എനിക്ക് കുട്ടികളുണ്ടാകില്ല എന്നല്ല പറഞ്ഞത്, വളച്ചൊടിച്ചു; അഭിമുഖത്തിന് ശേഷം നേരിട്ടത്: രജിത് കുമാർ
കഴിഞ്ഞ ദിവസമാണ് രജിത് കുമാർ ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശം വലിയ തോതിൽ ചർച്ചയായത്. താൻ ഇനി കുടുംബ ജീവിതം നയിക്കില്ലെന്നും ഉദ്ദാരണശേഷി ഇല്ലാതാക്കിയ തനിക്ക് അടുത്ത തലമുറയുണ്ടാകില്ലെന്നും രജിത് കുമാർ പറഞ്ഞു. അടുത്ത തലമുറ ജനിക്കാത്ത രീതിയിൽ എല്ലാ പ്രവർത്തനങ്ങളുമാക്കി വെച്ചിട്ടുണ്ട്. ദൈവരാജ്യത്തെ പ്രതി സ്വയം ഷണ്ഡരാകുന്നവരുണ്ട്. ആ ഘട്ടത്തിലാണ് ഞാൻ. അഭിമാനത്തോടെയാണിത് പറയുന്നതെന്ന് രജിത് കുമാർ വ്യക്തമാക്കി. പരാമർശം പരിഹാസങ്ങൾക്ക് കാരണമായി.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് രജിത് കുമാർ. താൻ നൽകിയ അഭിമുഖം വളച്ചൊടിച്ച് മറ്റൊരു രീതിയിലാണ് പ്രചരിപ്പിച്ചതെന്നും ഇത് തന്നെ വിഷമിപ്പിച്ചെന്നും രജിത് കുമാർ പറയുന്നു. മാബ്സ്റ്റിക് മീഡിയയോടാണ് പ്രതികരണം. ലൈംഗിക ശേഷി ഇല്ല എന്നല്ല പറഞ്ഞത്. ആത്മീയ പാതയിലൂടെ മനസിനെ നിയന്ത്രിച്ച് വരുതിയിലാക്കി എന്നാണ് പറഞ്ഞത്. എന്നാൽ പുറത്ത് പ്രചരിക്കുന്നത് ഇത്തരത്തിലല്ലെന്നും രജിത് കുമാർ പറയുന്നു.

90 ശതമാനം ഞാനെന്നെ നിയന്ത്രിച്ച് വെച്ചു എന്നാണ് പറഞ്ഞത്. ബാക്കിയുള്ള പത്ത് ശതമാനമെന്നത് വേണമെങ്കിൽ വിവാഹ ജീവിതത്തിലേക്ക് കടക്കാമെന്നാണ്. പക്ഷെ എനിക്ക് സാമൂഹ്യ സേവനാണ് മാത്രമാണ് ലക്ഷ്യം. ആരെയും താൻ ദ്രോഹിച്ചിട്ടില്ല. എന്നിട്ടും തന്നെ അധിക്ഷേപിക്കുന്നെന്ന് രജിത് കുമാർ പറഞ്ഞു.
അഭിമുഖത്തിലെ പരാമർശം മറ്റ് മീഡിയകളും വളച്ചൊടിക്കുന്നു. ഇത് മോശമാണെന്നും രജിത് കുമാർ വിമർശിച്ചു. ഞാൻ ഒരു മലയാളി ആയിപ്പോയത് കൊണ്ടാണ് ഇത്രയും പീഡിപ്പിക്കപ്പെടുന്നതെന്ന് തോന്നിയിട്ടുണ്ട്. അലക്കുന്നതിന് ഒരു ദാക്ഷിണ്യവും ഇല്ല. ബിഗ് ബോസ് ഷോ കഴിഞ്ഞ് നൂറ് കണക്കിന് ചാനലുകൾക്ക് പണം വാങ്ങാതെ അഭിമുഖം നൽകി. ആ ചാനലുകൾ പോലും അപഹസിക്കുന്ന രീതിയിൽ ഇക്കാര്യം വാർത്തയാക്കി.

ഞാൻ പഠിപ്പിക്കുന്ന കാലടി ശ്രീശങ്കരാചാര്യ കോളേജിലെ അധ്യാപകരുടെ അനൗദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ അഭിമുഖം ഷെയർ ചെയ്തതോടെ എന്നെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കി. തമ്പ്നെയിൽ മാത്രം കണ്ടാണ് പുറത്താക്കിയത്. എനിക്ക് നല്ല വേദനയുണ്ടായി. കാലം തെളിയിക്കുമെന്നും രജിത് കുമാർ വ്യക്തമാക്കി. അഭിമുഖം ചർച്ചയായതോടെ നിരവധി റിയാക്ഷൻ വീഡിയോകൾ ഇതേക്കുറിച്ച് വന്നിരുന്നു. രജിത് കുമാറിനെ ആക്ഷേപിച്ച് കൊണ്ടുള്ള കമന്റുകളും വന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണം.
ബിഗ് ബോസ് മലയാളം സീസൺ 2 വിലൂടെയാണ് രജിത് കുമാർ ജനപ്രീതി നേടുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഏറ്റവും ജനപ്രീതി നേടിയ മത്സരാർത്ഥികളിലൊരാളാണ് രജിത് കുമാർ. അതേസമയം ആരാധകരെ പോലെ വിമർശകരുമുണ്ടായിരുന്നു. രജിത് കുമാർ അശാസ്ത്രീയ വാദങ്ങൾ ഉന്നയിക്കുന്നു എന്നായിരുന്നു ആരോപണം. ബിഗ് ബോസിൽ നിന്ന് രജിത് കുമാർ സഹതാരത്തെ ആക്രമിച്ചു എന്ന പരാതിയിൽ പുറത്താകുകയായിരുന്നു. ഇന്ന് സിനിമകളിൽ രജിത് കുമാർ സാന്നിധ്യം അറിയിക്കുന്നു.


Click it and Unblock the Notifications