'ഇരട്ടപഴങ്ങൾ എപ്പോഴും കഴിക്കുമായിരുന്നു, കുഞ്ഞുങ്ങൾ ഉണ്ടാകാൻവേണ്ടിയാണ് വിവാഹം പോലും കഴിച്ചത്'; അരുൺ ഗോപി!
രാമലീലയ്ക്കും മുകളിൽ നിൽക്കുന്നൊരു ഹിറ്റ് സൃഷ്ടിക്കാൻ ബാന്ദ്രയിലൂടെ സാധിക്കുമെന്ന വിശ്വാസത്തിലാണ് സംവിധായകൻ അരുൺ ഗോപിയും നായകൻ ദിലീപും അണിയറപ്രവർത്തകരും. നവംബർ പത്തിനാണ് ബാന്ദ്ര തിയേറ്ററുകളിലേക്ക് എത്തുന്നത്.
ഈ വർഷം തിയേറ്ററുകളിലേക്ക് എത്താൻ പോകുന്ന രണ്ടാമത്തെ ദിലീപ് ചിത്രം കൂടിയാണ് ബാന്ദ്ര. തമന്ന ഭാട്ടിയയാണ് നായിക. സിനിമയുടെ ഭൂരിഭാഗവും നോർത്ത് ഇന്ത്യയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടേതായി റിലീസ് ചെയ്ത ടീസറിനും പാട്ടിനുമെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
ചെറുപ്പം മുതൽ സിനിമാ മോഹിയാണ് അരുൺ ഗോപി. ട്യൂഷൻ ഫീസുകൊണ്ട് സിനിമയ്ക്ക് ടിക്കറ്റെടുത്ത കഥവരെ അരുൺ ഗോപിക്ക് പറയാനുണ്ട്. സിബി മലയിലിനോടാണ് സംവിധായകൻ എന്ന രീതിയിൽ എപ്പോഴും അരുൺ ഗോപിക്ക് ബഹുമാനം. സിനിമ കഴിഞ്ഞാൽ കുടുംബമാണ് അരുൺ ഗോപിക്ക് എല്ലാം.

സിനിമയിൽ ക്ലച്ച് പിടിക്കുന്നതിന് മുമ്പ് അരുൺ ഗോപിക്ക് എല്ലാവിധ സഹായങ്ങളും നൽകി ഒപ്പം നിന്നിരുന്നത് ഭാര്യയായിരുന്നു. തനിക്ക് സൗമ്യയെപോലൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ അർഹതയുണ്ടോയെന്ന് പോലും താൻ ചിന്തിച്ചിട്ടുണ്ടെന്നും അരുൺ ഗോപി പറഞ്ഞിട്ടുണ്ട്. രണ്ട് ഇരട്ട കുഞ്ഞുങ്ങളാണ് അരുണിന്.
കഴിഞ്ഞ വർഷം മാർച്ചിലാണ് അരുണിനും സൗമ്യയ്ക്കും ഇരട്ടകുഞ്ഞുങ്ങൾ പിറന്നത്. 2019ലായിരുന്നു അരുണിന്റെയും സൗമ്യയുടെയും വിവാഹം. സെന്റ് തെരേസാസ് കോളജ് അധ്യാപികയാണ് സൗമ്യ. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. തന്റെ ഇരട്ടക്കുട്ടികളായ താരക്കിന്റേയും ടമേരയുടേയും ആദ്യ പിറന്നാള്‍ ആഘോഷമാക്കി അരുണ്‍ ഗോപി.
ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന ഒന്നാം പിറന്നാൾ ആഘോഷത്തിൽ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പങ്കെടുത്ത് ആശംസ അറിയിക്കാന്‍ എത്തിയത്. നടന്‍ ദിലീപ് കുടുംബത്തോടൊപ്പം ചടങ്ങിനെത്തിയിരുന്നു. അതിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ഭാര്യയെ കുറിച്ചും മക്കളെ കുറിച്ചും അരുൺ ഗോപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ഭാര്യ സൗമ്യ തന്റെ ഗുരുനാഥയാണ് എന്നാണ് അരുൺ എപ്പോഴും പറയാറുള്ളത്. 'സൗമ്യ എന്റെ സുഹൃത്തായിരുന്നു. കോമൺ ഫ്രണ്ട് വഴി പരിചയപ്പെട്ടതാണ്. സൗഹൃദം വർഷങ്ങളായി ഉണ്ടായിരുന്നു. സൗമ്യയുടെ സപ്പോർട്ട് കരിയറിൽ വളരെ അധികം ഉപകാരപ്പെട്ടിട്ടുണ്ട്.'

'സൗമ്യയ്ക്ക് ശമ്പളം കിട്ടിയതുകൊണ്ടാണ് അക്കാലത്ത് ജീവിച്ചുപോന്നിരുന്നത്. അവൾക്ക് ശമ്പളം കിട്ടുന്ന ദിവസം ലോകത്തിന്റെ ഏത് കോണിലാണെങ്കിലും സൗമ്യയെ പിക്ക് ചെയ്യാൻ ഞാൻ ചെല്ലും. അന്ന് സൗമ്യ ഒരു മടിയും ഇല്ലാതെ പണം തരുമായിരുന്നു. സൗമ്യ കുറച്ച് കൂടി ബോൾഡാണ്. ഞാൻ സൗമ്യയ്ക്ക് ഒരു നല്ല ചോയ്സല്ല.'
'സൗമ്യയുടെ വലിയ മനസുകാരണം ഞാൻ ജീവിത പങ്കാളിയായി', എന്നാണ് ഭാര്യയെ കുറിച്ച് സംസാരിച്ച് അരുൺ പറഞ്ഞത്. പിന്നീട് മക്കളെ കുറിച്ചാണ് അരുൺ പറഞ്ഞത്. 'മക്കൾ ഉള്ളതുകൊണ്ടാണ് ഞാൻ സ്ട്രസ് അടിക്കാതെ ജീവിക്കുന്നത്. അല്ലെങ്കിൽ ടെൻഷനിൽ എന്റെ തലയൊക്കെ അടിച്ചുപോയേനെ. എനിക്ക് കുട്ടികളെ വളരെ ഇഷ്ടമാണ്. കുഞ്ഞുങ്ങൾ ഉണ്ടാകാൻ വേണ്ടിയാണ് ഞാൻ വിവാഹം കഴിച്ചത് പോലും.'
'കുഞ്ഞുങ്ങൾ എനിക്ക് ഭയങ്കര പ്രിയപ്പെട്ടതാണ്. പണ്ട് കുഞ്ഞുങ്ങൾ ഉണ്ടാകില്ലെ എന്നൊക്കെ എനിക്ക് ടെൻഷനായിരുന്നു. എപ്പോഴും ഞാൻ ഇരട്ട പഴം കഴിക്കുമായിരുന്നു. ഇരട്ട കുഞ്ഞുങ്ങൾ ഉണ്ടാകാൻ വേണ്ടി. ഇപ്പോൾ ഞാൻ ഇരട്ടപഴം കഴിക്കുന്നത് കണ്ടാൽ സൗമ്യ പറയും എന്നെ ദ്രോഹിക്കരുതെന്ന്. കുഞ്ഞുങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എനിക്ക് എവിടെ പോയാലും എപ്പോഴും വേഗം വീട്ടിലേക്ക് വരാൻ തോന്നും. മക്കൾ ഉള്ളതുകൊണ്ടാണ്', കുടുംബത്തെ കുറിച്ച് സംസാരിച്ച് അരുൺ ഗോപി പറഞ്ഞു.


Click it and Unblock the Notifications











