എത്ര പണവും തരാം, ഈ നടിമാർ ചെയ്യാറുണ്ടെന്ന് പറഞ്ഞു; മദ്യം കണ്ടതോടെ പ്രശ്നമാക്കി; ഗൾഫ് ഷോയിൽ നടന്നത്
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ ലോകത്തെ വിവാദത്തിലാക്കിയ വെളിപ്പെടുത്തലുകളാണ് ഇക്കഴിഞ്ഞ ആഴ്ചകളിലുണ്ടായത്. തങ്ങൾക്കുണ്ടായ മോശം അനുഭവങ്ങൾ പല നടിമാരും തുറന്ന് പറഞ്ഞു. ഇപ്പോഴിതാ ചില ഉദ്ഘാടനങ്ങളുടെയും ഷോകളുടെയും പിന്നിൽ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് അവതാരകയായ രഞ്ജിനി ഹരിദാസ്. ഉദ്ഘാടന പരിപാടികൾക്ക് അവതാരകയായി രഞ്ജിനി എത്താറുണ്ട്.
തന്നെ വിളിക്കുമ്പോൾ അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ട അനുഭവങ്ങളുണ്ടെന്ന് രഞ്ജിനി പറയുന്നു. ന്യൂസ് 18 നോടാണ് പ്രതികരണം. ഉദ്ഘാടനത്തിന് വിളിക്കുമ്പോൾ കൂടെ ഇത് കൂടെ ചെയ്ത് കൊടുത്താൽ എത്ര കാശ് വേണമെങ്കിലും തരാമെന്ന് പറയുന്നു. ചില നടിമാരുടെ പേര് പറഞ്ഞ് ഇവരൊക്കെ ചെയ്യാറുണ്ടെന്ന് പറയും. പരസ്പര സമ്മതത്തോടെ ആർക്കും എന്തും ചെയ്യാം. അത് അവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്.

തനിക്ക് താൽപര്യമില്ല. ഇതിന് പുറമെ ഷോകൾ ചെയ്യുമ്പോഴും ഇത്തരം സാഹചര്യം താൻ കണ്ടിട്ടുണ്ടെന്ന് രഞ്ജിനി പറയുന്നു. കുറേ വർഷങ്ങൾക്ക് മുമ്പ് ഒരു ഷോ ചെയ്തപ്പോൾ നല്ല ഒരു സംഘം ആർട്ടിസ്റ്റുകളാണ്. ഞാൻ പൊതുവെ ഷോകൾക്ക് പോകുമ്പോൾ ഹോട്ടലുകളിൽ ക്രൂവിന്റെ കൂടെ താമസിക്കില്ല. എവിടെ പോയാലും എനിക്ക് സുഹൃത്തുക്കളുണ്ടാകും. അവരുടെ വീട്ടിലാണ് താമസിക്കുക. ഈ ഷോയിൽ പോയപ്പോൾ ഞാൻ ഷാർജയിൽ എന്റെ സുഹൃത്തിന്റെ വീട്ടിലായിരുന്നു. ഇവരെല്ലാം അജ്മാനിലോ മറ്റോ ആയിരുന്നു.
പ്രാക്ടീസിന് വരുമ്പോൾ ഡാൻസർ കുട്ടികൾ വന്ന് ചേച്ചീ, രാത്രി മുറിയിൽ മുട്ടുന്നുണ്ടെന്നും ഫോൺ കോൾ വരാറുണ്ടെന്നും പറഞ്ഞു. അവർക്ക് കുറച്ച് ഭയമുണ്ട്. കോൾ എടുക്കരുതെന്ന് ഞാൻ പറഞ്ഞു. അതിന് മുമ്പ് ഓർഗനൈസേർസ് വന്ന് ഷോയുടെ സ്പോൺസർമാർക്ക് രഞ്ജിനിയെ കാണാനും ലഞ്ചിന് കൊണ്ട് പോകാനും താൽപര്യമുണ്ടെന്ന് പറഞ്ഞു. അതിൽ കുഴപ്പമില്ലെന്ന് ഞാൻ കരുതി.

തെറ്റായൊന്നും നമ്മൾ ആലോചിക്കുന്നില്ലല്ലോ. ഷോപ്പിംഗ് വല്ലതും ചെയ്യണോ എന്ന് ചോദിച്ചു. വേണ്ടെന്ന് പറഞ്ഞു. ഇതിന് ശേഷമാണ് ആ കുട്ടികൾ മുറിയിൽ തട്ടുന്ന കാര്യം പറയുന്നു. ഈ ഇവന്റ് ചെയ്ത ആൾക്കാർ സ്പോൺസർമാരോട് പറഞ്ഞ് വെച്ചെന്ന് തോന്നുന്നു. ഇങ്ങനെ കുറച്ച് കുട്ടികളുണ്ട്, നിങ്ങൾ ട്രെെ ചെയ്തോളൂ എന്ന രീതിയിൽ. ഇതേ ഗ്രൂപ്പ് ഇവന്റ് കഴിഞ്ഞ് ഡിന്നറിന് ഒരു വാട്ടർ ക്രീക്കിലേക്ക് കൊണ്ട് പോയി. ഇവന്റ് കഴിഞ്ഞ് ക്ഷീണിച്ചാണ് ഞങ്ങൾ ഇരിക്കുന്നത്.
ഒന്നര മണിക്കൂർ ഏതോ ബോട്ടിൽ യാത്ര ചെയ്യണം. അവിടെ പോയി ഡിന്നറിന് പബ്ലിക്കിൽ കുറേ ആൾക്കാരെ വിളിപ്പിച്ചു. അവിടെ ഞാൻ പ്രശ്നമുണ്ടാക്കി. കാരണം അവിടെ ആൽക്കഹോൾ ഉണ്ടായിരുന്നു. അന്ന് ഞാൻ കുറച്ച് വയലന്റായി. ഒരു സ്ത്രീക്ക് ഒരിടത്തേക്ക് പോകുമ്പോൾ അവിടെ കംഫർട്ടബിൾ ആണോയെന്ന് നമുക്ക് മനസിലാകും. ഉള്ളിൽ നിന്ന് ഒരു കോളിംഗ് ഉണ്ടാകും. രഞ്ജിനീ, ഇത് ശരിയല്ലെന്ന്. മോഡലിംഗ് രംഗത്തും ഇത്തരം ചൂഷണങ്ങളുണ്ടെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.


Click it and Unblock the Notifications











