'അമ്മയും അച്ഛനും വളരെ ഭക്തി ഉള്ളവരായിരുന്നു... അതിൽ നിന്ന് വിട്ടുപോകാൻ പറ്റുന്നില്ല'; ചിത്രയുടെ വീഡിയോ!
ഇത്രയും കാലത്തെ സംഗീത ജീവിതത്തിനിടെ ഒരു വിവാദത്തിലും ഉൾപ്പെടാതെ മുന്നോട്ട് പോയിരുന്ന ഗായികയായിരുന്നു മലയാളികളുടെ അഭിമാനമായ കെ.എസ് ചിത്ര. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതിക്രൂരമായ സൈബർ ആക്രമണത്തിനാണ് കെ.എസ് ചിത്ര ഇരയാകുന്നത്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ രാമനാമം ജപിച്ചും വിളക്ക് തെളിച്ചും ആഘോഷിക്കണം എന്ന കെ.എസ് ചിത്രയുടെ പ്രതികരണം വിവാദമായിരുന്നു.
ഇതോടെയാണ് ചിത്രയെ അധിക്ഷേപിച്ചും പരിഹസിച്ചുമുള്ള കമന്റുകൾ സോഷ്യൽമീഡിയയിൽ നിറയാനും ചിലർ ട്രോളുകളും മീമുകളും ഇറക്കാനും തുടങ്ങിയത്. സൈബർ ആക്രമണം ശക്തമായതോടെ ചിത്രയെ പിന്തുണച്ച് ഗായകന്‍ ജി.വേണു ഗോപാൽ അടക്കം നിരവധിപേർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഇത്രയും ഗാനങ്ങൾ നമുക്ക് പാടിത്തന്ന ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ നമുക്ക് ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ എന്നാണ് ജി.വേണുഗോപാല്‍ ചോദിച്ചത്. ഇതിനിടെ ചിത്രയെ വിമർശിച്ച് യുവഗായകൻ സന്തോഷ് സൂരജ് രംഗത്ത് വന്നതും വാർത്തയായിരുന്നു.
ഹൈലൈറ്റ് എന്താണെന്ന് വെച്ചാൽ... സൗകര്യപൂർവം ചരിത്രം മറന്നുകൊണ്ട് പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത സൈഡിലേക്ക് മാറ്റി വെച്ചിട്ട് ലോകാ സമസ്ത സുഖിനോ ഭവന്തുന്നൊക്കെ പറയുന്ന ആ നിഷ്കളങ്കതയാണ്. വിഗ്രഹങ്ങൾ ഇനി എത്ര ഉടയാൻ കിടക്കുന്നു ഓരോന്നായ്. എത്ര എത്ര കെ.എസ് ചിത്രമാർ തനി സ്വരൂപം കാട്ടാൻ ഇരിക്കുന്നു. കഷ്ടം... പരമ കഷ്ടം എന്നാണ് സൂരജ് സന്തോഷ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
എഴുത്തുകാരി ഇന്ദുമേനോനും ചിത്രയെ വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. വളരെ രൂക്ഷമായ ഭാഷയിലാണ് ചിത്രയ്‌ക്കെതിരെ ഇന്ദുമേനോന്‍ പ്രതികരിച്ചത്. കുയിലായിരുന്നുവെന്ന് ലോകത്തെ വിശ്വസിപ്പിച്ചവര്‍ കള്ളിപ്പൂങ്കുയിലാണെന്നാണ് ഇന്ദുമേനോന്റെ പോസ്റ്റില്‍ പറഞ്ഞത്.
ക്ലാസിക് കലകള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ രാമന്റെയും വിഷ്ണുവിന്റെയും സീതയുടെയും മുരുകന്റെയും എല്ലാം കീര്‍ത്തനങ്ങള്‍ പാടുകയും പദങ്ങള്‍ പഠിക്കുകയും ചെയ്യുമായിരിക്കും അതിനര്‍ത്ഥം സഹജീവികളായ മനുഷ്യരെ കൊല്ലുന്നതിനൊപ്പം നില്‍ക്കുക എന്നതല്ലെന്നും ഇന്ദുമേനോന്‍ കുറിച്ചിരുന്നു.
അയോധ്യയിൽ പ്രതിഷ്ഠാ ദിനം ജനുവരി 22ന് നടക്കുമ്പോൾ ഉച്ചയക്ക് 12.20 ന് ശ്രീ രാമ, ജയ രാമ, ജയ ജയ രാമ എന്ന രാമ മന്ത്രം എല്ലാവരും ജപിച്ചുകൊണ്ടിരിക്കണം. അത് പോലെ വൈകുന്നേരം അഞ്ച് തിരിയിട്ട വിളക്ക് വീടിന്റെ നാന ഭാഗത്തും തെളിയിക്കണം.

ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും പരിപൂർണമായി ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു എന്നാണ് ചിത്ര പറഞ്ഞത്. മാത്രമല്ല അയോധ്യയിൽ നിന്നുള്ള അക്ഷതം കെ.എസ് ചിത്ര സ്വീകരിച്ചിരുന്നു. ചിത്ര മാത്രമല്ല മോഹൻലാൽ, ദിലീപ്, കാവ്യ മാധവൻ, ശ്രീനിവാസൻ തുടങ്ങി വലിയൊരു വിഭാഗം സെലിബ്രിറ്റികളും അക്ഷതം സ്വീകരിച്ചിരുന്നു. എന്നാൽ ക്രൂരമായ സൈബർ ആക്രമണം ചിത്രയ്ക്ക് മാത്രമാണ് നേരിടേണ്ടി വന്നത്.
വിവാദങ്ങൾ കൊഴുക്കുന്നതിനിടെ ഭക്തിയെ കുറിച്ച് ന്യൂസ് 18 മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ചിത്ര പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. അമ്മയും അച്ഛനും വളരെ ഭക്തി ഉള്ളവരായിരുന്നുവെന്നും അതിൽ നിന്ന് വിട്ടുപോകാൻ പറ്റുന്നില്ലെന്നുമാണ് ചിത്ര പറയുന്നത്. 'അമ്മയും അച്ഛനും വളരെ ഭക്തി ഉള്ളവരായിരുന്നു. അമ്മ വ്രതമൊക്കെ എടുക്കുന്ന ആളായിരുന്നതുകൊണ്ട് തന്നെ ഏകാദശിക്ക് ഞാനും വ്രതമൊക്കെ എടുക്കാറുണ്ട്.'
'വീട്ടിലുള്ള കുടുംബാംഗങ്ങളെല്ലാം അത്തരത്തിൽ വളർന്നവരാണ്. അങ്ങനെ ഞാനും അതെല്ലാം കണ്ടും കേട്ടും വളർന്നതിനാൽ എനിക്കും അതിൽ നിന്ന് വിട്ടുപോകാൻ പറ്റുന്നില്ല. എല്ലാ കാര്യങ്ങളിലും ദൈവം കൂടെയുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ചില അനുഭവങ്ങൾ വന്നപ്പോൾ ദൈവം ഉണ്ടോയെന്ന് ചിന്തിച്ചിട്ടുണ്ട്.'
'ആ സമയത്ത് ദൈവം തന്നെ ചില ദൂതന്മാരെ അയച്ച് എന്നിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാനും സഹായിച്ചിട്ടുണ്ട്. ഞാൻ പാട്ട് നിർത്താതിരിക്കാൻ പലരും വഴിപാടുകൾ കഴിപ്പിച്ച് പ്രാർത്ഥിച്ചവരുണ്ട്. അതൊക്കെ എനിക്ക് കിട്ടിയ അനുഗ്രഹമാണ്. എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. എനിക്ക് ദുഖം ദൈവം തരുമ്പോൾ അതുപോലെ സ്നേഹവും എനിക്ക് ലഭിക്കുന്നുണ്ടെന്നുമാണ്', പ്രചരിക്കുന്ന വീഡിയോയിൽ ചിത്ര പറഞ്ഞത്.


Click it and Unblock the Notifications