വിവാഹം നടക്കാൻ അമ്മയുടെ വ്രതം, വരനായി കാത്തിരുന്നത് 12 വര്‍ഷം, വീട്ടുകാരുടെ നിയന്ത്രണത്തില്‍ വളര്‍ന്ന രംഭ!
മലയാളത്തിൽ വന്ന് തകർത്ത അന്യഭാഷ നടി മീനയോ നഗ്മയോ ഖുശ്ബുവോ ഒന്നുമല്ല അത് രംഭയാണെന്നാണ് തൊണ്ണൂറുകളിലെ സിനിമാപ്രേമികളോട് ചോദിച്ചാൽ പറയുക. പതിനഞ്ചാം വയസിൽ മലയാളത്തിൽ സർഗം ചെയ്ത് കൊണ്ടാണ് രംഭ അഭിനയത്തിൽ അരങ്ങേറ്റം നടത്തിയത്. സർഗം ഹിറ്റായതോടെ തുടർന്ന് തെലുങ്ക്, തമിഴ്, ഹിന്ദി, കന്നട, ബംഗാളി ഭാഷകളിലേക്ക് അവസരങ്ങൾ വന്നു.
മമ്മൂട്ടിക്കൊപ്പം രംഭ ചെയ്ത ക്രോണിക്ക് ബാച്ച്ലർ ഇപ്പോഴും റിപ്പീറ്റ് വാല്യുവുള്ള സിനിമയാണ്. മയിലാട്ടം, കൊച്ചി രാജാവ്, പായുംപുലി, കബഡി കബഡി എന്നിവയാണ് രംഭ അഭിനയിച്ച് ഹിറ്റായ മറ്റ് മലയാള സിനിമകൾ. മുഴുവൻ സിനിമ വ്യവസായവും രംഭയ്ക്ക് പുറകെയായിരുന്ന സമയത്ത് പോലും അഹങ്കരിക്കാത്ത അഭിനേത്രി കൂടിയാണ് താരം.

അഴകിയ ലൈലയിലൂടെ രംഭ ഇന്ത്യയിൽ ഉണ്ടാക്കിയ ഓളമൊന്നും പിന്നീട് ആരും ഉണ്ടാക്കിയിട്ടില്ല. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിന്ന രംഭ കുടുംബവും കുട്ടികളുമെല്ലാമായി തിരക്കിലാണ്. ഇത്രയും കാലം താരം കാനഡയിലായിരുന്നു താമസം. ഇപ്പോൾ ഭർത്താവിന്റെ ബിസിനസ് ആവശ്യത്തിനായി നടി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അതുമാത്രമല്ല തന്റെ പുത്തൻ വിശേഷങ്ങളും പഴയ സിനിമാ ഓർമകളും അഭിമുഖങ്ങളിലൂടെ മാധ്യമങ്ങളോട് പങ്കുവെക്കുകയും ചെയ്യുന്നുണ്ട് നടി.
അത്തരത്തിൽ തന്റെ വിവാഹത്തെ കുറിച്ചും ഭർത്താവിനെ കുറിച്ചും തമിഴ് ചാനലായ സിനിഉലകത്തിന് നൽകിയ അഭിമുഖത്തിൽ രംഭ പറഞ്ഞതാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ ഭർത്താവ് തന്റെ ഭാഗ്യമാണെന്നാണ് രംഭ പറയുന്നത്. തന്റെ വിവാഹം നടക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്നും രംഭ പറയുന്നു. 'മൂന്നാമത്തെ കുഞ്ഞ് ഇപ്പോള്‍ സ്‌കൂളില്‍ പോകാനൊക്കെ തുടങ്ങി.'
'അതുകൊണ്ട് കുറച്ച് ഫ്രീയായി. അല്ലെങ്കില്‍ വീട്ടുകാര്യങ്ങളിലും മക്കളുടെ കാര്യങ്ങളിലും എല്ലാം തിരക്കിലായിരുന്നു. ഞങ്ങളുടെ കല്യാണം ശരിക്കും സ്വര്‍ഗ്ഗത്തില്‍ തീരുമാനിക്കപ്പെട്ടതാണ്. ഞാന്‍ ചെയ്ത ഏത് പുണ്യത്തിന്റെ ഫലമാണെന്നറിയില്ല എനിക്ക് ഇത്രയും നല്ല ഭര്‍ത്താവിനെ കിട്ടി. ആഗ്രഹിച്ചതുപോലെയാണ് ആള്‍. ഇദ്ദേഹത്തെ മാനേജ് ചെയ്യാന്‍ ഇത്തിരി പാടാണ്. എന്നാലും എന്റെ ഭാഗ്യമാണ്. നിങ്ങള്‍ കരുതുന്നത് പോലെയല്ല.'
