സെറ്റ് നിയന്ത്രിക്കാൻ പരസ്യമായി തെറിവിളി, സിനിമ നന്നാക്കാൻ എടുക്കുന്ന സ്വാതന്ത്ര്യം?; രതീഷിന് വിമർശനം!
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം, ന്നാ താൻ കേസ് കൊട് തുടങ്ങിയ ഹിറ്റ് സിനിമകൾ സമ്മാനിച്ച് ശ്രദ്ധനേടിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ. ഇദ്ദേഹം ചെയ്ത അഞ്ച് സിനിമകളിൽ മിക്കതും ബോക്സോഫീസിൽ ഹിറ്റായവയാണ്. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയാണ് അവസാനം രതീഷ് സംവിധാനം ചെയ്തത്. കഴിഞ്ഞ ദിവസം മുതൽ രതീഷ് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ചർച്ചയാകുന്നത്.
സിനിമാ സെറ്റിൽ താൻ എങ്ങനെയാണെന്നും വലിയൊരു ജനക്കൂട്ടം ഷൂട്ടിന്റെ ഭാഗമാകുമ്പോൾ നിയന്ത്രിക്കാൻ താൻ ഉപയോഗിക്കുന്ന മാർഗങ്ങളെ കുറിച്ചും അഭിമുഖത്തിൽ രതീഷ് വെളിപ്പെടുത്തിയിരുന്നു. മിക്കപ്പോഴും ദേഷ്യപ്പെട്ടും തെറിവിളിച്ചുമാണ് ക്രൗഡിനേയും അണിയറപ്രവർത്തകരേയും താൻ നിർദേശങ്ങൾ നൽകി നിയന്ത്രിക്കുന്നതെന്നാണ് രതീഷ് പറഞ്ഞത്.

ഷൂട്ടിന്റെ സമയത്ത് ഞാൻ കുറച്ച് ഷോർട്ട് ടെമ്പർഡാണ്. പത്ത് പേരോട് സ്വകാര്യം പറയുന്ന സാധനം എനിക്ക് ഒറ്റയടിക്ക് അതിലൂടെ പറഞ്ഞ് കൊടുക്കാനും പറ്റുന്നുണ്ടെന്ന് മനസിലാക്കണം. വാടാ സമയം ആയെടാ എന്ന് പറഞ്ഞ് ഒറ്റയടിക്ക് വിളിക്കുന്നതാണ് നല്ലത്. ഓരോരുത്തരോടും അടുത്ത് പോയി ഒമ്പതരയാകുമ്പോൾ എത്തണമെന്ന് പറയുന്നതിലും നല്ലത് മൈക്ക് എടുത്ത് ദേഷ്യപ്പെടുന്നത് തന്നെയാണ്.
നമ്മളുടെ ഒരു ഹെൽത്തിനെ ഇത് ബാധിക്കുമെങ്കിലും നമുക്ക് ഒരു മുക്കാൽ മണിക്കൂർ ദേഷ്യപ്പെടലിലൂടെയും ചീത്ത വിളിയിലൂടെയും സേവ് ചെയ്യുവാൻ സാധിക്കും. ഇങ്ങനെ ഷൗട്ട് ചെയ്യുമ്പോഴും അല്ലെങ്കിൽ ചീത്ത വിളിക്കുമ്പോഴും ഒരു നൂറ്റമ്പത് പേര് അല്ലെങ്കിൽ ഇരുന്നൂറ് പേരുള്ള ഒരു ക്രൂവാണെങ്കിൽ ഇവർക്ക് ഓരോ ഷോട്ടിലേയും കാര്യങ്ങൾ വളരെ മൈന്യൂട്ട് ആയിട്ട് പറഞ്ഞ് കൊടുക്കേണ്ടി വരും.
പക്ഷെ എനിക്ക് അത്രയും പേർക്ക് പറഞ്ഞ് കൊടുക്കാനുള്ള എനർജി ഉണ്ടാകില്ല. അപ്പോൾ ഇത് അസോസിയേറ്റ്സാണ് പറഞ്ഞ് കൊടുക്കുക. പിന്നെ എന്റെ പണിയെന്ന് പറയുന്നത് ഈ പറഞ്ഞ് കൊടുത്തത് മൈൻഡിൽ നിന്നും പോകാതെ അവരെ അലേർട്ടാക്കി നിർത്തുക അഥവാ തെറി പറയുക എന്നുള്ളതാണ്. രാവിലെ തൊട്ട് വൈകുന്നേരം വരെ തെറി പറയുക എന്നുള്ളതാണ് നമ്മുടെ ജോലി.
അറ്റെൻഷൻ സ്പാൻ വളരെ കുറഞ്ഞ ഒരു ജനറേഷന്റെ കൂടെയാണ് നമ്മൾ വർക്ക് ചെയ്യുന്നത്. ഒരു കാര്യം പറഞ്ഞ് കൊടുത്ത് ഒന്ന് മൂത്രമൊഴിച്ച് വരുമ്പോഴേക്ക് എന്താ സാറേ പറഞ്ഞതെന്ന് ചോദിക്കുന്ന ആൾക്കാരാണ്. അപ്പോൾ നമുക്ക് ചെയ്യാനുള്ളത് അവരെ മുള്ളാൻ വിടാതിരിക്കുക എന്നുള്ളതാണ് കാരണം പോയി വരുമ്പോഴേക്ക് മറക്കും എന്നാണ് രതീഷ് പറഞ്ഞത്. അഭിമുഖം വൈറലായശേഷം സംവിധായകന് നേരെ വിമർശനമാണ് ഉയരുന്നത്.

മാനേജ്മെന്റ് സ്കിൽ ഇല്ലാത്തവർ രതീഷിനെപ്പോലെ ടോക്സിക്കായി പെരുമാറിയശേഷം ന്യായീകരിക്കുമെന്നാണ് ഏറെയും പേർ സംവിധായകനെ വിമർശിച്ചും പരിഹസിച്ചും കുറിച്ചത്. മലയാള സിനിമ എന്ത് പുണ്യം ചെയ്തിട്ടാണോ എന്തോ ഇങ്ങനെയൊരു സംവിധായകനെ കിട്ടിയത്. ഒരു വലിയ ക്രൂ മുന്നിൽ ഉണ്ടെങ്കിൽ ഓരോരുത്തരോട് ആയിട്ട് പോയി എങ്ങനെ പറയും പുള്ളിയും ഒരു മനുഷ്യൻ അല്ലേ?. അപ്പോൾ പിന്നെ ഒന്ന് ശബ്ദം ഉയർത്തി ഷൗട്ട് ചെയ്യും. എന്നിട്ടും ശരിയായില്ലേൽ കുറച്ച് ചീത്ത എല്ലാരും കാൺകെ അങ്ങോട്ട് വിളിക്കും.
ഒരു പടത്തിൽ പൈസ വാങ്ങിച്ച് ജോലി ചെയ്യുമ്പോൾ ചിലപ്പോ അതിലെ സംവിധായകന്റെ വായിലെ തെറി കേൾക്കേണ്ടി വരും സ്വാഭാവികം. പിന്നെ മറവി രോഗം ഉള്ള ആൾക്കാരാണ് ഇന്ന് അഭിനയിക്കുന്നതിൽ കