വീട്ടുകാർക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടായിരുന്നു, ഇപ്പോൾ അവരാണ് ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്നത്!
സാരി ഫോട്ടോഷൂട്ടിലൂടെ സോഷ്യൽമീഡിയയിൽ തംരഗമായി മാറുകയും പിന്നീട് സിനിമയിലേക്ക് ചേക്കേറുകയും ചെയ്ത യുവനടിയാണ് മലയാളിയായ ആരാധ്യ ദേവി എന്ന് അറിയപ്പെടുന്ന ഇരുപത്തിമൂന്നുകാരി ശ്രീലക്ഷ്മി സതീഷ്. ആരാധ്യയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ട് സിനിമയിലേക്ക് അവസരം നൽകി ആദ്യം നടിയെ സമീപിച്ചത് സംവിധായകൻ രാം ഗോപാൽ വർമയായിരുന്നു. ശ്രീലക്ഷ്മി നായികയാകാമെന്ന് സമ്മതം മൂളും മുമ്പ് തന്നെ രാം ഗോപാൽ വർമ അദ്ദേഹത്തിന്റെ ഓഫീസ് ചുമരിൽ ശ്രീലക്ഷ്മിയുടെ ചിത്രം പ്രതിഷ്‌ഠിച്ചത് വൈറലായിരുന്നു.
ആരാധ്യ ആദ്യമായി നായികയാകുന്ന സിനിമ സാരി റിലീസിന് തയ്യാറെടുക്കുകയാണ്. പ്രമോഷനായി രാം ഗോപാൽ വർമയും ആരാധ്യയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലുണ്ട്. സാരിയിൽ അൽപ്പം ഗ്ലാമറസായ റോളാണ് നടിയുടേത്. അതിന്റെ പേരിൽ ട്രെയിലർ റിലീസ് ചെയ്തപ്പോൾ മുതൽ വിമർശനങ്ങൾ നടിക്ക് ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്.

ഒരു പെൺകുട്ടിയെ ഭ്രാന്തമായി പ്രണയിക്കുന്ന യുവാവിന്റെ കഥയാണ് സാരി. ഒരു ഘട്ടത്തിൽ എത്തുമ്പോൾ ആ പെൺകുട്ടിയുടെ മേലുള്ള പ്രണയം കൊണ്ട് അയാൾ സൈക്കിക്കായും സ്റ്റോക്കറായും മാറുകയാണ്. പൊതുവെ ഏതെങ്കിലും പെൺകുട്ടിക്ക് ആൺകുട്ടികളിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നാൽ അത് ആ പെൺകുട്ടിയുടെ വസ്ത്രധാരണത്തിന്റെ കുഴപ്പമാണെന്ന തരത്തിൽ സമൂഹം ആ പെൺകുട്ടിയെ കുറ്റപ്പെടുത്താറുണ്ട്.
എന്നാൽ സാരിയുടുത്ത് പോകുന്ന പെൺകുട്ടിക്കും സമാനമായ അനുഭവം ഉണ്ടാകാറുണ്ട്. ആ പോയിന്റ് എല്ലാവരിലേക്കും എത്തിക്കുന്നതിന് വേണ്ടിയാണ് സാരി എന്ന സിനിമ എടുത്തതും ആ പേര് നൽകിയതുമെന്നാണ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ രാം ഗോപാൽ വർമ പറഞ്ഞത്.
സ്റ്റോക്കിങ്, നെഗറ്റീവ് കമന്റ്സുകൾ എന്നിവയെ കുറിച്ചും കുടുംബത്തിന്റെ പിന്തുണയെ കുറിച്ചും ചോദിച്ചപ്പോൾ ആരാധ്യയുടെ മറുപടി ഇങ്ങനെ... എക്സ്റ്റന്റ് ലെവലിൽ സ്റ്റോക്കിങ് കിട്ടിയിട്ടില്ലെങ്കിലും സ്റ്റോക്കിങ് അനുഭവങ്ങളുണ്ട്. എല്ലാ സ്ത്രീകളുടെ ലൈഫിലും ഉണ്ടായിട്ടുണ്ടാകുമെന്ന് കരുതുന്നു. വസ്ത്രധാരണത്തിന്റെ പേരിൽ കുറ്റപ്പെടുത്തിയുള്ള കമന്റുകൾ കിട്ടാറുണ്ട്. ഇപ്പോഴും കിട്ടുന്നുണ്ട്. പക്ഷെ അതൊന്നും ഞാൻ കാര്യമായി എടുക്കാറില്ല.
നെഗറ്റീവും പോസിറ്റീവും പറയുന്നവരുണ്ട്. നെഗറ്റീവ് പക്ഷെ നോക്കാറില്ല. സാരി സിനിമ ഷൂട്ടിങ് അനുഭവം വളരെ നല്ലതായിരുന്നു. ഓരോ മോമന്റും ഞാൻ എന്റെ കയ്യിൽ കൊണ്ടുനടക്കുകയാണ്. പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് സിനിമാ അവസരം വന്നത്. അതിനാൽ വീട്ടുകാർക്ക് ഉൾക്കൊള്ളാൻ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. ആ സമയത്ത് എനിക്ക് 22 വയസ് മാത്രമായിരുന്നു പ്രായം.

പിജി പഠിക്കുകയായിരുന്നു. ഇപ്പോൾ വിട്ടുപോയാൽ പഠനം ഉപേക്ഷിക്കേണ്ടി വരുമോ?, പിന്നീട് കുറ്റബോധം തോന്നും എന്നൊക്കെ എന്നോട് ആ സമയത്ത് എല്ലാവരും പറയുമായിരുന്നു. അതുകൊണ്ട് തന്നെ പോകേണ്ടെന്ന് അന്ന് അച്ഛനും അമ്മയും പറയുന്നുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ അവരാണ് എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്നത്. സിനിമാ അവസരം വന്ന സമയത്ത് റാം (രാം ഗോപാൽ വർമ) ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഫ്രണ്ട്സിനും അറിയില്ലായിരുന്നു.
ഞാൻ ഹോസ്റ്റലിൽ നിന്നായിരുന്നു പഠിച്ചിരുന്നത്. ആർജിവി എന്ന് മാത്രമാണ് അറിയുമായിരുന്നത്. റാമിന്റെ മുഴുവൻ പേര് പോലും എനിക്ക് അറിയില്ലായിരുന്നു. പിന്നീട് റിസേർച്ച് നടത്തിയപ്പോൾ അദ്ദേഹത്തിന്റെ മൂവി ലിസ്റ്റ് കണ്ടു. രംഗീല സിനിമയുടെ പേര് കണ്ടപ്പോൾ സ്ട്രൈക്കായി. സിനിമയിലേക്ക് ക്ഷണം വന്നയുടൻ സമ്മതം പറഞ്ഞിരുന്നില്ല.
കഥകേട്ട് ഇഷ്ടപ്പെട്ടശേഷമാണ് യെസ് പറഞ്ഞതെന്നും ആരാധ്യ ദേവി പറയുന്നു. മലയാളിയായ ശ്രീലക്ഷ്മി സിനിമയ്ക്ക് വേണ്ടിയാണ് പേര് ആരാധ്യ എന്നാക്കി മാറ്റിയത്. പണ്ടും ശ്രീലക്ഷ്മി എന്ന പേര് തനിക്ക് ഇഷ്ടമായിരുന്നില്ലെന്നും നടി പറഞ്ഞിരുന്നു.


Click it and Unblock the Notifications











