വീട് അലങ്കരിച്ചില്ല, മുഹൂർത്തം നോക്കിയില്ല; ഭരണഘടന സാക്ഷിയാക്കി വേടനും നവമിയും പുതിയ ജീവിതത്തിലേക്ക്!
പ്രശസ്ത റാപ്പറും ഗാനരചയിതാവുമായ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും യുവ എഴുത്തുകാരി നവമി ലതയും വിവാഹിതരായി. പൊതുവെ കണ്ട് വരാറുള്ള സെലിബ്രിറ്റ് വെഡ്ഡിങുകളിൽ നിന്നെല്ലാം വളരെ വിഭിന്നമായിരുന്നു വേടന്റെ വിവാഹ ചടങ്ങുകൾ. രജിസ്റ്റർ വിവാഹമാണ് ഇരുവരും തെരഞ്ഞെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കി രജിസ്റ്ററിൽ ഒപ്പുവെച്ചശേഷം ഇരുവരും ചേർന്ന് കേക്ക് മുറിച്ചു. ശേഷം ക്ഷണിക്കപ്പെട്ട അതിഥികൾക്കായി ചെറിയൊരു വിരുന്ന് ഒരുക്കി.
അതിഥികളുടെ എണ്ണം പോലും വളരെ കുറവായിരുന്നു. വേടന്റെ വിവാഹത്തെ കുറിച്ച് സഹോദരൻ പറഞ്ഞത് ഇങ്ങനെ... രജിസ്റ്റർ മാരേജാണ്. വീട്ടിൽ വെച്ച് ചെറിയൊരു ചടങ്ങായാണ് നടത്തിയത്. വേറെ പ്രത്യേകിച്ച് പരിപാടികൾ ഒന്നും ഇല്ല. വീടിന് അടുത്തുള്ള കുറച്ച് ആളുകളേയും ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രമാണ് ക്ഷണിച്ചത്.

വേറെ പരിപാടികൾ ഒന്നും ഇല്ല. വീടിന് അടുത്ത് തന്നെ ചെറിയൊരു പരിപാടി സെറ്റ് ചയ്യുകയാണ് ചെയ്തത്. രജിസ്റ്റർ മാരേജ് മാത്രം നടത്തിയാൽ മതിയെന്നായിരുന്നു ആളുടെ (വേടന്റെ) തീരുമാനം. പിന്നെ ഞങ്ങളും സുഹൃത്തുക്കളും എല്ലാം ചേർന്ന് കുറച്ച് പേരെയെങ്കിലും വിളിച്ച് ഭക്ഷണം കൊടുക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
ചെറിയ രീതിയിൽ വിവാഹം നടത്തിയാൽ മതിയെന്ന കൺസപ്റ്റായിരുന്നു പണ്ട് മുതൽ വേടന്. കല്യാണം വലിയ ആഢംബരമായി കൊണ്ടാടേണ്ടതില്ലല്ലോ എന്നാണ് പറഞ്ഞത്. വേടനുമായി പ്രണയത്തിലായപ്പോൾ മുതൽ നവമിയെ അറിയാം. അടിപൊളി കുട്ടിയാണ് നവമി. വിവാഹ തിയ്യതി പെട്ടന്നാണ് തീരുമാനിച്ചത്. വേടൻ പോലും വൈകിയാണ് അറിഞ്ഞത്. ഞങ്ങൾ രണ്ട് ഫാമിലിയും മാത്രമായിരുന്നു വിവാഹ തിയ്യതി തീരുമാനിക്കുമ്പോൾ ഉണ്ടായിരുന്നത്.
ചൊവ്വാഴ്ച വിവാഹം നടത്താൻ തെരഞ്ഞെടുത്തതല്ല. ഇന്ന് മാത്രമായിരുന്നു വേടന് തിരക്കില്ലാത്ത ദിവസം. മറ്റ് എല്ലാ ദിവസങ്ങളിലും രണ്ട് പേർക്കും വർക്കുകളുണ്ട്. വളരെ പേഴ്സണലായി അറിയാവുന്നവർ മാത്രമാണ് ഗസ്റ്റുകൾ. എല്ലാവരും വേടനേയും നവമിയേയും അനുഗ്രഹിക്കുക. ഗ്രാന്റ് എന്ന വാക്ക് തന്നെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചുരുങ്ങിയ രീതിയിൽ വിവാഹം നടത്തിയത്.
ആഢംബരത്തിൽ ഇടുന്ന പണം കൊണ്ട് മറ്റ് പല കാര്യങ്ങൾ നമുക്ക് ചെയ്യാമല്ലോ. വേടന് സ്വന്തമായുള്ള പണം കുറവാണ്. സുഹൃത്തുക്കൾ എല്ലാം ചേർന്നാണ് നടത്തുന്നത്. അതിനും വേടൻ എതിരായിരുന്നു. വേടൻ കാരണം ജീവിതം മുന്നോട്ട് കൊണ്ടപോകുന്ന ഒരുപാട് ആളുകളുണ്ട്. രജിസ്റ്റർ മാരേജ് അല്ലാതെ വേറൊരു ചടങ്ങുമില്ല. മുഹൂർത്തം നോക്കിയിട്ടില്ല. മധുരത്തിനായി കേക്ക് മുറിച്ചു അത്രമാത്രം.

സ്നേഹിക്കുന്ന മനുഷ്യന്മാർ ഒരുമിച്ച് ചേരുന്നത് തന്നെയാണ് മുഹൂർത്തം സഹോദരൻ പറഞ്ഞു. വിവാഹശേഷം വേടനും വധുവും മാധ്യമങ്ങളെ കണ്ടു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിലാണ് ഞാൻ. ഞങ്ങളുടെ വിജയത്തിൽ കൂടെ നിൽക്കുന്നവർക്കും ഞങ്ങളുടെ മനസുകൾ കാത്ത് സൂക്ഷിക്കുന്നവർക്കും നന്ദി അറിയിക്കുന്നു.
പ്രതീക്ഷിച്ചതിനേക്കാൾ അടിപൊളിയായാണ് വിവാഹം നടന്നത്. ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അതിന് എല്ലാത്തിനും കാരണം നിങ്ങളുടെ അനുഗ്രഹമാണ്. ചെറിയ പരിപാടിയായിരുന്നുവെന്നത് ആരാധകർക്ക് മനസിലാകും. എന്റെ വീട് പോലും അലങ്കരിച്ചിട്ടില്ല. അത്രത്തോളം ചെറിയ പരിപാടിയാണ്. ഞങ്ങൾ രണ്ടുപേരും മാത്രമാണ് സുന്ദരന്മാരായി വന്നിരിക്കുന്നത്. ഭരണഘടനയെ സാക്ഷിയാക്കി നിർത്തിയായിരുന്നു വിവാഹം.
അത് ഭാവിയിൽ ഞങ്ങളുടെ മക്കൾക്കും ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരും വന്നതിന് നന്ദി എന്നാണ് വേടൻ പറഞ്ഞത്. ആരാധകരും സെലിബ്രിറ്റികളുമെല്ലാം സോഷ്യൽമീഡിയ വഴിയും അല്ലാതെയും നവദമ്പതികൾക്ക് ആശംസകൾ നേർന്നു. വേടന്റെ എല്ലാ വിഷമഘട്ടങ്ങളിലും കൂടെ നിന്ന നവമി തന്നെയാണ് വേടന് കിട്ടാവുന്നതിൽ ഏറ്റവും നല്ല ജീവിത പങ്കാളി എന്നാണ് ആരാധകർ കുറിച്ചത്.


Click it and Unblock the Notifications

















