിൽ സജീവമല്ലാതായി.
തെലുങ്ക് പ്രേക്ഷകരുടെ പ്രിയ താരമായ സുമ യഥാർത്ഥത്തിൽ മലയാളിയാണ്. പാലക്കാടാണ് സുമയുടെ മാതാപിതാക്കളുടെ സ്വദേശം. പ്രണവി നാരായണൻ കുട്ടി നായർ, വിമല എന്നിവരാണ് സുമയുടെ മാതാപിതാക്കൾ. റെയിൽവേ ഉദ്യോസ്ഥനായ അച്ഛന് സ്ഥലം മാറ്റം കിട്ടിയപ്പോഴാണ് സുമയും കുടുംബവും ഇന്നത്തെ തെലങ്കാനയിലേക്ക് എത്തുന്നത്. പിന്നീട് സുമ വളർന്നത് ഇവിടെയാണ്. അച്ഛന്റെയും അമ്മയുടെ ഏക മകളാണ് സുമ. വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷം ജനിച്ച മകൾ.

സുമയ്ക്ക് ആറ് മാസം പ്രായമുള്ളപ്പോഴാണ് കുടുംബം കേരളം വിട്ടത്. അതേസമയം അഭിനയ രംഗത്ത് സജീവമായിരുന്ന കാലത്ത് ന്യൂസ് പേപർ ബോയ്, ഓരോ വിളിയും കാതോർത്ത് തുടങ്ങിയ മലയാള സിനിമകളിൽ സുമ അഭിനയിച്ചിട്ടുണ്ട്. സിനിമാ കരിയറിന് സുമ വലിയ ശ്രദ്ധ കൊടുത്തിട്ടില്ല. സുമ അഭിനയിക്കുന്നതിനോട് ഭർത്താവിനും താൽപര്യം ഇല്ലായിരുന്നു.
നടൻ രാജീവ് കനകലെയെയാണ് സുമ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. 1999 ലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് മുമ്പ് രാജീവ് വെച്ച നിബന്ധനയെക്കുറിച്ച് സുമ മുമ്പ് സംസാരിച്ചിട്ടുണ്ട്. തന്നെ വിവാഹം കഴിക്കുകയാണെങ്കിൽ സിനിമകളിൽ അഭിനയിക്കുന്നത് നിർത്തണമെന്നാണ് രാജീവ് ആവശ്യപ്പെട്ടത്. ഈ ആവശ്യം സുമയ്ക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല.

രാജീവുമായി പിണങ്ങിയ സുമ രണ്ട് സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. എന്നാൽ പിന്നീട് കുടുംബം ഇടപെടുകയും ഇരുവരുടെ വിവാഹം നടത്തുകയും ചെയ്തു. രണ്ട് മക്കൾ ദമ്പതികൾക്ക് പിറന്നു. കുടുംബ ജീവിതത്തിലേക്ക് കടന്ന ശേഷം ഷോകളിലേക്ക് സുമ ശ്രദ്ധ നൽകി. ഇടിവി ചാനലിൽ സംപ്രേഷണം ചെയ്ത സ്റ്റാർ മഹിള എന്ന ഷോ സുമയ്ക്ക് വൻ ജനപ്രീതി നേടിക്കൊടുത്തു. സ്ത്രീ പ്രേക്ഷകരുടെ ഹൃദയം കവർന്ന ഷോ വലിയ ഹിറ്റായി.
ഇന്ന് ചാനൽ ഷോകളിലും, സിനിമകളുടെ ഇവന്റുകളിലും അവാർഡ് ഷോകളിലും ശ്രദ്ധേയ സാന്നിധ്യമാണ് സുമ. മലയാളി താരം റിമി ടോമിയെ പോലെ രസകരമായ സംസാരവും തമാശകളുമാണ് സുമയെ വ്യത്യസ്തയാക്കുന്നത്.
25 വർഷത്തെ ഇടവേള അവസാനിപ്പിച്ച് കഴിഞ്ഞ വർഷം ജയമ്മ പഞ്ചായത്തി എന്ന സിനിമയിലൂടെ നടി അഭിനയ രംഗത്തേക്ക് തിരിച്ചെത്തി.
എന്നാൽ ആങ്കറിംഗ് ജോലി സുമ ഉപേക്ഷിച്ചിട്ടില്ല. സിനിമയിലേക്കുള്ള തിരിച്ച് വരവിനെക്കുറിച്ച് മുമ്പൊരിക്കൽ താരം സംസാരിച്ചിട്ടുണ്ട്. മടങ്ങി വരവ് എപ്പോഴും ആഗ്രഹിച്ചിരുന്നു. എന്നാൽ ടെലിവിഷൻ രംഗത്തെ തിരക്ക് കാരണം അത് സാധിച്ചില്ല. ലോക് ഡൗണിന്റെ സമയത്താണ് സിനിമയിലേക്ക് ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞതെന്ന് സുമ വ്യക്തമാക്കി.
ഗെയിം ഷോകളാണ് തന്നെ എല്ലാ വീടുകളിലും സുപരിചിതയാക്കിയത്. ഈ ജനപ്രീതിയാണ് സിനിമയിലേക്ക് തിരിച്ച് വരാൻ സഹായിച്ചതും. മഹാമാരി കാലത്ത് വരുമാനം പ്രതിസന്ധിയിലായ സാഹചര്യത്തിന് ശേഷം അവതരണമായാലും സിനിമയായാലും ചെയ്യുന്ന ജോലിയിൽ തനിക്ക് മതിപ്പുണ്ടെന്നും സുമ വ്യക്തമാക്കി.


Click it and Unblock the Notifications