'സാധാരണ ഒരു പെണ്‍കുട്ടിയ്ക്ക് വിവാഹം നടക്കുന്നതിലും എത്രയോ പ്രയാസമാണ് സിനിമാ ഇന്റസ്ട്രിയിലുള്ള ഒരു പെണ്‍കുട്ടിയ്ക്ക് വിവാഹം നടക്കുന്നത്. സിനിമാ നടിയാണ്, ബോള്‍ഡാണ്, ഡൊമിനേറ്റ് ചെയ്യും എന്നൊക്കെ കരുതി പലരും വരില്ല. എനിക്കൊരു കല്യാണം നടക്കുമെന്ന് പോലും കരുതിയിരുന്നില്ല. പക്ഷെ കല്യാണം കഴിക്കാനും സെറ്റില്‍ഡാവാനുമൊക്കെ എനിക്ക് ആഗ്രഹമായിരുന്നു. 1998 കാലഘട്ടം മുതല്‍ എന്റെ വിവാഹക്കാര്യം വീട്ടില്‍ വലിയ ചര്‍ച്ചയായി തുടങ്ങിയിരുന്നു.'

'എനിക്കൊരു വരന്‍ വരുമോ കല്യാണം കഴിയുമോ എന്ന കാര്യത്തില്‍ വീട്ടുകാര്‍ക്കായിരുന്നു ഏറ്റവും വലിയ ആധി. എന്റെ കല്യാണം നടക്കാന്‍ വേണ്ടി അമ്മ വ്രതം എടുക്കാനൊക്കെ തുടങ്ങി. അതിനിടയിലാണ് ഒരിക്കല്‍ ചിക്കാഗോയില്‍ ഒരു പരിപാടിയ്ക്ക് വേണ്ടി പോയത്. ഒരു വാലന്റൈന്‍സ് ഡെ പരിപാടിയായിരുന്നു.'
'അവിടെ വെച്ച് ഒരു ഗ്രീറ്റിങ് കാര്‍ഡ് എന്നെ വല്ലാതെ ആകര്‍ഷിച്ചു. എന്ത് ആഗ്രഹിച്ചാലും അത് കിട്ടാന്‍ വേണ്ടി ഞാന്‍ നൂറ് ശതമാനം പരിശ്രമിക്കും. പക്ഷെ ആ കാര്‍ഡ് വാങ്ങണമെങ്കില്‍ എന്റെ കൈയ്യില്‍ കാശില്ല. അച്ഛനും അമ്മയുമാണ് കാശ് എല്ലാം കൈകാര്യം ചെയ്യുന്നത്. എനിക്കൊപ്പം ബോഡി ഗാര്‍ഡിനെപോലെ എപ്പോഴും അവരെല്ലാം ഉണ്ടാവും.'
'എന്റെ അസിസ്റ്റന്റിനോട് കള്ളം പറഞ്ഞ് അമ്മയുടെ അടുത്ത് നിന്ന് കാശ് വാങ്ങിപ്പിച്ച് കഷ്ടപ്പെട്ട് ഞാന്‍ ആ കാര്‍ഡ് വാങ്ങി. 1998ലാണ് കാര്‍ഡ് വാങ്ങിയത്. അന്ന് മുതല്‍ പിന്നീടുള്ള എല്ലാ വാലന്റൈന്‍സ് ഡെയ്ക്കും വരാന്‍ പോകുന്ന എന്റെ ഭര്‍ത്താവിനായുള്ള സന്ദേശം അതില്‍ എഴുതുമായിരുന്നു.'
