'സ്കൂളിൽ അഡ്മിഷൻ എടുക്കാൻ പോകാൻ പോലും പറ്റിയില്ല, അന്ന് അത് ഒരു ട്രോമയായിരുന്നു'; രസികൻ താരം ഹരി!
മുരളി ഗോപിയുടെ തിരക്കഥയിൽ ദിലീപ്, സംവൃത സുനിൽ, അബി, ജഗതി ശ്രീകുമാർ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ലാൽജോസ് സംവിധാനം ചെയ്ത ചിത്രമാണ് ഏത് കാലത്തും റിപ്പീറ്റ് വാല്യുവുള്ള രസികൻ സിനിമ. ശിവൻകുട്ടി എന്ന കടുത്ത മോഹൻലാൽ ആരാധകനിൽ നിന്നും വികസിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന ചില സംഭവവികാസങ്ങളുടെ നേർകാഴ്ചയാണ്.
ഒരു പ്രത്യേക സാഹചര്യത്തിൽ അയാൾക്ക് സ്ഥലത്തെ ലോക്കൽ ദാദയായ കാള ഭാസ്കരനുമായി ഏറ്റുമുട്ടേണ്ടി വരുന്നതും പിന്നീട നടക്കുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രം പറയുന്നത്. സിനിമയിലെ പാട്ടുകളും സീനുകളുമെല്ലാം ഇന്നും മലയാളികൾക്കിടയിൽ ഹിറ്റാണ്. അക്കൂട്ടത്തിൽ ഒരു ഡയലോഗും അത് പറഞ്ഞ ഒരു കുട്ടിത്താരവും പ്രേക്ഷകരുടെ കയ്യടി വാങ്ങി.

ഉള്ളീന്ന് വരണം... ഉളളീന്ന് വരണം എന്ന് മാമന്‍ പറയുന്നുണ്ടല്ലോ... ഉള്ളിലേക്ക് വല്ലതും പോയോന്ന് ചോദിച്ചോ എന്ന ഡയലോഗ് പറഞ്ഞ് താരമായ ബാലതാരം ഹരി പ്രസന്ന മുരളിയാണ്. കുട്ടിച്ചാത്തൻ അടക്കമുള്ള സീരിയലുകളിൽ അഭിനയിച്ച് കുട്ടിക്കാലത്ത് മലയാളികൾക്ക് പ്രിയപ്പെട്ട ബാലതാരമായിരുന്നു ഹരി. ബാലതാരം വളർന്ന് എഡിറ്ററായി ജോലി ചെയ്യുകയാണ് ഇപ്പോൾ.
കാസർകോട് സ്വദേശിയായ ഹരിക്ക് എഴുത്തിലും കമ്പമുണ്ട്. രസകനിൽ മാത്രമല്ല പട്ടണത്തിൽ ഭൂതം അടക്കമുള്ള സിനിമകളിലും ഹരി അഭിനയിച്ചിട്ടുണ്ട്. എന്നാൽ ബാലതാരമായി പ്രശസ്തി നേടിയ ശേഷം തനിക്കുണ്ടായ ഒരു ട്രോമയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഹരി പ്രസന്ന മുരളി.
കഴിഞ്ഞ ദിവസം കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് കുട്ടിക്കാല അനുഭവങ്ങൾ ഹരി പങ്കുവെച്ചത്. തന്നെ കാണാനായി എത്തിയവർ വളഞ്ഞതിനാൽ സ്കൂളിൽ അഡ്മിഷൻ എടുക്കാൻ പോകാൻ പോലും പറ്റിയില്ലെന്നാണ് ഹരി പറയുന്നത്. 'എല്‍.പി സ്‌കൂളില്‍ പഠിച്ച് യു.പി സ്‌കൂളിലേക്ക് മാറുന്ന സമയത്ത് ഞാന്‍ കുട്ടിച്ചാത്തന്‍ ചെയ്യുകയാണ്.'
'കുട്ടിച്ചാത്തന്‍ നൂറാമത്തെ എപ്പിസോഡില്‍ എത്തി നില്‍ക്കുന്ന സമയം. ഞാന്‍ അന്ന് ജോയിന്‍ ചെയ്യാന്‍ കുറച്ച് വൈകിയിരുന്നു. അതുകൊണ്ട് എനിക്ക് യൂണിഫോമുണ്ടായിരുന്നില്ല. കളര്‍ ഡ്രസിട്ടിട്ടാണ് സ്‌കൂളിലേക്ക് പോകുന്നത്. അന്ന് കണ്ടിന്യുറ്റിയുടെ ഇഷ്യു വരുന്നത് കാരണം മുടി മുറിക്കാനും പറ്റില്ല. നീണ്ട മുടി കെട്ടിവെച്ചിട്ടാണ് പോകുന്നത്.'

'ഞാന്‍ സ്‌കൂളില്‍ എത്തി കുറച്ച് കഴിഞ്ഞതും ക്ലാസ് നിറയെ ആളുകളെത്തി. അന്ന് സോഷ്യല്‍ മീഡിയകളൊന്നും ഇല്ലാത്ത സമയമാണ്. എന്നും വൈകുന്നേരം ഏഴ് മണിക്ക് ടി.വിയില്‍ കാണുന്ന ഒരാളെ ആദ്യമായി അവര്‍ക്ക് നേരിട്ട് കാണാന്‍ ഒരു അവസരം കിട്ടുകയാണ്. അന്ന് കുട്ടികള്‍ ചുറ്റും കൂടിയതോടെ എന്നെ സെക്യൂരിറ്റിയുടെ റൂമില്‍ പൂട്ടിയിട്ടു.'
'എന്നിട്ട് കുട്ടികള്‍ ഓരോരുത്തരായി വന്ന് കണ്ട് പോയി. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത് വലിയ പ്രശ്‌നമില്ല. എന്നാല്‍ അന്ന് അങ്ങനെയല്ല. അന്ന് വലിയൊരു ട്രോമയായിരുന്നു. എട്ടാം ക്ലാസില്‍ എത്തിയപ്പോഴേക്കും അഭിനയം നിര്‍ത്താനുള്ള ഒരു കാരണം പോലും ഇതായിരുന്നു.'
'നമ്മളെ ഒരാളും കളിക്കാന്‍ കൂടെ കൂട്ടില്ല. ചിലര്‍ സംസാരിക്കില്ല. ആളുകള്‍ക്ക് പേടിയായിരുന്നു. ഈ കുട്ടി എന്തോ വലിയ സംഭവമാണ് അതുകൊണ്ട് മിണ്ടാന്‍ പാടില്ലെന്ന ചിന്തകള്‍ വരെ ചിലർക്ക് ഉണ്ടായിരുന്നുവെന്നും', ഹരി മുരളി അനുഭവം വെളിപ്പെടുത്തി പറഞ്ഞു. നിരവധി സിനിമകളും സീരിയലുകളും ചെയ്തിട്ടുണ്ടെങ്കിലും ഹരിയെ ആളുകൾ ഓർക്കുന്നത് രസികനിലെ കുറുമ്പനായിട്ട് തന്നെയാണ്.


Click it and Unblock the Notifications