ഗോപാലകൃഷ്ണൻ കാവ്യയെയും ദിലീപിനെയും കാസ്റ്റ് ചെയ്തതിന് കാരണം അത് മാത്രമല്ല; തുറന്ന് പറഞ്ഞ് രഞ്ജിത്ത്
സംവിധായകൻ രഞ്ജിത്തിന്റെ സിനിമകൾ പലപ്പോഴും സിനിമാ ലോകത്ത് ചർച്ചയാകാറുണ്ട്. വൻ ഹിറ്റുകളായ ഇദ്ദേഹത്തിന്റെ പല സിനിമികളും വർഷങ്ങൾക്കിപ്പുറം സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നേരിട്ടു. എന്നാൽ ഈ വിമർശനങ്ങളെ രഞ്ജിത്ത് കാര്യമാക്കാറില്ല. ഇത്തരം വാദങ്ങൾക്കെതിരെ രഞ്ജിത്ത് സംസാരിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ സിനിമയിൽ പൊളിറ്റിക്കൽ കറക്നെസ് ഇഴകീറി പരിശോധിക്കുന്നതിനെതിരെ സംസാരിക്കുകയാണ് രഞ്ജിത്ത്. സിനിമയ്ക്ക് യാതൊരു സാമൂഹിക ഉത്തരവാദിത്തവും ഇല്ലെന്ന് രഞ്ജിത്ത് പറയുന്നു.
സിനിമയെക്കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും അനാവശ്യമാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. തെരുവിലേക്കിറങ്ങുമ്പോൾ പല രീതിയിലുള്ള ആളുകളുണ്ടാവും. അത് നിങ്ങളുടെ ജീവൽ പ്രശ്നമായി കാണേണ്ട കാര്യം ഇല്ല. സിപിഐഎം ആണ് കേരളം ഭരിക്കുന്നത്. സിപിഐഎമ്മിന്റെ ആശയം വെച്ചുള്ള സിനിമകൾ ഇവിടെ വന്നിട്ടും പത്ത് പൈസയുടെ കച്ചവടം നടന്നിട്ടില്ല. സിനിമയ്ക്ക് ആൾക്കൂട്ടത്തെ സ്വാധീനിക്കാൻ പറ്റില്ല.

പറ്റുമെന്ന് കരുതുന്നത് വിഡ്ഢികളാണ്. നരസിംഹം എന്ന സിനിമയുടെ ഇന്റർവെലിന് തിയറ്ററിന് പുറത്ത് അടി നടന്നു. ഇറങ്ങി വരുന്നവന്റെയുള്ളിൽ മോഹൻലാലാണ്. ചായ എടെടാ എന്ന് പറഞ്ഞതിന് അടിയായതാണ്. മോഹൻലാലിന്റെ കഥാപാത്രത്തിൽ സ്വാധീനിക്കപ്പെട്ട അയാൾക്ക് രണ്ടടി കിട്ടുമ്പോൾ ശരിയായിക്കോളുമെന്നും രഞ്ജിത്ത് അഭിപ്രായപ്പെട്ടു.
ബിജെപിക്ക് വേണ്ടി പ്രസംഗവും അധിക പ്രസംഗവും നടത്തുന്ന സുരേഷ് ഗോപി വിവരക്കേട് ഒരുപാട് പറയുന്നുണ്ട്. ബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞു. ആളുകൾ ചിരിച്ച് തള്ളുന്നു. അവന്റെയൊരു സിനിമ ഇറങ്ങിയിപ്പോൾ. ഗരുഡൻ. അത് തിയറ്ററിൽ വിജയിച്ചു. അത് കാണുന്നവരിൽ ഡിവൈഎഫ്ഐക്കാരില്ലേ, മുസ്ലിം ലീഗുകാരില്ലേയെന്നും രഞ്ജിത്ത് ചോദിക്കുന്നു.

സാമൂഹിക പ്രസക്തിയുള്ള കാതൽ പോലുള്ള സിനിമകൾ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് രഞ്ജിത്ത് പറയുന്നു. വർഷങ്ങൾക്ക് മുമ്പ് ഐവി ശശി ചെയ്ത ഒരു സിനിമയിൽ മമ്മൂട്ടി ഗൾഫിൽ നിന്ന് വരുമ്പോൾ പെങ്ങൾ കരഞ്ഞ് കൊണ്ടിരിക്കുകയാണ്. കാരണം അളിയൻ ഹോമോസെക്ഷ്വൽ ആണ്. ഈ വിഷയം അന്ന് സംസാരിച്ചിട്ടുണ്ട്. ജിയോ ബേബി സാമൂഹിക വിഷയങ്ങൾ പറയാൻ വേണ്ടി മാത്രം സിനിമയെടുക്കുന്നു എന്ന് പറഞ്ഞ് തള്ളിക്കളയാൻ പറ്റില്ല. അദ്ദേഹത്തിന്റെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ എനിക്ക് ഇഷ്ടമായി.
പക്ഷെ അർഹിക്കുന്നതിനപ്പുറത്ത് ഗൗരവം കൊടുത്ത് ഇതിനെയൊന്നും കൊണ്ട് നടക്കരുതെന്നും രഞ്ജിത്ത് പറയുന്നു. അതൊരു സിനിമയാണ്. അടൂർ ഗോപാലകൃഷ്ണൻ പോലും സിനിമ തിയറ്ററിൽ ഓടി കാശുണ്ടാക്കാൻ നടക്കുന്ന ആളാണ്. അത്യന്തികമായ ലക്ഷ്യം സിനിമ ആളുകൾ കാണുകയെന്നതും നിർമാതാവിന് ലാഭം കിട്ടുകയെന്നതുമാണ്. ഗോപാലകൃഷ്ണൻ അവസാനം കാസ്റ്റ് ചെയ്തത് ദിലീപിനെയും കാവ്യ മാധവനെയുമാണ്.
മലയാളം കണ്ട ഏറ്റവും നല്ല നടനും നടിയും എന്നത് കൊണ്ട് മാത്രമല്ല, അതിന്റെ വിൽപ്പന സാധ്യതകൾ കൂടി കണ്ടെത്തിയായിരിക്കും അദ്ദേഹം കാസ്റ്റ് ചെയ്തത്. അത് കിട്ടിയതുമില്ലെന്നും രഞ്ജിത്ത് പറഞ്ഞു. 2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയെക്കുറിച്ചാണ് രഞ്ജിത്ത് പരാമർശിച്ചത്. ദിലീപും കാവ്യ മാധവനും പ്രധാന വേഷത്തിലെത്തിയ ഈ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
കാവ്യ അവസാനമായി അഭിനയിച്ച സിനിമയുമാണ് പിന്നെയും. രഞ്ജിത്തിന്റെ പഴയ സിനിമകൾ പൊളിറ്റിക്കൽ ഇൻകറക്ട്നെസിന്റെ പേരിൽ ഇപ്പോഴും വിമർശിക്കപ്പെടാറുണ്ട്. ഈ സാഹചര്യത്തിലാണ് ഈ വാദങ്ങളെ തള്ളിക്കളഞ്ഞ് കൊണ്ട് രഞ്ജിത്തിന്റെ പരാമർശം.


Click it and Unblock the Notifications