ശ്രീരാമനാകാൻ ഒരു സൂപ്പർതാരത്തിനും കഴിയില്ല: രൺബീർ കപൂറിന് പരിഹാസവുമായി രാമായണം നടൻ അരുൺ ഗോവിൽ
രൺബീർ കപൂർ നായകനാവുന്ന രാമായണ, ബോളിവുഡിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രൊജെക്ടുകളിൽ ഒന്നാണ്. പ്രശസ്ത താരം ശ്രീരാമനായി എത്തുന്ന ചിത്രത്തിൽ, സീത ദേവിയായി അഭിനയിക്കുന്നത് സൗത്ത് ഇന്ത്യൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സായ് പല്ലവിയാണ്. നിതീഷ് തിവാരി അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ രാവണനായി എത്തുന്നതാവട്ടെ, കെ.ജി.എഫ്. താരം യഷ് ആണ്. ഇന്ത്യൻ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2026 നവംബറിലാണ് തീയറ്ററുകളിൽ എത്തുക.
രാമായണ പ്രഖ്യാപിച്ചത് മുതൽ തന്നെ ചിത്രത്തിലെ കാസ്റ്റിംഗിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. എന്നാലിപ്പോൾ, ശ്രീരാമനാകാൻ രൺബീറിനെ തിരഞ്ഞെടുത്തതിൽ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്, ഡിഡി നാഷണൽ ചാനലിലെ രാമായണ സീരിയയിലിൽ ശ്രീരാമനായി എത്തിയ പ്രശസ്ത നടൻ അരുൺ ഗോവിൽ.
ശ്രീരാമനാകാൻ സൂപ്പർതാരങ്ങൾക്ക് കഴിയില്ല, അരുൺ ഗോവിൽ

രൺബീർ കപൂർ നായകനാവുന്ന രാമായണയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഇതിനിടെ, ചിത്രത്തിലെ നായകന്റെ കാര്യത്തിലുള്ള തന്റെ അതൃപ്തി വെളിപ്പെടുത്തിയിരിക്കുകയാണ് രാമായണ സീരിയലിൽ ശ്രീരാമനായി എത്തിയ സീനിയർ നടൻ അരുൺ ഗോവിൽ. ഇവിടെ കൗതുകകരമായ കാര്യം, രൺബീർ കപൂറിന്റെ രാമായണയിൽ ഒരു പ്രധാന കഥാപാത്രമായി അരുൺ ഗോവിലും എത്തുന്നുണ്ട് എന്നതാണ്.
എൻ.ഡി.ടി.വിയുമായുള്ള ഒരു സംഭാഷണത്തിൽ ഇന്നത്തെ താരങ്ങളിൽ ശ്രീരാമനായി അഭിനയിക്കാൻ ഏറ്റവും യോഗ്യൻ ആരെന്ന് ചോദ്യം വന്നപ്പോൾ രാമായണം നടൻ പ്രതീക്ഷിക്കാത്ത മറുപടിയാണ് നൽകിയത്. "ആരും അനുയോജ്യരാണെന്ന് ഞാൻ കരുതുന്നില്ല," അരുൺ ഗോവിൽ പറഞ്ഞു. "മൂന്നോ നാലോ പേർ രാമായണം പുനഃസൃഷ്ടിക്കാൻ ശ്രമിച്ചു, പക്ഷേ അവർ വിജയിച്ചില്ല," നടൻ ചൂണ്ടിക്കാണിച്ചു.

"നമ്മുടെ ഇന്നത്തെ ജീവിതകാലത്ത് ആരെങ്കിലും രാമായണം പുനഃസൃഷ്ടിക്കാൻ ശ്രമിക്കുന്നതിൽ കാര്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. രാമനായി അഭിനയിക്കുന്ന നടന്റെ കാര്യമെടുത്താൽ, ഇപ്പോൾ സിനിമയിൽ ആക്റ്റീവ് ആയിട്ടുള്ള എല്ലാ അഭിനേതാക്കളെയും, എല്ലാ താരങ്ങളെയും ആ കഥാപാത്രത്തിനായി പരിഗണിക്കുകയാണെങ്കിൽ, ആരും അനുയോജ്യരാണെന്ന് ഞാൻ കരുതുന്നില്ല. ഒരുപക്ഷേ നിങ്ങൾക്ക് ഹിന്ദി സിനിമ ഇൻഡസ്ടറിക്ക് പുറത്തുള്ള ഒരാളെ കണ്ടെത്താൻ കഴിഞ്ഞേക്കും," അരുൺ ഗോവിൽ കൂട്ടിച്ചേർത്തു.
രൺബീർ കപൂറിന്റെ പേര് അരുൺ ഗോവിൽ പരാമർശിച്ചിട്ടില്ലെങ്കിലും, രാമായണം നടന്റെ ഒളിയമ്പ് ബോളിവുഡ് സ്റ്റാറിന് നേരെ തന്നെയാണ് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ഇരുവരും നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണയിൽ ഒന്നിച്ച് എത്തുമ്പോൾ തന്നെ സീനിയർ നടൻ ഇത്തരം ഒരു പ്രസ്താവന നടത്തിയത്, ചിത്രത്തിന് നായകനായ രൺബീറിന് പരിഹസിച്ചുകൊണ്ടാണെന്നാണ് ആരാധകർ പറയുന്നത്. രാമായണം സീരിയലിന്റെ ആരാധകരായ ഒരു വലിയ വിഭാഗം പ്രേക്ഷകർ അരുൺ ഗോവിലിന്റെ പ്രസ്താവന ശരി വയ്ക്കുകയാണ്. പക്ഷെ സീനിയർ നടൻ പുതിയ തലമുറയെ അംഗീകരിക്കാൻ മടിക്കുന്നുവെന്നും, രൺബീർ കപൂറിനെ അദ്ദേഹത്തിന്റെ വ്യക്തി ജീവിതം വച്ച് വിലയിരുത്തുകയാണെന്നുമാണ് താരത്തിന്റെ ഫാൻസ് കരുതുന്നത്.
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ എന്ന ചിത്രം രണ്ടു ഭാഗങ്ങളായിട്ടാണ് തീയറ്ററുകളിൽ എത്തുക. രൺബീർ കപൂറിനും, സായ് പല്ലവിക്കും, യഷിനൊപ്പം, സണ്ണി ഡിയോൾ, അനിൽ കപൂർ, ലാറ ദത്ത, കാജൽ അഗർവാൾ, മോഹിത് റെയ്ന, വിക്രാന്ത് മാസ്സയ്, രവി ദുബയ്, രാകുൽ പ്രീത് സിംഗ്, തുടങ്ങി ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ലോക പ്രശസ്ത സംഗീത സംവിധായകരായ ഹാൻസ് സിമ്മറും, എ.ആർ. റഹ്മാനും ചേർന്നാണ് രാമായണയ്ക്ക് സംഗീതം ചിട്ടപ്പെടുത്തുന്നത്.


Click it and Unblock the Notifications











