എനിക്ക് മടുത്തെന്നാണ് വെങ്കിയോട് പറയാറ്; തലയണമന്ത്രത്തെക്കുറിച്ച് ശ്രീനിയങ്കിൾ പറഞ്ഞ അറിയാക്കഥ; രജിഷ
അനുരാഗകരിക്കിൻ വെള്ളം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നടിയാണ് രജിഷ വിജയൻ. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും രജിഷ വിജയനെ തേടിയെത്തി. ലവ്ഫുള്ളി യുവേർസ് വേദയാണ് നടിയുടെ ഏറ്റവും പുതിയ സിനിമ.
നവാഗതനായ പ്രഗേഷ് സുകുമാരനാണ് സിനിമയുടെ സംവിധായകൻ. വെങ്കിടേഷാണ് സിനിമയിലെ നായകൻ. സിനിമയെക്കുറിച്ചും തന്റെ കരിയറിനെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് രജിഷ വിജയൻ. ഇന്ത്യാ ഗ്ലിറ്റ്സിനോടാണ് പ്രതികരണം.
'ഓരോ വർഷം കഴിയുന്തോറും ഒരു വ്യക്തിയെന്ന നിലയിൽ നമ്മളിൽ മാറ്റം വരുമല്ലോ. അങ്ങനെയുള്ള മാറ്റമല്ലാതെ എനിക്ക് വന്നിട്ടില്ല. തെരഞ്ഞെടുക്കുന്ന സിനിമകളിൽ എന്റെ കഥാപാത്രത്തിന്റെ സമയം ഞാൻ പരിഗണിക്കുന്നില്ല. കാരണം അങ്ങനെയായിരുന്നെങ്കിൽ ജയ് ഭീമോ മലയൻ കുഞ്ഞോ ഞാൻ ചെയ്യില്ല'

'ഉള്ള സമയം കൊണ്ട് എന്ത് ചെയ്യാൻ പറ്റുന്നു, ആ കഥാപാത്രം സിനിമയിൽ എത്രമാത്രം പ്രധാനപ്പെട്ടതാണ്, ആ കഥാപാത്രം സ്ക്രിപ്റ്റിൽ നിന്ന് എടുത്ത് മാറ്റിയാൽ വർക്ക് ആവുമോയെന്ന് നോക്കും. ഒരു നായികാ കേന്ദ്രീകൃത സിനിമകൾ ലഭിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സിനിമയ്ക്ക് ബിസിനസ്പരമായ സൈഡുണ്ട്. ഒരു പടം വിജയിക്കുമ്പോഴേ പിന്നീട് വരുന്ന സിനിമകൾ ഓൺ ചെയ്യുക പോലുമുള്ളൂ'
'വ്യക്തിപരമായ കാര്യങ്ങൾ സ്വകാര്യമായി സൂക്ഷിക്കുന്നയാളാണ് ഞാൻ. കാരണം പബ്ലിക്കായ മീഡിയത്തിലാണ് നമ്മൾ വർക്ക് ചെയ്യുന്നത്. എന്ത് ചെയ്താലും നമ്മൾ പബ്ലികിന്റെ കണ്ണിലാണ്. ജോലി സംബന്ധമായി ചെയ്യാൻ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷെ സ്വകാര്യ ജീവിതം എന്റേത് മാത്രമാണ്. അതങ്ങനെ സംരക്ഷിച്ച് നിർത്താനാണ് എനിക്കിഷ്ടം'
'എനിക്ക് ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ളത് ഹ്യൂമറും റൊമാൻസുമാണ്. അത് കൊണ്ട് തന്നെ കോ ആക്ടേർസിനോടൊപ്പം കെമിസ്ട്രി ഉണ്ടാക്കാൻ എളുപ്പമാണ്. പുതുമുഖങ്ങളുടെ കൂടെ അഭിനയിക്കാൻ വളരെ രസമാണ്. ഒന്നുമറിയാതെ വരുന്നവരിൽ നിന്ന് നമുക്കും കുറേ പഠിക്കാനുണ്ടാവും. എക്സ്പീരിയൻസുള്ളവരുടെ കൂടെ വർക്ക് ചെയ്യുന്നത് ഒരു അനുഗ്രഹമാണ്'
'ശ്രീനിയങ്കിളിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ അങ്കിളും ഞാനും നല്ല കമ്പനിയാണ്. കൗണ്ടറിന്റെ രാജാവാണ്. ധ്യാൻ ചേട്ടനൊന്നുമല്ല. ധ്യാൻ ചേട്ടന്റെ പ്രൊ മാക്സാണ് ശ്രീനിയേട്ടൻ. വിനീതേട്ടൻ മാത്രമാണ് ഭയങ്കര ഡിഫറന്റായ ആൾ'
'ശ്രീനിയങ്കിൽ പഴയ കഥകൾ പറയും. തലയണമന്ത്രത്തിൽ ഉർവശി ചേച്ചി അവതരിപ്പിച്ച രീതി വേറെയായിരുന്നു. ഹ്യൂമറില്ലായിരുന്നു. പിന്നെ ശ്രീനിയങ്കിൾ ഇതിങ്ങനെ ചെയ്തൂടെയെന്ന് പറഞ്ഞപ്പോഴാണ് അത് മാറിയത്. അത്തരം കഥകളൊക്കെ കേട്ടിരിക്കാം'

'വേദയിലെ നായകൻ വെങ്കിയാണ്. വെങ്കിയുടെ കഥയാണ് സിനിമ. നായികയിലൂടെ കഥ പറയുന്നു എന്നേയുള്ളൂ. നന്നായിട്ട് തന്നെ വെങ്കി ചെയ്തിട്ടുണ്ട്. വെങ്കി സ്റ്റാർട്ട് ചെയ്യുന്നത് സ്റ്റാൻഡപ്പിൽ എന്റെ കൂടെയാണ്. എന്റെ കൂടെയുള്ള മൂന്നാമത്തെ സിനിമയാണിത്. എനിക്ക് മടുത്തെന്നാണ് ഞാനവനോട് പറയാറ്. നേരത്തെ വർക്ക് ചെയ്തവരുടെ കൂടെ വീണ്ടും വർക്ക് ചെയ്യുമ്പോൾ എക്ട്രാ എഫേർട്ട് വേണ്ടി വരില്ല'
'ഞാൻ ഡൽഹിയിലാണ് പഠിച്ചത്. പൈസക്കാരുടെ മക്കളുടെ കോളേജായിരുന്നു. ഓരോ ദിവസവും ഓരോ വണ്ടിയിലൊക്കെ വരുന്നവർ, ഞാൻ അത്യാവശ്യം നല്ല ദാരിദ്ര്യത്തിൽ നിന്ന് വരുന്നു. പക്ഷെ ഞാൻ അത്യാവശ്യം നന്നായി പഠിക്കുമായിരുന്നു അത് കൊണ്ട് നമ്മളെ എല്ലാവർക്കും ആവശ്യമാണ്,' രജിഷ വിജയൻ പറഞ്ഞു.


Click it and Unblock the Notifications