ഞാനും റോമയും കാറിൽ, ആൾക്കൂട്ടത്തിലേക്കിറങ്ങിയ ഞങ്ങൾ നേരിട്ടത്; ഷട്ടർ ഇടേണ്ടി വന്നു: രഞ്ജിനി ഹരിദാസ്
ആങ്കറിംഗ് രംഗത്തെ സീനിയറായ രഞ്ജിനി ഹരിദാസ് വർഷങ്ങളായി ആൾക്കൂട്ടത്തോട് ഇടപഴകുന്നയാളാണ്. ആൾക്കൂട്ടത്തെ നിയന്ത്രിക്കുക ഒരു ആങ്കർക്കും എളുപ്പമല്ല. ഈയടുത്ത് കോഴിക്കോട് അതിരടി എന്ന സിനിമയുടെ ഇവന്റിന് രഞ്ജിനിയാണ് ആങ്കർ ചെയ്തത്. അവിടെയുണ്ടായ ചില പ്രശ്നങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്ത് വന്നതാണ്. ഇതേക്കുറിച്ച് സംസാരിക്കവെ രഞ്ജിനി ഹരിദാസ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആൾക്കൂട്ടത്തിന്റെ സ്വഭാവം പ്രവചിക്കാനാകില്ലെന്ന് രഞ്ജിനി പറയുന്നു.
തനിക്കുണ്ടായ മറ്റൊരു അനുഭവം രഞ്ജിനി പങ്കുവെക്കുന്നുണ്ട്. ഞാനും റോമയും മറ്റൊരു നടിയും ഏതോ ജ്വല്ലറി ഉദ്ഘാടനത്തിന് പോകുകയാണ്. ഏതോ വലിയ വണ്ടിയിൽ കയറി. ജ്വല്ലറി ഷോപ്പിന് അടുത്ത് വന്ന് നിൽക്കുന്നതിന് മുമ്പ് കാറിന് മുകളിൽ എല്ലാവരും അടിക്കുന്നു. ആളുകൾ എത്ര ഡെസ്പറേറ്റ് ആണ്. റോമയൊക്കെ ഉള്ളത് കൊണ്ട് അവർക്ക് വേണ്ടിയായിരിക്കും അടിയെന്ന് ഞാൻ വിചാരിച്ചു. ആളുകൾ വണ്ടി പിടിച്ച് കുലുക്കുന്നു. ഞങ്ങൾ കുറച്ച് ടെൻഷൻ അടിച്ചു.

ഞാൻ ആങ്കറാണല്ലോ, എന്റെ വിചാരം എനിക്ക് എല്ലാ ക്രൗഡിനെയും ഹാൻഡിൽ ചെയ്യാമെന്നാണ്. എല്ലാവർക്കും വണ്ടിയിൽ നിന്നിറങ്ങാൻ പേടി. പേടിക്കുന്നതെന്തിനാണ്, നമ്മൾ കാശ് വാങ്ങിച്ച് ജോലിക്ക് വന്നതാണ്, പോയി ഉദ്ഘാടനം ചെയ്യാം എന്നായിരുന്നു എനിക്ക്. ഡോർ തുറക്കൂ, ഞാൻ കൺട്രോൾ ചെയ്യാമെന്ന് ഞാൻ പറഞ്ഞു.
ആ അഹങ്കാരത്തിന്റെ ഒരു ആവശ്യവും ഇല്ലായിരുന്നു. ചേട്ടൻമാരെ, ചേച്ചിമാരെ വരൂ നമുക്ക് ഉദ്ഘാടനം ചെയ്യാമെന്ന് പറഞ്ഞ് ഞാൻ ഇറങ്ങി. അതിനിടയിൽ എന്റെ ദുപ്പട്ടയും ചപ്പലും പോയി. എങ്ങനെയോ മുഴുവൻ വസ്ത്രത്തിൽ ഞാനവിടെ എത്തി. പക്ഷെ സാഹചര്യം വളരെ മോശമായിരുന്നില്ല. എങ്ങനെയോ മറ്റ് രണ്ട് ആക്ടേർസിനെയും കൂടെ അവിടെ എത്തിച്ചു.
ഉദ്ഘാടനം ചെയ്തില്ല. നേരെ ഞങ്ങളെ അകത്തേക്ക് കയറ്റി ഷട്ടർ ഇട്ടു. ആളുകളിൽ ഒരാൾ ബ്ലേഡ് വെച്ച് കട്ട് ചെയ്തപ്പോൾ കൊണ്ടത് ഒരു പൊലീസ് ഓഫീസറുടെ കയ്യിലാണ്. ഞരമ്പൊന്നും ആയില്ല. ഞങ്ങളിൽ ആർക്കും അങ്ങനെ പറ്റാമായിരുന്നു. ആൾക്കൂട്ടത്തിന്റെ പ്രവൃത്തികൾ ഞാൻ ചെറുപ്പത്തിലേ മനസിലാക്കിയതാണ്. അമ്പലപ്പറമ്പിൽ പോകുമ്പോൾ ഞങ്ങളെ പിടിച്ച് മാന്തും. കടിക്കും. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നെന്ന് എനിക്കൊരിക്കലും മനസിലായിട്ടില്ല. പിന്നെ നമ്മൾ അഗ്രസീവ് ആകാൻ തുടങ്ങി. സ്വയം സംരക്ഷിച്ചു. സേഫ്റ്റി ആദ്യം നമ്മൾ നോക്കണം. ഇപ്പോൾ സ്റ്റേജ് ഷോകൾക്ക് പോകുമ്പോൾ താൻ ശ്രദ്ധാലുവാണെന്നും രഞ്ജിനി ഹരിദാസ് പറയുന്നു.


Click it and Unblock the Notifications