'12 വര്‍ഷം കാത്തിരുന്നതിന് ശേഷമാണ് ഇന്ദ്രന്‍ ജീവിതത്തിലേക്ക് വന്നത്. ആ കാര്‍ഡിന്റെ അവസാനത്തെ വരി എത്തുമ്പോഴേക്കും ഇന്ദ്രന്‍ ജീവിതത്തിലേക്ക് വന്നു. കാനഡയില്‍ സെറ്റില്‍ഡായ ശ്രീലങ്കന്‍ തമിഴ് ബിസിനസ് മാനാണ് ഇന്ദ്രകുമാര്‍. ഒരു ബിസിനസ് ആവശ്യത്തിന് വേണ്ടിയാണ് ആദ്യമായി ഇന്ദ്രകുമാര്‍ ഇന്ത്യയില്‍ എത്തിയത്. വിളിപ്പിച്ചത് എന്റെ അച്ഛനായിരുന്നു. അങ്ങനെ വീട്ടില്‍ വെച്ചാണ് ആദ്യമായി പരസ്പരം കാണുന്നത്. പിന്നീട് പല അവസരങ്ങളിലും പരസ്പരം കാണാന്‍ ഇടയായി.'
'മൂത്തൂറ്റുമായുള്ള ബിസിനസ് ആവശ്യത്തിന് വേണ്ടി കേരളത്തില്‍ എത്തിയപ്പോള്‍ അവിടെവെച്ചും ഇന്ദ്രൻ എന്നെ കണ്ടു. മമ്മൂട്ടി സാറിനൊപ്പമുള്ള സിനിമ ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. പല അവസരങ്ങളിലും കാണുമായിരുന്നെങ്കിലും അടുത്തേക്ക് പോകാനോ സംസാരിക്കാനോ ഉള്ള അവസരം ഉണ്ടായിരുന്നില്ല. മുന്നില്‍ അച്ഛന്‍, പിന്നില്‍ അമ്മ, സൈഡില്‍ ചേട്ടന്‍ കൂടെ അസിസ്റ്റന്റ് അങ്ങനെ ഫുള്‍ സെക്യൂരിറ്റിയിലായിരിക്കും എപ്പോഴും ഞാൻ. ഒരു ഫോണ്‍ പോലും എനിക്കുണ്ടായിരുന്നില്ല', എന്ന് രംഭ പറയുന്നു.
'ആദ്യ കാഴ്ചയില്‍ തന്നെ ഇന്ദ്രകുമാറിനെ ഇഷ്ടപ്പെട്ടുവെങ്കിലും ഇദ്ദേഹമായിരിക്കും ഇനി എന്റെ ജീവിതമെന്ന് കരുതിയിരുന്നില്ല. പിന്നീട് ഒരു ടെലിവിഷന്‍ ഷോയില്‍ ഞാൻ വിവാഹത്തെ കുറിച്ചൊക്കെ സംസാരിക്കുന്നത് കണ്ടപ്പോള്‍ ഇന്ദ്രകുമാറിനും വല്ലാത്ത ബഹുമാനവും ഇഷ്ടവും തോന്നി. അങ്ങനെയാണ് ആഗ്രഹം വീട്ടുകാരോട് പറയുന്നത്. ആ സമയം തന്നെ ഇന്ദ്രകുമാറിനെ രംഭയ്ക്ക് വേണ്ടി ആലോചിക്കുന്നതിനെ കുറിച്ച് എന്റെ വീട്ടിലും സംസാരിക്കുന്നുണ്ടായിരുന്നു.'
'ഏറെ കുറെ വിവാഹം നടക്കും എന്നായപ്പോള്‍ ഇന്ദ്രനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹം തോന്നി. പക്ഷെ കണ്ട് സംസാരിക്കാനോ വിളിക്കാനോ അവസരം ഇല്ല. സഹോദരന്റെ ഫോണില്‍ നമ്പറുണ്ടെന്ന് അറിയാം. ഒരു ദിവസം പുലര്‍ച്ചെ മൂന്ന് മണിക്ക് എഴുന്നേറ്റ് ചേട്ടന്റെ ഫോണ്‍ എടുത്ത് ഇന്ദ്രനെ വിളിച്ചു. മൂന്ന് മണിക്കൂര്‍ നേരം അന്ന് ഇന്ദ്രനോട് സംസാരിച്ചു.'
'എനിക്ക് എന്തൊക്കെ ഇന്ദ്രനെ കുറിച്ച് അറയണമോ അതെല്ലാം ചോദിച്ചു. എല്ലാം പെര്‍ഫക്ട് ഓകെയായിരുന്നു. അന്ന് ഇന്ദ്രന് ഫ്‌ളൈറ്റ് മിസ്സായി പക്ഷെ ലൈഫ് കിട്ടി', എന്നാണ് ജീവിതപങ്കാളിയെ കുറിച്ച് സംസാരിച്ച് രംഭ പറഞ്ഞത്.


Click it and Unblock the Notifications