twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലൊക്കേഷനില്‍ മമ്മൂക്കയും ലാലേട്ടനുമൊക്കെ കഴിക്കുന്ന പോഷക ബിസ്‌കറ്റ്! പിന്നണി കഥ പറഞ്ഞ് രമേഷ് പിഷാരടി

    |

    ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലേക്ക് എത്തി. മിമിക്രിക്കാരനായി ജനപ്രീതി നേടി. ഇപ്പോള്‍ നടനും സംവിധായകനും നിര്‍മാതാവും അവതാരകനുമൊക്കെയായി തിളങ്ങി നില്‍ക്കുകയാണ് രമേഷ് പിഷാരടി. കൗണ്ടര്‍ കോമഡികളുടെ രാജാവ് എന്ന വിളിപ്പേര് പിഷാരടിയ്ക്ക് സ്വന്തമാണ്. ഇപ്പോഴിതാ ചെറുപ്പത്തില്‍ സിനിമാ ഷൂട്ടിങ് കണ്ട അനുഭവത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം.

    പോഷക ബിസ്‌കറ്റ് എന്ന് തലക്കെട്ടോടെ ഒരു സിനിമാ ഗ്രൂപ്പില്‍ എഴുതിയ രമേഷ് പിഷാരടിയുടെ കഥയാണ് ശ്രദ്ധേയം. സിനിമയുടെ ലൊക്കേഷനില്‍ അസാധാരണമായി ഒന്നും നടക്കുന്നില്ലെന്ന കാര്യം കൂടി ഓര്‍മപ്പെടുത്തി കൊണ്ടാണ് താരം എത്തിയിരിക്കുന്നത്.

    രമേഷ് പിഷാരടിയുടെ കുറിപ്പ്

    എങ്ങനെയെങ്കിലും സിനിമയിലെത്തണം അതിനു വേണ്ടി സ്റ്റേജില്‍ എത്തി. സ്റ്റേജില്‍ നിന്നും ടെലിവിഷനില്‍ എത്തി. അവിടെ നിന്നും സിനിമയിലും മുകളില്‍ പറഞ്ഞ ഈ മൂന്ന് വരികളിലും കൂടെ അഞ്ചു സിനിമക്കുള്ള കഥകളുണ്ട്. പക്ഷെ ഈ ഗ്രൂപ്പില്‍ സിനിമയല്ലാതെ മറ്റൊന്നും ചര്‍ച്ച ചെയ്യാത്തത് കൊണ്ട് പറയുന്നില്ല. സിനിമയിലെത്തിയപ്പോള്‍ തകര്‍ന്ന ഒരു വിഗ്രഹത്തെ കുറിച്ചാണ് ഈ പോസ്റ്റ്... കഥയുടെ പേര് 'പോഷക ബിസ്‌കറ്റ്'.

    രമേഷ് പിഷാരടിയുടെ കുറിപ്പ്

    ഞങ്ങളുടെ വീടിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ ആദ്യം വന്ന ഷൂട്ടിംഗ് 'പവിത്രം' എന്ന ലാലേട്ടന്‍ സിനിമയുടേതാണ് പിറവം പാഴൂരില്‍. സ്‌കൂളില്‍ പഠിക്കുന്ന കുട്ടി എന്ന നിലയിലും വീടിനു തൊട്ടടുത്ത് അല്ലാത്തതിനാലും എന്നെ ഷൂട്ടിംഗ് കാണാന്‍ പോകാന്‍ അനുവദിച്ചില്ല. ചെറുപ്പക്കക്കാരെല്ലാവരും ഷൂട്ടിംഗ് കാണാന്‍ പോയി. തിരിച്ചു വന്ന അവരോടു കൗതുകത്തോടെ വിശേഷങ്ങള്‍ തിരക്കി. അതിലൊരാള്‍ പറഞ്ഞു 'മോഹന്‍ലാലിനെയും ശോഭനയെയും ഒക്കെ ഒന്നു കാണണം. സിനിമക്കരൊന്നും നമ്മള്‍ കഴിക്കുന്നതല്ല കഴിക്കുന്നത്.

     രമേഷ് പിഷാരടിയുടെ കുറിപ്പ്

    ഓരോ ഷോട്ട് കഴിയുമ്പോഴും പാലും പഴവും കൊണ്ട് കൊടുക്കും. അവര്‍ക്കു വേണമെങ്കില്‍ അവരതെടുക്കും ഇല്ലെങ്കില്‍ തട്ടിക്കളയും'. വേണ്ട എന്ന് പറഞ്ഞാല്‍ പോരെ എന്തിനാണ് തട്ടിക്കളയുന്നതു എന്നെനിക്കു തോന്നി. ലൊക്കേഷന്‍ന്റെ ഗെയിറ്റിനകത്തു പോലും കടക്കാന്‍ പറ്റാത്ത ഒരാളുടെ തള്ളാണ് ഇതെന്ന് മനസിലാക്കാനുള്ള ബുദ്ധി എനിക്കും, 'തള്ള് 'എന്ന വാക്ക് ആ കാലത്തു നിലവിലും ഇല്ലായിരുന്നു.

