'വ്രണപ്പെടാൻ തയ്യാറായി നിൽക്കുന്ന വികാരങ്ങൾ കാരണം തമാശകളൊന്നും പറയാൻ പറ്റുന്നില്ല'; ധർമജനെ കുറിച്ച് പിഷാരടി!
രമേഷ് പിഷാരടിയും ധര്‍മ്മജനും തമ്മിലുള്ള സൗഹൃദവും സ്‌ക്രീന്‍ കെമിസ്ട്രിയുമൊക്കെ പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുള്ളതാണ്. മിമിക്രി വേദികളില്‍ നിന്നും ഇരുവരും സിനിമയിലേക്കെത്തിയിരുന്നു. തിരക്കുകള്‍ക്കിടയിലും തങ്ങളുടെ സൗഹൃദം അതേപോലെ തുടരുന്നുണ്ട് ഇവര്‍. കുടുംബാംഗങ്ങൾ തമ്മിലും സൗഹൃദമുണ്ട്. 'നിങ്ങള്‍ ഭയങ്കര കെമിസ്ട്രിയാണല്ലോയെന്ന് എല്ലാവരും പറയാറുണ്ട്. എന്നാല്‍ ഞങ്ങള്‍ തമ്മില്‍ അങ്ങനെ വല്യ കെമിസ്ട്രിയൊന്നുമില്ല. ഞങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെല്ലാം വ്യത്യാസമാണ്.'
'ഇതുവരെ കാര്യമായി വഴക്കിട്ടിട്ടില്ല. മണിക്കൂറുകള്‍ കുറ്റം പറഞ്ഞാലും ഞങ്ങള്‍ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുകയും ചെയ്യുമെന്നായിരുന്നു', ധർമ്മജൻ മുമ്പൊരിക്കൽ രമേഷ് പിഷാരടിയുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്. 'ധര്‍മ്മജന്‍ ഒന്നും ഉള്ളില്‍ വെച്ച് പെരുമാറുന്നയാളല്ല. തോന്നുന്നത് പറയും. അതേ പോലെ പ്രവര്‍ത്തിക്കുകയും ചെയ്യും. വളരെ സിന്‍സിയറാണ്. കണ്ടാല്‍ കുഴപ്പക്കാരനാണെന്ന് തോന്നുമെങ്കിലും പുള്ളി വളരെ മര്യാദക്കാരനാണ്.'

'ഞാനില്ലാത്ത സമയത്ത് എന്നെക്കുറിച്ച് ആരെങ്കിലും ധര്‍മ്മജനോട് കുറ്റം പറഞ്ഞാല്‍ അത് സമ്മതിക്കില്ല. തിരിച്ച് ഞാനും അങ്ങനെയാണ്. എത്ര വലിയ ആള്‍ പറഞ്ഞാലും ഞങ്ങള്‍ എതിര്‍ക്കാറുണ്ടെന്നായിരുന്നു', പിഷാരടി ധർമ്മജൻ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടയാളാണെന്ന് വ്യക്തമാക്കി പറഞ്ഞത്. സംവിധാനത്തിലേക്കും സിനിമാ അഭിനയത്തിലേക്കും രമേഷ് പിഷാരടി കൂടുതൽ ശ്രദ്ധകൊടുത്ത് തുടങ്ങിയശേഷം ധർമ്മജൻ-രമേഷ് പിഷാരടി കോമ്പോ ആളുകൾക്ക് മിസ് ചെയ്ത് തുടങ്ങി.
അതിന് പലരും രമേഷ് പിഷാരടിയെയാണ് കുറ്റം പറയാറുള്ളത്. ഇപ്പോഴിതാ മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ധർമജനെ കുറിച്ച് പിഷാരടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.
ധര്‍മ്മജനെ പിഷാരടി ചേര്‍ത്ത് പിടിക്കാത്ത അവസ്ഥയിലേക്ക് പോകുന്നുവെന്ന ചര്‍ച്ച ഉയരുന്നുണ്ടെന്ന് അവതാരകന്‍ പറഞ്ഞപ്പോഴാണ് അതിനുള്ള മറുപടിയായി രമേഷ് പിഷാരടി ധര്‍മ്മജനെ കുറിച്ച് സംസാരിച്ചത്. ധര്‍മ്മജനെ അങ്ങനെ ചേര്‍ത്ത് പിടിക്കേണ്ടതില്ലെന്നും അയാള്‍ തന്നെക്കാള്‍ വലിയ ആളാണെന്നും നല്ല പ്രതിഭയാണെന്നുമാണ് രമേഷ് പിഷാരടി പറഞ്ഞത്.
ധര്‍മ്മജനൊപ്പം പ്രോഗ്രാമുകൾ ചെയ്യാത്തതിന്റെ കാരണവും രമേഷ് പിഷാരടി വ്യക്തമാക്കി. 'ധര്‍മ്മജനെ ചേര്‍ത്ത് പിടിക്കുന്നില്ലെന്നതൊക്കെ ചുമ്മാ പറയുന്നതാണ്. ഞങ്ങൾ ഒരുപാട് വർഷങ്ങളായി ഒരുമിച്ച് പ്രോഗ്രാമുകൾ ചെയ്യുന്നവരാണ്. പിന്നെ ധർമ്മൻ അങ്ങനെ ഞാൻ ചേർത്ത് പിടിക്കേണ്ട ഒരാളല്ല.'

'ധർമ്മൻ എന്നെക്കാൾ വലിയ ആളാണ്. അവൻ നല്ല ഉഗ്രൻ പ്രതിഭയാണ്. പിന്നെ ഓരോ മനുഷ്യരും വ്യത്യസ്തരാണ്. അതിനനുസരിച്ചാണ് അവർ അധ്വാനിക്കുന്നതും കാര്യങ്ങളുമെല്ലാം. ഞങ്ങൾ ഒരുമിച്ച് പരിപാടികൾ ചെയ്യുമ്പോൾ നിങ്ങൾ ഞങ്ങളെ ഒരുമിച്ച് കാണുന്നു. എന്നാൽ ഞങ്ങൾ ഒരുമിച്ച് നിൽക്കുന്ന നിമിഷം നിങ്ങൾ കാണുന്നില്ല. ഇന്നലെ കൂടെ അവൻ എന്നെ വിളിച്ചതേയുള്ളൂ. ഒരുമിച്ചുള്ള പ്രോഗ്രാമുകൾ കുറവായത് കൊണ്ടല്ല ധര്‍മ്മജനൊപ്പം പ്രോഗ്രാമുകൾ ചെയ്യാത്തത്. പൊതുവായി പ്രോഗ്രാമുകൾ ചെയ്യുന്നത് കുറഞ്ഞതാണ് കാരണം.'
'കൊവിഡിന് മുമ്പുതന്നെ സ്റ്റേജ് പരിപാടികൾ ഞാൻ കുറച്ചിരുന്നു. പെട്ടെന്ന് വ്രണപെടാൻ തയ്യാറായി നിൽക്കുന്ന വികാരങ്ങൾ കാരണം ഒന്നും പറയാൻ പറ്റില്ല. പറയുന്ന തമാശകളിൽ നിന്ന് ചിലത് മാത്രമെടുത്ത് വളച്ചൊടിക്കപെടുന്ന സ്ഥിതിയുണ്ട്. അതിൻ്റെ പേരിൽ ചീത്ത കേൾക്കപെടുമ്പോൾ സ്റ്റേജ് പരിപാടികൾ കുറക്കാമെന്ന് തോന്നുകയായിരുന്നെന്നും', പിഷാരടി പറയുന്നു.


Click it and Unblock the Notifications











