എന്തിനായിരുന്നു ആ വേർപിരിയൽ?; പ്രിയയെ വിട്ട് രാഗസുധയെ വിവാഹം ചെയ്തപ്പോൾ; രഞ്ജിത്തിന് സംഭവിച്ചത്
വില്ലൻ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് രഞ്ജിത്ത്. നാട്ടുരാജാവ്, രാജമാണിക്യം, ചന്ദ്രോത്സവം തുടങ്ങിയ സിനിമകളിൽ രഞ്ജിത്ത് ചെയ്ത കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. ഇന്ന് സീരിയൽ രംഗത്താണ് നടൻ കൂടുതൽ സജീവം. രഞ്ജിത്തിന്റെ ജീവിതവും ഇടയ്ക്ക് ജനശ്രദ്ധ നേടിയിട്ടുണ്ട്. നടി പ്രിയ രാമനുമായുള്ള പ്രണയവും വിവാഹവും, പിന്നീടുണ്ടായ വേർപിരിയൽ, ശേഷം വീണ്ടും ഒരുമിക്കൽ തുടങ്ങി പല സംഭവങ്ങൾ രഞ്ജിത്തിന്റെ ജീവിതത്തിൽ നടന്നു.
1999 ൽ നേസം പുതുസ് എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നതിനിടെയാണ് രഞ്ജിത്തും പ്രിയ രാമനും പ്രണയത്തിലായത്. വൈകാതെ രണ്ട് പേരും വിവാഹ ജീവിതത്തിലേക്ക് കടന്നു. രണ്ട് ആൺമക്കളാണ് ദമ്പതികൾക്ക് ജനിച്ചത്. എന്നാൽ വർഷങ്ങൾ കടന്ന് പോകവെ രണ്ട് പേർക്കും ഇടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. 2014 ൽ പ്രിയ രാമനും രഞ്ജിത്തും ഔദ്യോഗികമായി വേർപിരിയുകയും ചെയ്തു. മക്കളുടെ ഉത്തരവാദിത്വം പ്രിയ രാമൻ ഏറ്റെടുത്തു.

മറുവശത്ത് രഞ്ജിത്ത് മറ്റൊരു വിവാഹ ബന്ധത്തിലേക്ക് കടന്നു. വിവാഹമോചനം നേടിയ വർഷം തന്നെ നടി രാഗസുദയെ രഞ്ജിത്ത് വിവാഹം ചെയ്തു. എന്നാൽ ഒരു വർഷത്തിനുള്ളിൽ ഈ ബന്ധം പിരിഞ്ഞു. പിന്നീട് രഞ്ജിത്തും പ്രിയ രാമനും വീണ്ടും ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചു. വിവാഹമോചിതരായി ഏഴ് വർഷം കഴിഞ്ഞപ്പോഴാണ് രണ്ട് പേരും വീണ്ടും ഒരുമിച്ചത്. അന്ന് വലിയ തോതിൽ ഇക്കാര്യം വാർത്താ പ്രാധാന്യം നേടി.
വീണ്ടും ഒരുമിക്കാനുള്ള രണ്ട് പേരുടെയും തീരുമാനത്തെ ഏവരും അഭിനന്ദിച്ചു. പ്രിയ രാമന്റെയും രഞ്ജിത്തിന്റെ വിവാഹമോചനത്തിന് കാരണം എന്തായിരുന്നു എന്നത് സംബന്ധിച്ച് ചില അഭ്യൂഹങ്ങൾ തമിഴ് മാധ്യമങ്ങളിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. രാഗസുധയുമായുള്ള രഞ്ജിത്തിന്റെ അടുപ്പം പ്രിയ രാമൻ അറിഞ്ഞതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും ഇത് വിവാഹമോചനത്തിൽ കലാശിച്ചെന്നുമെന്നാണ് സൂചനകൾ.

പിരിഞ്ഞതിന് കാരണമെന്തെന്ന് താരങ്ങൾ തുറന്ന് പറഞ്ഞിരുന്നില്ല. എല്ലാം മറന്ന് വീണ്ടും ഇരുവരും ഒന്നിച്ചതിന്റെ സന്തോഷം ആരാധകർക്കുണ്ട്. സിനിമാ രംഗത്ത് പ്രിയ രാമനെ ഇപ്പോൾ കാണാറില്ല. തമിഴ് സീരിയലുകളിൽ നടി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വല്ലി എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയ രാമൻ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്.
മലയാളത്തിൽ സൈന്യം ആണ് ആദ്യ ചിത്രം. ആറാം തമ്പുരാനിൽ പ്രിയ രാമൻ ചെയ്ത വേഷം ഇന്നും പ്രേക്ഷകർ ഓർക്കുന്നു. കുറച്ച് സമയം മാത്രമേ പ്രിയ രാമനെ ആറാം തമ്പുരാനിൽ കാണുന്നുള്ളൂയെങ്കിലും കഥാപാത്രം വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു. സ്നേഹ തീരം പാവക്കൂത്ത്, ഓർമ്മ തുടങ്ങി നിരവധി മലയാളം സീരിയലുകളിലും പ്രിയ രാമൻ അഭിനയിച്ചിട്ടുണ്ട്.
രഞ്ജിത്തുമായുള്ള വിവാഹമോചനത്തിന് ശേഷം നടി രാഗസുധയെ ലൈം ലൈറ്റിൽ കണ്ടിട്ടില്ല. 90 കളിൽ നിരവധി തമിഴ്, തെലുങ്ക് സിനിമകളിൽ രാഗസുധ അഭിനയിച്ചിട്ടുണ്ട്. അരങ്ങ്, ഭൂമിക ഉൾപ്പെടെ അഞ്ചോളം മലയാള ചിത്രങ്ങളിലും രാഗസുധ സാന്നിധ്യം അറിയിച്ചു. ഒരു കാലത്ത് തമിഴ് സിനിമകളിൽ നിറ സാന്നിധ്യമായിരുന്ന രഞ്ജിത്തിനെയും ഇന്ന് സിനിമാ ലോകത്ത് കാണാനില്ല. സീരിയലുകളിലാണ് നടനിപ്പോൾ സജീവം. സോഷ്യൽ മീഡിയയിൽ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ രഞ്ജിത്ത് ഇടയ്ക്ക് പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications











