'ഞാൻ മരിക്കുന്ന വരെയും ആ വേദന എന്റെ ഉള്ളിൽ ഉണ്ടാകും, ആ മുറിവ് അങ്ങനെ ഉണങ്ങില്ല'; നടി ഭാവന പറയുന്നു!
മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് ഭാവന. സ്വന്തം മകളെപ്പോലെയും സഹോദരിയെപ്പോലെയുമാണ് മലയാളി പ്രേക്ഷകര്‍ ഭാവനയെ കാണുന്നത്. അതുകൊണ്ട് തന്നെയാണ് ഭാവനയുടെ വിഷമവും വേദനകളും തങ്ങളുടേത് എന്നത് പോലെ മലയാളികൾ ഏറ്റെടുത്തതും ഹൃദയത്തോട് ചേർത്ത് നടിയെ നിർത്തിയതും.
കഴിഞ്ഞ കുറച്ച് കാലമായി താരം മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. അടുത്തിടെയാണ് താരം വീണ്ടും മലയാളത്തിൽ സിനിമകൾ ചെയ്ത് തുടങ്ങിയത്. ന്റിക്കാക്കക്കൊരു പ്രേമാണ്ടാര്‍ന്നു എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയത്.
ഇപ്പോൾ രണ്ട് മൂന്ന് സിനിമകൾ കൂടി ഭാവനയുടേതായി അണിയറയിൽ റിലീസിനൊരുങ്ങുന്നുണ്ട്. അസൽ തൃശൂർക്കാരിയായ ഭാവന വിവാഹശേഷം ഭർത്താവിനൊപ്പം ബാംഗ്ലൂരിൽ സെറ്റിൽഡാണ്. പൊതു ചടങ്ങുകളിൽ പങ്കെടുക്കാനും സിനിമാ പ്രമോഷനുമായി മാത്രമാണ് താരം കേരളത്തിലേക്ക് എത്താറുള്ളത്. പക്ഷെ സോഷ്യൽമീഡിയ വഴി തന്റെ വിശേഷങ്ങളെല്ലാം ആരാധകരെ താരം അറിയിക്കാറുണ്ട്.

റാണിയാണ് നടിയുടെ ഏറ്റവും പുതിയ റിലീസ്. പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് റാണി. മാലാ പാർവ്വതി, അനുമോൾ, പുതുമുഖം നിയതി, ഇന്ദ്രൻസ്, ഗുരുസോമസുന്ദരം, മണിയൻ പിള്ളരാജു, അശ്വിൻ ഗോപിനാഥ്, അശ്വത് ലാൽ, കൃഷ്ണൻ ബാലകൃഷ്ണൻ, അംബി നീനാസം തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ.
ശങ്കർ രാമകൃഷ്ണന്റേത് തന്നെയാണ് തിരക്കഥ. സ്ത്രീകളെ കേന്ദ്രീകരിച്ചുള്ളതാണ് സിനിമ. സിനിമയുടെ പ്രമോഷനുമായി സജീവമാണ് ഭാവന ഇപ്പോൾ. അതിന്റെ ഭാഗമായി ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ ഭാവന മനസ് തുറന്നു.
കഴിഞ്ഞുപോയ കാലത്ത് തനിക്കുണ്ടായ നഷ്ടങ്ങളെ കുറിച്ചും അത് സമ്മാനിച്ച ഉണങ്ങാത്ത മുറിവുകളെ കുറിച്ചുമെല്ലാം ഭാവന സംസാരിച്ചു. അച്ഛന്റെ മരണമാണ് തന്നെ ഏറെ ബാധിച്ചതെന്നും തന്റെ മരണം വരെ ആ വേർപാട് ഉണ്ടാക്കിയ മുറിവ് ഹൃദയത്തിൽ ഉണങ്ങില്ലെന്നും ഭാവന പറയുന്നു. ഫോണിൽ കഥ കേട്ട് ഇഷ്ടപെട്ടാണ് റാണി സിനിമയിലേക്ക് ഭാവന എത്തിയത്.
കരുത്തുറ്റ കഥാപാത്രങ്ങൾ ഉള്ള സിനിമയാണെന്നും വളരെ സ്ട്രോങ്ങായ സ്റ്റോറി ലൈനാണ് റാണിയുടേതെന്നും ഭാവന പറയുന്നു. 'മലയാളം സിനിമയിൽ നിന്നും മാത്രമാണ് ഞാൻ മാറിനിന്നത്. ഒരുപാട് മൂഡ്‌സ്വിങ്ങ്സൊക്കെയുള്ള ആളായതുകൊണ്ട് തന്നെ കുറച്ചൊക്കെ മനസിനെ അത് ബാധിച്ചിരുന്നു. എല്ലാ മനുഷ്യരെപ്പോലെയും തന്നെ വിഷമങ്ങൾ എന്നെയും ബാധിക്കാറുണ്ട്.'

'ഇന്ന് നമ്മൾ ഓക്കെയാകും സ്ട്രോങ്ങായി നിലനിൽക്കുമെന്ന് രാവിലെ രാവിലെ എണീറ്റ് തീരുമാനിക്കുന്നതല്ലല്ലോ. എന്റെ അച്ഛൻ മരിച്ചിട്ട് എട്ട് വർഷമാകുന്നു. എല്ലാവരും പറയും കാലം മുറിവുണക്കുമെന്ന്. പക്ഷെ ആ മുറിവ് ഞാൻ മരിക്കുന്ന വരെയും അച്ഛൻ പോയ ആ വേദന എന്റെ ഉള്ളിൽ ഉണ്ടാകും. ആ മുറിവ് അങ്ങനെ ഉണങ്ങില്ല.'
'ചിലപ്പോൾ അതിന്റെ തീവ്രത കുറയുമായിരിക്കും. എന്റെ ജീവിതത്തിൽ എല്ലാം ശരിയായി എന്നുപറയുന്ന ഒരു ജീവിതത്തിൽ ഞാൻ എത്തിയിട്ടില്ല. അങ്ങനെ എത്തിയ ആളുകൾ ഉണ്ടോയെന്ന് എനിക്ക് അറിയില്ല. എനിക്ക് എന്റെ കാര്യമല്ലെ അറിയൂ. എന്റെ അഭിനയത്തെ സ്വന്തമായി ജഡ്ജ് ചെയ്യാത്ത ആളാണ് ഞാൻ.'
'സ്വന്തം ജീവിതത്തിൽ കരയുന്ന പോലെ തന്നെയാണ് സ്ക്രീനിലും കരയുന്നത്. കഥ ഇഷ്ടപ്പെട്ടാണ് സിനിമകൾ കൂടുതൽ തെരഞ്ഞെടുക്കുന്നത്. കന്നഡ സിനിമ എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണ്. ഒരുപക്ഷെ എന്റെ ഭർത്താവിനെ കണ്ടുമുട്ടുന്നതും ഞങ്ങൾ ഒരുമിച്ചതും അവിടെ വെച്ചായതുകൊണ്ടാകാമെന്നാണ്', തന്റെ ജീവിതത്തെ കുറിച്ച് വിശദീകരിച്ച് ഭാവന പറഞ്ഞത്. കന്നഡ സിനിമാ നിർമാതാവ് നവീനാണ് ഭാവനയെ വിവാഹം ചെയ്തത്.


Click it and Unblock the Notifications