»   » ഇവര്‍ രഞ്ജിത്തിന്റെ കണ്ടെത്തലുകള്‍

ഇവര്‍ രഞ്ജിത്തിന്റെ കണ്ടെത്തലുകള്‍

Posted By:
Subscribe to Filmibeat Malayalam

രഞ്ജിത്തിന്റെ സിനിമകളിലൂടെ അഭിനയലോകത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സ്ഥാനം കിട്ടിയ ഒത്തിരി സഹനടന്‍മാര്‍ മലയാളത്തിലുണ്ട്. മമ്മൂട്ടി നായകനായ പാലേരി മാണിക്യത്തിലൂടെ കലിംഗ ശശി എന്ന നാടക നടന് വെള്ളിത്തിരയില്‍ ശ്രദ്ധേയനാകാന്‍ സാധിച്ചു. ഒരിക്കലും സിനിമയില്‍ എത്തുമെന്ന് അദ്ദേഹം പോലും കരുതിയിരുന്നില്ല. എന്നാല്‍ കലിംഗശശി എന്ന നടനെയായിരുന്നു രഞ്ജിത്ത് പരിചയപ്പെടുത്തിയത്. പ്രാഞ്ചിയേട്ടനിലെ ഇയ്യപ്പനിലൂടെ ശശിക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചു.

Ranjith Talents

പ്രാഞ്ചിയേട്ടനിലൂടെയാണ് ടിനി ടോം എന്ന തൃശൂരുകാരന് മലയാള സിനിമയില്‍ സ്വന്തമായൊരു മേല്‍വിലാസമുണ്ടായത്. അതുവരെ മിമിക്രി താരമായിട്ടായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ചെറിയ റോളില്‍ മാത്രം വന്നുപോകുന്ന നടന്‍. നന്നായി തൃശൂര്‍ ഭാഷ കൈകാര്യം ചെയ്യുന്ന ഡ്രൈവറുടെ വേഷത്തിലൂടെ ടിനി സിനിമാജീവിതം കൂടുതല്‍ നന്നായി ഡ്രൈവ് ചെയ്തു. ഇന്ത്യന്‍ റുപ്പിയില്‍ പൃഥ്വിരാജിനൊപ്പമുള്ള മുഴുനീള വേഷമായിരുന്നു ടിനിക്കു ലഭിച്ചത്. അതില്‍ കോഴിക്കോടന്‍ ഭാഷയായിരുന്നു കൈകാര്യം ചെയ്തത്. ഇന്ത്യന്‍ റുപ്പി കൂടി റിലീസ് ചെയ്തതോടെ ടിനിക്കും തിരിഞ്ഞുനോക്കേണ്ടി വന്നില്ല. പിന്നീട് ബ്യൂട്ടിഫുളില്‍ മോശമല്ലാത്തൊരു വേഷം. ഇപ്പോള്‍ നിരവധി ചിത്രത്തങ്ങളില്‍ നായകതുല്യവേഷവും ചിലതില്‍ നായക വേഷവും. പ്രാഞ്ചിയേട്ടനില്‍ ഫസ്റ്റ് ഗിയറില്‍ തുടങ്ങിയ യാത്ര ഇപ്പോള്‍ ടോപ് ഗിയറിലാണ്.

പുതിയ ചിത്രമായ സ്പിരിറ്റിലൂടെ രഞ്ജിത്ത് രണ്ടാംജന്‍മം നല്‍കിയ നടനാണ് നന്ദു. പ്ലംബര്‍ മണിയിലൂടെ ശരിക്കുമൊരു മേക്ക് ഓവര്‍. നരച്ച താടിയും കറപുരണ്ട പല്ലും ചപ്രതലമുടിയും പിന്നെ അകത്തും വെള്ളവും പുറത്തും വെള്ളം. നന്ദുവാണെന്നു തിരിച്ചറിയാന്‍ പ്രയാസം. നന്ദു എന്ന നടന്‍ സിനിമയിലെത്തിയിട്ട് 26 വര്‍ഷമായി. ഇക്കാലയളവില്‍ എടുത്തുപറയാന്‍ പറ്റുന്നതായി വിരലിലെണ്ണാവുന്ന വേഷം മാത്രം. മോഹന്‍ലാലിനൊപ്പം തന്നെയാണ് നന്ദു എന്നും സ്‌ക്രീനില്‍ എത്തിയിരുന്നത്. പ്രിയദര്‍ശന്‍ ക്യാംപിലെ സ്ഥിരം അംഗമായിരുന്നു. എന്നാല്‍ നന്ദുവിലെ നടനെ തിരിച്ചറിയാന്‍ രണ്ടര പതിറ്റാണ്ടു വേണ്ടിവന്നു എന്നര്‍ഥം.

രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ബട്ടര്‍ഫ്‌ളൈസ് എന്ന ചിത്രം ഓര്‍മയില്ല. അതില്‍ കാമുകിയെ തട്ടികൊണ്ടുവരാന്‍ ലാലിന്റെ കഥാപാത്രത്തെ കാണാനെന്നുന്ന മെലിഞ്ഞ പയ്യന്‍. അതായിരുന്നു അക്കാലത്ത് ബ്രേക്ക് ലഭിച്ച വേഷം. പക്ഷേ പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ മാത്രം ഒതുങ്ങാനായിരുന്നു കുറച്ചുകാലം നന്ദുവിന് വിധി. രഞ്ജിത്തിന്റെ തിരക്കഥയിലാണ് പിന്നീട് നല്ലൊരു വേഷം ലഭിക്കുന്നത്. ഇനിയുള്ള കാലത്ത് നന്ദുവിനെ തേടി കൂടുതല്‍ നല്ല വേഷം വരുമെന്ന കാര്യത്തില്‍ സംശയമില്ല.

മലയാളത്തിലെ നടന്‍മാരില്‍ നിന്നെല്ലാം എന്തെല്ലാം ലഭിക്കുമെന്ന് തിരിച്ചറിയാന്‍ സാധിച്ച അപൂര്‍വം സംവിധായകരില്‍ ഒരാളാണ് രഞ്ജിത്ത്. മോഹന്‍ലാല്‍ മീശപിരിച്ച് മുണ്ടു മടക്കിക്കുത്തിയാല്‍ തനി മാടമ്പിയാകുമെന്ന് ആദ്യമായി കാണിച്ചത് രഞ്ജിത്തായിരുന്നു. ഐ.വി.ശശി സംവിധാനം ചെയ്ത് രഞ്ജിത്ത് തിരക്കഥയെഴുതിയ ദേവാസുരത്തിലൂടെ ലാലിന്റെ മറ്റൊരു മുഖം നാം കണ്ടു. പിന്നീട് ആറാംതമ്പുരാന്‍, ദേവാസുരം എന്നിവയിലൂടെ ലാല്‍ ഈ വേഷത്തിന്റെ ഉന്നതിയിലെത്തി.

മമ്മൂട്ടി എന്ന നടന് ഒരേസമയം മൂന്നു വ്യത്യസ്ത വേഷം ചെയ്യാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞാണ് പാലേരിമാണിക്യം മമ്മൂട്ടിയെ ഭദ്രമായി ഏല്‍പ്പിക്കുന്നത്. ഈ സംവിധായകന്റെ ഉള്‍ക്കാഴ്ച തെറ്റിയില്ല എന്ന് ചിത്രം പ്രേക്ഷകരെ ബോധ്യപ്പെടുത്തി. പൃഥ്വിരാജ് എന്ന യുവനടനെ മലയാളത്തിലേക്കു കൊണ്ടുവന്നതും രഞ്ജിത്തല്ലേ. അതിനുശേഷം എത്ര യുവാക്കള്‍ മലയാളത്തില്‍ വന്നു. അവരില്‍ പൃഥ്വിയെ പോലെ സിനിമയില്‍ തിളങ്ങാന്‍ എത്രപേര്‍ക്കു സാധിച്ചു?

English summary
Ranjith introduced and pramoted some talents in Malayalam Cinema, Most of them felt Ranjiths's film as a launch pad. Most of them became popular.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam