സ്റ്റേജിൽ ചെയ്യാൻ മടിച്ചു, സിനിമയ്ക്കുള്ള പൈസ അതിന് കിട്ടില്ല, അവർക്കൊപ്പം ട്രിപ്പ് പോകാൻ ചെയ്യുന്നത്...!
എന്ത് സാഹചര്യവും നർമ്മത്തിലൂടെ കൈകാര്യം ചെയ്യുകയും സംസാരിക്കുകയും ചെയ്യുന്ന രമേഷ് പിഷാരടി മലയാളികൾക്കെല്ലാം പ്രിയങ്കരനാണ്. അടുത്തിടെ മഴവിൽ മനോരമയ്ക്ക് രമേഷ് പിഷാരടി നൽകിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്. മോഹൻലാലിനൊപ്പമുള്ള അനുഭവങ്ങളും കുടുംബത്തെ കുറിച്ചും പ്രിയപ്പെട്ട കൂട്ടുകാർക്കൊപ്പമുള്ള യാത്രകളെ കുറിച്ചുമെല്ലാം പിഷാരടി മനസ് തുറന്നു. ആദ്യം മോഹൻലാലിനൊപ്പം വർക്ക് ചെയ്തപ്പോഴുള്ള അനുഭവങ്ങളാണ് പങ്കുവെച്ചത്.
പെരുച്ചാഴി സിനിമയിലാണ് ഞാൻ ലാലേട്ടനൊപ്പം അഭിനയിച്ചിട്ടുള്ളത്. സ്റ്റേജിൽ കയറി പരിപാടി ചെയ്യുന്ന കാര്യത്തിൽ അദ്ദേഹം സൂപ്പറാണ്. ഇന്ത്യയിലുള്ള മൊത്തം ഹീറോകളെ നോക്കിയാൽ ഒരു ഹീറോയും സ്റ്റേജിൽ ചെയ്യാത്ത അത്രയും പണികൾ ചെയ്യുന്നയാളാണ്. ഒരു സിനിമയ്ക്ക് കിട്ടുന്ന പൈസ പോലും ഒരു ഷോയ്ക്ക് വേണ്ടി വിദേശത്ത് പോയാലോ ഒരു സംസ്കൃത നാടകം പഠിച്ചാലോ ഒന്നും കിട്ടില്ല.

എന്തിന് ഞാൻ ഇത് ചെയ്യണമെന്ന് വേണമെങ്കിൽ ആലോചിക്കാം. പക്ഷെ അങ്ങനൊന്നും ചിന്തിക്കാറില്ല അദ്ദേഹം. സിനിമയിൽ മുപ്പത്തിയാറ് വർഷമായതിന്റെ വലിയൊരു ഷോ അദ്ദേഹത്തിന് വേണ്ടി ഞാൻ ചെയ്തിട്ടുണ്ട്. പുലിമുരുകൻ ഇറങ്ങിയ സമയത്ത് സ്റ്റേജിൽ ഒറിജിനൽ ഫൈറ്റ് വരെ ചെയ്തിട്ടുണ്ട് ലാൽ സാർ.
സിനിമയിൽ നമ്മൾ ഫൈറ്റ് ചെയ്തു അതേ സാധനം നമ്മൾ സ്റ്റേജിൽ ചെയ്തിട്ട് കാലിടറി വീഴുകയെങ്ങാനും ചെയ്താൽ അത് ആൾക്കാർ മുഴുവൻ പറഞ്ഞ് കൊണ്ട് നടക്കുമെന്ന് ലാൽ സാർ പറഞ്ഞു. എന്നിട്ടും അദ്ദേഹം ചെയ്തു. പീറ്റർ ഹെയ്ന്റെ ആൾക്കാർ തന്നെയാണ് ഒപ്പം സ്റ്റണ്ട് ചെയ്തത് രമേഷ് പറയുന്നു. താരങ്ങളായ മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും രമേഷിന്റെ അടുത്ത സുഹൃത്തുക്കളാണ്. മൂവരും കുടുംബമായി ഒരുമിച്ച് ട്രിപ്പുകൾ പോകാറുണ്ട്.
മഞ്ജുവും ചാക്കോച്ചനും ഞാനും എല്ലാം ചേർന്നൊരു ടൂർ സംഘമുണ്ട്. കൊല്ലത്തിൽ ഒരു തവണയെങ്കിലും ഞങ്ങളുടെ സംഘം ടൂർ പോകും. ഒന്നുകിൽ ഏതെങ്കിലും ഷോയുടെ ഭാഗമായിട്ടാകും അല്ലെങ്കിൽ അല്ലാതെ തന്നെ ട്രിപ്പ് പോകും. ഞങ്ങളുടെ ട്രിപ്പുകളെല്ലാം കോർഡിനേറ്റ് ചെയ്യുന്നത് ചാക്കോച്ചന്റെ ഭാര്യ പ്രിയയാണ്. ഒരു ടൂറിനിടയിൽ തന്നെ അടുത്ത ടൂറിനുള്ള ടിക്കറ്റ് വരെ ചിലപ്പോൾ പ്രിയ എടുക്കും. അതോടെ നമ്മൾ ലോക്കാകും.
മഞ്ജുവും ചാക്കോച്ചനുമായെല്ലാം താരതമ്യം ചെയ്യുമ്പോൾ ഇത്രത്തോളം ടൂർ പോകാൻ സാങ്കേതികമായി ആംമ്പിയറുള്ള ആളല്ല ഞാൻ. അതുകൊണ്ട് തന്നെ ട്രിപ്പ് പോകുമ്പോൾ അതിന്റെ വാലിൽ ഞാൻ ഷോയും പിടിക്കും. അങ്ങനെയാണ് ഞാൻ ഇവർക്കൊപ്പം ടൂർ പോകുന്നത്. ഞങ്ങളെല്ലാവരും ഒരുമിച്ച് ഇഷ്ടംപോലെ ടൂർ പോയിട്ടുണ്ട്. എല്ലാം രസമാണ് രമേഷ് പറയുന്നു.