    രമേഷ് പിഷാരടിയുടെ കുറിപ്പ്

    പിന്നീട് കോളേജില്‍ പഠിക്കുമ്പോള്‍ ഉദയംപേരൂര്‍ ചെറുപുഷ്പം സ്റ്റുഡിയോയില്‍ 'രാക്ഷസ രാജാവ്' എന്ന മമ്മുക്ക ചിത്രത്തിന്റെ ഷൂട്ടിംഗ് കാണാന്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ ക്ലാസ് കട്ട് ചെയ്തു പോയി. കയറു കെട്ടി തിരിച്ചിരിക്കുന്നതിനാല്‍ ദൂരെ നിന്ന് മാത്രമേ കാണാന്‍ സാധിക്കു. ലൊക്കേഷനില്‍ ചായക്ക് സമയം ആയി സ്റ്റീല്‍ ബേസിനില്‍ ബിസ്‌ക്കറ്റുകള്‍ വിതരണം ചെയ്യുന്നു. കയറിനടിയിലൂടെ നൂണ്ടു കയറിയ കൂട്ടുകാരന്‍ സുജിത്തിന് ഒരു ബിസ്‌ക്കറ് കിട്ടി. തിരിച്ചു പോരുന്ന വഴി അവന്‍ പറഞ്ഞു 'നമ്മള്‍ കഴിക്കുന്ന ബിസ്‌കറ്റ് ഒന്നും അല്ലട്ടോ അത് എന്തോ ഒരു പോഷക ബിസ്‌കറ്റാണ് എനിക്ക് ഒരു ഉന്മേഷം ഒക്കെ തോനുന്നു'.

    രമേഷ് പിഷാരടിയുടെ കുറിപ്പ്

    കാലങ്ങള്‍ കടന്നു പോയി 'നസ്രാണി' എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിക്കാന്‍ ഞാന്‍ പോയപ്പോള്‍ അങ്ങ് ദൂരെ നിന്നും അതാ വരുന്നു സ്റ്റീല്‍ ബേസിന്‍ അതില്‍ നിറയെ ബിസ്‌ക്കറ്റുകള്‍ അര്‍ഹതയോടെ ആദ്യമായി സിനിമ ഭക്ഷണം കഴിക്കാന്‍ പോകുകയാണ് അതും പോഷക ബിസ്‌ക്കറ്റ്. എന്റെ ഉള്ളില്‍ ആകെ ഒരു ഉന്മേഷം. അപ്പൊ അത് കഴിച്ചാല്‍ എന്തായിരിക്കും... എടുത്തു കഴിച്ചു ആ വിഗ്രഹം ഉടഞ്ഞു. ഇന്ന് ഭൂരിപക്ഷം ആളുകള്‍ക്കും സിനിമയ്ക്കുള്ളിലെ എല്ലാ കാര്യങ്ങളും അറിയാം. അവിടെ അസാധാരണമായി ഒന്നുമില്ലെന്ന സത്യവും. എങ്കിലും ഇത് എഴുതാനുള്ള പ്രേരണ ഒരു ചെറിയ പയ്യനാണ്.

     രമേഷ് പിഷാരടിയുടെ കുറിപ്പ്

    ലോക്ക് ഡൗണിനു മുന്‍പ് 'ദി പ്രീസ്‌റ്'എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചേര്‍ത്തലയില്‍ നടക്കുകയാണ് ലൊക്കേഷനില്‍ പത്തു വയസില്‍ താഴെ മാത്രം പ്രായമുള്ള ഒരു കൊച്ചു പയ്യന്‍ എല്ലാം കൗതുകത്തോടെ നോക്കി നില്‍ക്കുന്നു. ചായ കുടിക്കുന്ന സമയമായപ്പോഴും അവന്‍ വീട്ടില്‍ പോകാതെ അത്ഭുതത്തോടെ അവിടെ നില്‍ക്കുകയാണ്. എന്തെന്നില്ലാത്ത ഒരിഷ്ടം അവനോടു തോന്നിയ ഞാന്‍ അടുത്തേക്ക് വിളിച്ചു കൈയിലുണ്ടായിരുന്ന ബിസ്‌കറ്റിലൊരെണ്ണം അവനു കൊടുത്തു. അത് വായിലിട്ടു രുചിച്ച ശേഷം അവന്‍ എന്നോട് പറഞ്ഞു 'ഇത് സാധാരണ ബിസ്‌കറ്റ് തന്നെയാണല്ലോ'.

    English summary
    Ramesh Pisharody Shares A Story Behind Shooting Location
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X