'പാരമ്പര്യം നിലനിർത്താനോ എന്റെ ദാമ്പത്യം ശക്തിപ്പെടുത്താനോ അല്ല അമ്മയായത്'; വെളിപ്പെടുത്തലുമായി ഉപാസന കാമിനേനി
വിവാഹം, കുഞ്ഞുങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വളരെ കാലങ്ങളായി സ്ത്രീകൾക്ക് തീരുമാനമെടുക്കാനുള്ള അവകാശം ഇല്ല. കുറച്ച് വർഷങ്ങളായിട്ടാണ് അതിനെല്ലാം നമ്മുടെ രാജ്യത്ത് മാറ്റം വന്ന് തുടങ്ങിയത്. സ്വന്തം അഭിപ്രായങ്ങൾ തുറന്ന് പറയാൻ സ്ത്രീകൾ തയ്യാറായി മുന്നോട്ട് വന്നതോടെ സമൂഹത്തിൽ ചെറിയ മാറങ്ങൾ വന്ന് തുടങ്ങിയിട്ടുണ്ട്. പണ്ടൊക്കെ പതിനെട്ട് കഴിയുമ്പോൾ മുതൽ പെൺകുട്ടികൾക്ക് വിവാഹ ആലോചനകൾ വന്ന് തുടങ്ങും. തുടർന്ന് അധികം വൈകാതെ വിവാഹിതയാകും.
പിന്നീട് കുറച്ച് മാസങ്ങൾ കഴിയുമ്പോഴേക്കും പെൺകുട്ടികൾ കേൾക്കുന്ന ചോദ്യം വിശേഷം ഒന്നും ആയില്ലേ എന്നതാണ്. അത്തരത്തിൽ നിരവധി ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടി വന്ന വ്യക്തിയാണ് തെലുങ്ക് സൂപ്പർതാരം രാം ചരൺ തേജയുടെ ഭാര്യയും ബിസിനസ് വുമണുമായ ഉപാസന കാമിനേനി. രാം ചരണിന്റേയും ഉപാസനയുടേയും വിവാഹം കഴിഞ്ഞിട്ട് പത്ത് വർഷം പിന്നിടുകയാണ്. ഇപ്പോൾ താരം അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്. ഗർഭകാല വിശേഷങ്ങൾ ഉപാസന സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുമുണ്ട്.

ആദ്യത്തെ കൺമണിയെത്താൻ വളരെ കുറച്ച് നാളുകൾ മാത്രം ശേഷിക്കെ മാതൃദിനത്തിൽ ഉപസാന സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. താൻ എന്തുകൊണ്ടാണ് ഇപ്പോൾ അമ്മയാകാൻ തീരുമാനിച്ചതെന്നാണ് ഉപാസന മാതൃദിനത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്. പാരമ്പര്യം നിലനിർത്താനോ തന്റെ ദാമ്പത്യം ശക്തിപ്പെടുത്താനോ അല്ല താൻ അമ്മയായതെന്നും ഉപാസന കുറിച്ചു.
എല്ലാ ശരിയായ കാരണങ്ങളാലും മാതൃത്വം സ്വീകരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. സമൂഹത്തിന്റെ പ്രതീക്ഷകൾക്ക് അനുസൃതമായിട്ടല്ല ഞാൻ അത് ചെയ്തത്. അമ്മയാകാനുള്ള എന്റെ തീരുമാനത്തിന് പിന്നിൽ ഒരു പാരമ്പര്യം നിലനിർത്താനോ എന്റെ ദാമ്പത്യം ശക്തിപ്പെടുത്താനോ ഉള്ള ആഗ്രഹമില്ല.
എന്റെ കുട്ടി അവന്റെ/അവളുടെ മൊത്തത്തിലുള്ള ക്ഷേമത്തിനായി അർഹിക്കുന്ന നിരുപാധികമായ സ്‌നേഹവും പരിചരണവും നൽകാൻ വൈകാരികമായി തയ്യാറെടുത്തപ്പോഴാണ് ഞാൻ ഒരു കുട്ടി വേണം എന്ന തീരുമാനത്തിൽ എത്തിയത്. എന്റെ ആദ്യ മാതൃദിനം ആഘോഷിക്കുന്നു എന്നാണ് ഉപാസന സോഷ്യൽമീഡിയയിൽ കുറിച്ചത്.
ഉപാസനയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ വ്യക്തമായ ധാരണയോടെയുള്ള ഉപാസനയുടെ വാക്കുകളെ പ്രശംസിച്ചു. സാമന്ത റൂത്ത് പ്രഭു, മലയാളി നടി സംയുക്ത, കാജൾ അഗർവാൾ തുടങ്ങിയ സിനിമാ സെലിബ്രിറ്റികളും ആരാധകരും ഉപാസനയ്ക്ക് ആശംസകൾ നേർന്നു. ഉപാസനയുടെ വളരെ പക്വതയോടെയുള്ള നല്ല തീരുമാനമെന്നും നിരവധി കമന്റുകൾ വന്നു.

നിറവയറുമായി നിൽക്കുന്നൊരു ചിത്രവും കുറിപ്പിനൊപ്പം ഉപാസന സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പത്ത് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് രാം ചരണിന് കുഞ്ഞ് പിറക്കാൻ എന്നതുകൊണ്ട് തന്നെ ഇരുവരും പ്രഗ്നൻസി അനൗൺസ് ചെയ്തപ്പോൾ മുതൽ ഇരുവരും വാർത്തകളിൽ നിറയുന്നുണ്ട്. തെലുങ്ക് സിനിമാലോകത്തെ തന്നെ ഏറ്റവും അറിയപ്പെടുന്ന താരകുടുംബമാണ് രാം ചരണിന്‍റേത്.
അച്ഛന്‍ ചിരഞ്ജീവി, ചിരഞ്ജീവിയുടെ അനന്തരവൻ അല്ലു അര്‍ജുൻ എന്നിവരെല്ലാം ഇന്ത്യയില്‍ സിനിമയിലെ മിന്നും താരങ്ങളാണ്. ഡിസംബര്‍ 12നാണ് രാം ചരണ്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ താൻ അച്ഛനാകാൻ പോകുന്നുവെന്ന സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.
2012ലായിരുന്നു രാം ചരണിന്റേയും ഉപാസനയുടേയും വിവാഹം. അപ്പോളോ ഹോസ്പിറ്റലിലെ സിഎസ്ആർ വൈസ് ചെയർപേഴ്‌സണാണ് ഉപാസന. ശങ്കർ സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചറിന്റെ ഷൂട്ടിംഗിൽ നിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുകയാണ് രാം ചരൺ ഇപ്പോൾ. കമൽഹാസന്റെ ഇന്ത്യൻ 2വിന്റെ ചിത്രീകരണത്തിനായി ശങ്കർ തായ്‌വാനിൽ പോയിരിക്കുകയാണ്. വരാനിരിക്കുന്ന സൽമാൻ ഖാൻ ചിത്രം കിസി കാ ഭായ് കിസി കി ജാനിലെ യെന്റമ്മ എന്ന ഗാനത്തിൽ അതിഥിയായും രാം ചരൺ എത്തിയിരുന്നു.


Click it and Unblock the Notifications