എന്റെ ഭാര്യ ജനിച്ച് വളർന്നത് നോർത്ത് ഇന്ത്യയിലാണെന്നെ ഉള്ളു. മലയാളി തന്നെയാണ്. മലയാളം അറിയാം. എനിക്കൊപ്പം കൂടിയശേഷം നന്നായി പഠിച്ചു. ആദ്യ കാലത്ത് സംസാരിക്കുമ്പോൾ തെറ്റുകൾ വരുത്തുമായിരുന്നു. കാര്യങ്ങൾ മനസിലായാൽ പോരെ... ഞങ്ങൾ തമ്മിൽ രാത്രി ന്യൂസിലേത് പോലെ ഡിബേറ്റൊന്നും ഇല്ലല്ലോ. പൗർണ്ണമി, ഗിരിധർ, ഗോവർദ്ധൻ എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. ഞാൻ അവരെ പീലി, വീരൻ, ധീരനെന്ന് ഓമനിച്ച് വിളിക്കും.
അപ്പു, ഉണ്ണി എന്നൊക്കെ ഇട്ടാൽ വലുതായാൽ ആ പേര് വിളിക്കാൻ കഴിയില്ലല്ലോ. എല്ലാ അച്ഛന്മാരെയും പോലെ ഒരു അച്ഛനാണ് ഞാൻ. മക്കൾ അവരുടെ കാര്യം നോക്കി നിന്നോളും താരം പറഞ്ഞു. സുഹൃത്തുക്കളെ കുറിച്ച് സംസാരിക്കുന്നതിനിടെ പ്രിയ ചങ്ങാതി ധർമ്മജൻ വിവാഹത്തിന് മുമ്പ് ഒളിച്ചോടിയ കഥയും പിഷാരടി പങ്കുവെച്ചു.
ധർമ്മൻ അനുജയെ പെണ്ണുകാണാൻ പോയ കഥയുണ്ട്. ധർമ്മൻ പോയി പെണ്ണ് കണ്ടു. പക്ഷെ വീട്ടുകാർക്ക് തമ്മിൽ തമ്മിൽ ഇഷ്ടപ്പെട്ടില്ല. അതോടെ ധർമ്മനും അനുജയും കൂടി ഒളിച്ചോടി അങ്ങനൊരു സംഭവം അവരുടെ ജീവിതത്തിലുണ്ട്. ധർമ്മജന്റെ മക്കൾക്ക് പേരിട്ടതും പിഷാരടിയാണ്.


Click it and Unblock the Notifications











