'എപ്പോഴും മമ്മൂട്ടിക്കൊപ്പം കാണാമല്ലോ? ട്രോളുകള്‍ ഞാനും കാണാറുണ്ട്; അതിന് കാരണം ഇതാണ്'
കോമഡി ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് പ്രിയപ്പെട്ട വ്യക്തിയാണ് രമേഷ് പിഷാരടി. അടുത്ത കാലങ്ങളായി രമേഷ് പിഷാരടിയെ ഏറ്റവും കൂടുതല്‍ കാണുന്നത് നടന്‍ മമ്മൂട്ടിക്കൊപ്പമാണ്. ഇതിനെ ട്രോളി സോഷ്യല്‍ മീഡിയയില്‍ പലരും ട്രോളി രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ അതിനോട് മറുപടി പറയുകയാണ് നടന്‍ രമേശ് പിഷാരടി.
മൂവീ വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. മമ്മൂക്ക എവിടെ പോയാലും പിഷാരടി ഉണ്ടല്ലോ, ആളുകള്‍ അതിനെ പലരീതിയില്‍ ട്രോളുന്നതും കാണാം. നിങ്ങള്‍ തമ്മിലുള്ള സൗഹൃദം എന്താണ് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പിഷാരടി.

താന്‍ മമ്മൂക്കയുമായുള്ള ബന്ധത്തെ സൗഹൃദം എന്നു പോലും വിളിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് പിഷാരടി ഇതിന് ഉത്തരമായി പറയുന്നത്. സൗഹൃദം എന്നൊക്കെ പറഞ്ഞാല്‍ നമ്മള്‍ തോളില്‍ കൈയ്യിട്ട് നടക്കുക ഒക്കെ വേണം. എനിക്ക് അദ്ദേഹത്തോട് ഉള്ളത് സ്‌നേഹവും ബഹുമാനവുമാണ്. അദ്ദേഹത്തിന് എന്നോട് ഉള്ളത് സ്‌നേഹവും പരിഗണനയുമാണ്.
അദ്ദേഹം എന്നെ പരിഗണിക്കുന്നു. അദ്ദേഹത്തിനടുത്തേക്കുള്ള മാര്‍ജിന്‍ അദ്ദേഹം എനിക്ക് അല്‍പം കൂടി ഇങ്ങോട്ട് വരച്ചു തരുന്നു. നമ്മള്‍ ഒരു കാലഘട്ടം മുഴുവന്‍ തിയേറ്ററില്‍ കണ്ട മലയാള സിനിമയുടെ ഓര്‍മകള്‍, അതിന്റെ ചരിത്രം, രാഷ്ട്രീയം ഇതൊക്കെ അദ്ദേഹത്തോട് നമുക്ക് ചര്‍ച്ച ചെയ്യാന്‍ പറ്റും.
ഇപ്പോള്‍ നേരത്തെ പറഞ്ഞ പോലെ ചില ട്രോളുകള്‍ ഒക്കെ എനിക്കും ചിലര്‍ അയച്ചു തരും. ഇത്തരം ട്രോളുകളെ ഞാന്‍ വളരെ സന്തോഷത്തോടെ സ്വീകരിക്കും. ഒരു പരിപാടി കഴിഞ്ഞ് പോകുമ്പോള്‍ എന്നെ കൂട്ടാന്‍ വരാമെന്ന് പറഞ്ഞ് വരാതെ നേരം വെളുക്കുവോളം കാത്തിരുന്ന് അവസാനം ബസ് കേറി തിരുവനന്തപുരത്തേക്ക് ബസില്‍ നിന്നുറങ്ങി പോയിട്ടുണ്ട്.
അന്നൊക്കെ മനസില്‍ സിനിമ മാത്രമായിരുന്നു ആഗ്രഹം. ആ എനിക്ക് എറണാകുളത്തുള്ള ഒരു സ്റ്റാര്‍ ഹോട്ടലില്‍ എല്ലാ സിനിമാ താരങ്ങളുമുള്ള അമ്മയുടെ മീറ്റിംഗിന് മമ്മൂക്കയുടെ മേ ബാക്ക് കാറില്‍ പോകാന്‍ ഒരു അവസരം കിട്ടുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന സന്തോഷം എനിക്കുണ്ടാക്കുന്ന അഭിമാനം, ഇവര്‍ പറയുന്ന ഏത് വാക്കിനേക്കാളും അപ്പുറം ആണ് എന്നതുകൊണ്ട് ഞാന്‍ അത് ചെയ്യും.
എനിക്ക് അത് വലിയ സന്തോഷം കിട്ടുന്ന കാര്യമാണ്. പിന്നെ അവസരം കിട്ടാന്‍ വേണ്ടി നടക്കുന്നവരുണ്ട് എന്ന് പറയുന്നവരുണ്ട്. ഞാന്‍ അദ്ദേഹത്തെ വെച്ച് ഡയരക്ട് ചെയ്ത പടത്തില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല. ആ വേഷം നീ ചെയ്‌തോ എന്ന് പറഞ്ഞിട്ട് ഞാന്‍ ചെയ്തിട്ടില്ല. ഞാന്‍ ചെയ്ത രണ്ട് പടത്തിലും ഞാന്‍ ചെയ്തിട്ടില്ല.
അതിന് ശേഷം അദ്ദേഹത്തിന്റെ എട്ടോളം സിനിമകള്‍ ഉണ്ട്. അതില്‍ സിബിഐ 5നെ മാറ്റിനിര്‍ത്തിയാല്‍ ഒരു സിനിമയിലും ഞാന്‍ അഭിനയിച്ചിട്ടില്ല. അത്തരം ആരോപണങ്ങള്‍ ഒക്കെ കാര്യങ്ങള്‍ അറിയാതെയാണ്. ഇന്ത്യ മുഴുവന്‍ ആരാധിക്കുന്ന എല്ലാവരും വളരെ ബഹുമാനത്തോടെ കാണുന്ന ഒരാള്‍. എന്തോ ഭാഗ്യം കൊണ്ട് എനിക്ക് ഭാഗ്യം ഇത്തിരി ഇങ്ങോട്ട് നീക്കിയാണ് വരച്ചു തന്നത്.

അതിനെ വളരെ സന്തോഷത്തോടെ ഒരു അവാര്‍ഡ് കിട്ടുന്നതു പോലെ ഞാന്‍ ആസ്വദിക്കുന്നു. എന്തുകൊണ്ടാണ് മമ്മൂക്കയ്ക്ക് എന്നോട് ഈ ഇഷ്ടം എന്ന് അറിയാന്‍ ശ്രമിച്ചിട്ടില്ല. അത് അറിഞ്ഞു കഴിഞ്ഞാല്‍ കൃത്രിമമായി ഞാന്‍ അത് ചെയ്തു തുടങ്ങും. അതുകൊണ്ട് അത് അന്വേഷിക്കേണ്ട. കിട്ടിയത് ഭാഗ്യം എന്നാണ് കരുതുന്നതെന്നും പിഷാരടി പറഞ്ഞു.
അദ്ദേഹത്തെ പോലെ ഒരു വിശാല മനസുള്ള ആള്‍ രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടോ മതപരമായ കാരണങ്ങള്‍ കൊണ്ടോ കലാപരമായ കാരണങ്ങള്‍ കൊണ്ടോ ഒരാളെയും അകറ്റിനിര്‍ത്തില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.


Click it and Unblock the Notifications











