അനൂപിനെ തെരഞ്ഞെടുത്തപ്പോൾ അവർ ആശങ്ക പ്രകടിപ്പിച്ചു, മലയാളത്തിലെ വേറെ ആരെയും സെലക്ട് ചെയ്യാൻ തോന്നിയില്ല!
രഞ്ജിത്ത് എഴുതി സംവിധാനം ചെയ്ത് പൃഥ്വിരാജ്, പ്രിയാമണി, അനൂപ് മേനോൻ എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച് 2008ൽ പുറത്തിറങ്ങിയ സിനിമയാണ് തിരക്കഥ. അജയചന്ദ്രന്റെ റോളിലേക്ക് അനൂപ് മേനോനെ കാസ്റ്റ് ചെയ്തപ്പോൾ തന്റെ സഹപ്രവർത്തകർക്കെല്ലാം ആശങ്കയായിരുന്നുവെന്ന് പറയുകയാണ് രഞ്ജിത്ത്. അനൂപ് അല്ലായിരുന്നുവെങ്കിൽ ആ റോളിലേക്ക് ആരെ കാസ്റ്റ് ചെയ്യുമായിരുന്നുവെന്ന ചോദ്യത്തിനും സംവിധായകൻ മറുപടി നൽകി.
വർഷങ്ങൾക്ക് മുമ്പ് അമൃത ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരക്കഥ എന്ന സിനിമ മറ്റൊരു സംവിധായകന് വേണ്ടി ഞാൻ എഴുതിയിരുന്നവെങ്കിൽ ഉയർന്ന് വരാൻ സാധ്യതയുള്ള ഒരുപാട് ചോദ്യങ്ങളുണ്ട്. അതിൽ പ്രധാനം ആ സിനിമയുടെ കാസ്റ്റിങിൽ ഞാൻ കാണിച്ച ധൈര്യമാണ്.

അനൂപ് മേനോനാണ് ആ സിനിമയിൽ പ്രധാന വേഷം ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോൾ എന്റെ സഹപ്രവർത്തകരിൽ ഒരുപാട് പേർ എന്നോട് നേരിട്ട് അല്ലാതെ വലിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അയാളും അത് അറിഞ്ഞിട്ടുണ്ടാകും. പക്ഷെ ഇത്തരം കാര്യങ്ങളിലൊക്കെ അനൂപ് അൽപം സീസൺഡായ ആളാണ്.
അനൂപ് തന്നെ ഈ സിനിമയുടെ ഡബ്ബിങ് ടൈമിൽ എന്നോട് ചോദിച്ചിട്ടുണ്ട്. ഞാൻ അല്ലായിരുന്നുവെങ്കിൽ ആരായിരുന്നിരിക്കും ആ വേഷം ചെയ്യുകയെന്ന്. മലയാളത്തിൽ എനിക്ക് ആരെയും അങ്ങനെ ഫീൽ ചെയ്തിട്ടില്ല. അനൂപ് ഇല്ലായിരുന്നുവെങ്കിൽ പൃഥ്വിക്ക് കൊടുക്കുമായിരുന്നില്ല. ഞാൻ പകരം തമിഴ് നടൻ മാധവനെ കാസ്റ്റ് ചെയ്യുമായിരുന്നു. അജയ് ചന്ദ്രനായി അനൂപ് സ്ക്രീനിൽ ചെയ്തതിന്റെ എത്രത്തോളം മാധവൻ ചെയ്യുമായിരുന്നുവെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല.
പക്ഷെ ആലോചിച്ച് നോക്കിയപ്പോൾ മാധവന്റെ മുഖവും പേരുമാണ് മനസിൽ വന്നത്. എനിക്ക് ശരിയെന്ന് തോന്നുന്ന ലൊക്കേഷനിൽ എനിക്ക് ശരിയെന്ന് തോന്നുന്ന ആളുകളെ കൊണ്ട് ഫിലിം മേക്ക് ചെയ്യുമ്പോഴാണ് ഞാൻ മെന്റലി റിലാക്സ്ഡാകുന്നത്. ബിസിനസായി മാറുമ്പോഴാണ് അത് ബാധ്യതയാകുന്നത്. വലിയൊരു താരത്തെ വെച്ച് സിനിമ ചെയ്യുമ്പോൾ സിനിമയ്ക്ക് വേണ്ടി ചിലവഴിച്ച പണം എങ്കിലും തിരിച്ച് കിട്ടണമെന്ന ഒരു സാഹചര്യം വരും അപ്പോഴാണ് ടെൻഷൻ വരുന്നത് രഞ്ജിത്ത് പറഞ്ഞു.
സ്കൂൾ ഓഫ് ഡ്രാമ കാലത്തെ ഓർമകളും താരം പങ്കുവെച്ചു. ഞാൻ പഠിക്കുന്ന സമയത്ത് ഈ ബിൽഡിങ് മാത്രമായിരുന്നു സ്കൂൾ ഓഫ് ഡ്രാമയെന്ന് പറയുന്നത്. ഇപ്പോഴുള്ള തിയേറ്ററും മറ്റ് ബിൽഡിങ്സും പിന്നീട് വന്നതാണ്. അന്ന് മറ്റ് ഡിപ്പാർട്ട്മെന്റുകളിൽ പഠിച്ചിരുന്നവർ പോലും തിയേറ്ററിനോട് സ്നേഹമുള്ളവരായിരുന്നു.

ഞങ്ങളുടെ പ്ലെ കാണാൻ എല്ലാവരും വരുമായിരുന്നു. അഭിപ്രായങ്ങൾ പറയുമായിരുന്നു. അവരൊക്കെ ഞങ്ങളുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ വളരെ ധനികരായിരുന്നു. അവരുടെ മുന്നിൽ ഒരു ശോഭനമായ ഭാവിയുണ്ടായിരുന്നു. കാരണം എംഎ ഇക്കണോമിക്സ് കഴിഞ്ഞാൽ ഉടൻ അവർ നേരെ പോകുന്നത് കോളേജ് ലക്ചറർ ആകാൻ ഒക്കെയാണല്ലോ.
അവരിൽ പലരും ഇന്ന് അധ്യാപകരാണ്. ഞങ്ങൾക്ക് എല്ലാത്തിനേയും കുറച്ച് ആശങ്കയായിരുന്നു. മുകളിൽ ആകാശവും താഴെ ഭൂമിയെന്ന രീതിയിൽ ജീവിക്കുന്നവർ. ഞങ്ങൾ ദരിദ്രരായ നാടകക്കാരായിരുന്നു. അവർ മാസം കൃത്യമായി പണം വരുന്ന കുട്ടികളും. ഇക്കണോമിക്സിൽ സുന്ദരികളായ പെൺകുട്ടികൾ ഉണ്ടായിരുന്നു. പക്ഷെ വ്യക്തമായ മേലാള കീഴാള തരംതിരിവുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവർ ഞങ്ങളെ ദയനീയതയോടെ മാത്രമെ നോക്കിയിട്ടുള്ളു.
വേഷവിധാനം കണ്ടാൽ തന്നെ ഞങ്ങളുടെ ദാരിദ്രം മനസിലാകുമല്ലോ. എന്തോ ഒരു യൂസ്ലെസ് കോഴ്സ് പഠിക്കാൻ വേണ്ടി കുറേ ആളുകൾ വന്നിരിക്കുന്നുവെന്ന രീതിയിലാണ് അവർ കണ്ടത്. ഞങ്ങളുടെ മറ്റ് ചില ശീലങ്ങളും പെൺകുട്ടികൾക്ക് ദേഷ്യം തോന്നുന്നവയായിരുന്നു.
അതുകൊണ്ട് തന്നെ ദയാപൂർവം അല്ലാതെ പ്രേമപുരസരം ഒരു പെൺകുട്ടിയും നോക്കിയിട്ടില്ല. എന്ന് കരുതി ഞങ്ങൾ അവരെ നോക്കാതിരുന്നിട്ടില്ല. ജീവിതത്തിലെ ഏറ്റവും നല്ല കാലം നന്നായി ആസ്വദിക്കാൻ കഴിഞ്ഞു. സിനിമാ ജീവിതത്തിൽ പോലും അങ്ങനൊരു കാലം ഉണ്ടായിട്ടില്ലെന്നും രഞ്ജിത്ത് പറയുന്നു.


Click it and Unblock the Notifications

















