കടബാധ്യത മൂലം വീട് വരെ വിറ്റ രംഭ; തൊണ്ണൂറുകളിലെ സൂപ്പർഹിറ്റ് നടിയുടെ ഇന്നത്തെ സമ്പാദ്യം
തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ച നടിയാണ് രംഭ. മലയാള ചിത്രം സർഗത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന രംഭ പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലെ ഗ്ലാമർ ഐക്കണായി അറിയപ്പെട്ടു. ഒരുപിടി ഹിന്ദി സിനിമകളിലും നടി അഭിനയിച്ചു. താരമായി വളർന്ന ശേഷം മലയാളത്തിൽ കൊച്ചിരാജാവ്, ക്രോണിക് ബാച്ചിലർ തുടങ്ങിയ സിനിമകളിൽ രംഭ അഭിനയിച്ചിട്ടുണ്ട്.
ഈ രണ്ട് സിനിമകളും സൂപ്പർഹിറ്റായി. ആന്ധ്രാപ്രദേശിൽ ജനിച്ച് വളർന്ന രംഭ തന്റെ പതിനഞ്ചാം വയസ്സിലാണ് അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. ആദ്യ സിനിമ സർഗത്തിൽ ശാലീനതയുള്ള പെൺകുട്ടിയായി പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച രംഭ മറുഭാഷകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ അടിമുടി മാറി. 'ആ ഒകടി അടക്കു' എന്ന തെലുങ്ക് സിനിമയാണ് രണ്ടാമത് രംഭ ചെയ്തത്.

സിനിമ ഹിറ്റായതോടെ കൈനിറയെ അവസരങ്ങൾ രംഭയെ തേടി വന്നു. അക്കാലത്ത് ഗ്ലാമറസായി അഭിനയിക്കാൻ രംഭ മടി കാണിച്ചില്ല. ആരാധകരുടെ ഹരമായി രംഭ ആഘോഷിക്കപ്പെട്ടു. എന്നാൽ 90 കളിലെ മിക്ക നടിമാരെയും പോലെ കരിയറിന്റെ ഒരു ഘട്ടത്തിൽ രംഭയ്ക്ക് അവസരങ്ങൾ കുറഞ്ഞു. കുടുംബ ജീവിതത്തിലേക്ക് കടന്ന രംഭ സിനിമാ അഭിനയം നിർത്തി. പിന്നീട് റിയാലിറ്റി ഷോകളിലും മറ്റും സാന്നിധ്യമറിയിച്ചു.
2010 ലാണ് നടി വിവാഹിതയായത്. ഇന്ദ്രകുമാർ പത്മനാഥൻ എന്നാണ് രംഭയുടെ ഭർത്താവിന്റെ പേര്. ബിസിനസുകാരനായ ഭർത്താവിനൊപ്പം കാനഡയിലാണ് രംഭയിപ്പോൾ താമസിക്കുന്നത്. മൂന്ന് കുട്ടികൾ ദമ്പതികൾക്ക് ജനിച്ചു. സോഷ്യൽ മീഡിയയിലൂടെ തന്റെ കുടുംബത്തിന്റെ വിശേഷങ്ങൾ രംഭ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് മക്കൾക്കൊപ്പം നടി പിറന്നാൾ ദിനം ആഘോഷിച്ചത്.
ഒരു കാലത്ത് വൻ തുക പ്രതിഫലം കൈപറ്റിയിരുന്ന രംഭയുടെ ഇന്നത്തെ സാമ്പാദ്യത്തെക്കുറിച്ചുള്ള വിവരമാണിപ്പോൾ പുറത്ത് വരുന്നത്. വിദേശത്ത് താമസിക്കുന്ന രംഭയ്ക്ക് മൂന്ന് മില്യൺ ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് കണക്കുകൾ. മാജിക് വുഡ്സ് എന്ന കമ്പനിയുടെ സിഇഒയാണ് രംഭയുടെ ഭർത്താവ്.

മുമ്പൊരിക്കൽ കടുത്ത സാമ്പത്തിക പ്രശ്നം രംഭയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. 2003 ലായിരുന്നു ഈ സംഭവം. ആ വർഷം സഹോദരനൊപ്പം സിനിമാ നിർമാണത്തിലേക്ക് രംഭ കടന്നു. ത്രീ റോസസ് എന്ന സിനിമയാണ് നടി നിർമിച്ചത്. ജ്യോതിക, രംഭ, ലൈല എന്നിവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. രംഭവയ്ക്ക് കനത്ത സാമ്പത്തിക നഷ്ടം ഈ പരാജയമുണ്ടാക്കി.
കടബാധ്യത കനത്തതോടെ ചെന്നെെയിലെ വീട് നടിക്ക് വിൽക്കേണ്ടി വന്നു. ഇതിനിടെ ചെക്ക് ബൗൺസ് കേസിലും രംഭ പ്രതിയായി. എന്നാൽ പിന്നീട് സിനിമകളിലൂടെ തന്നെ ഈ സാമ്പത്തിക പ്രശ്നങ്ങൾ നടി മറികടന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഭോജ്പൂരി, ബംഗാളി ഭാഷകളിലെല്ലാം രംഭ അഭിനയിച്ചിട്ടുണ്ട്. എല്ലാ ഭാഷകളിലും നടിക്ക് ഹിറ്റ് സിനിമകൾ ലഭിച്ചെന്നതും ശ്രദ്ധേയമാണ്.
യാദൃശ്ചികമായാണ് മലയാള സിനിമയിലേക്ക് രംഭ കടന്ന് വരുന്നത്. സ്കൂളിലെ വാർഷിക ദിനത്തിൽ പരിപാടി അവതരിപ്പിച്ച രംഭ സംവിധായകൻ ഹരിഹരന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. പിന്നീട് സർഗം എന്ന സിനിമയെടുത്തപ്പോൾ രംഭയ്ക്ക് അവസരം നൽകി. തെലുങ്കിൽ നടിയുടെ ആദ്യ സിനിമ 'ആ ഒകടി അടക്കു'വിലെ കഥാപാത്രത്തിന്റെ പേരാണ് രംഭ. കരിയറിൽ വഴിത്തിരിവായ കഥാപാത്രത്തിന്റെ പേര് സ്വന്തം പേരായി നടി സ്വീകരിക്കുകയായിരുന്നു. അഭിനയം നിർത്തിയിട്ട് വർഷങ്ങളായെങ്കിലും രംഭയ്ക്ക് ഇന്നും ആരാധകരുണ്ട്.


Click it and Unblock the Notifications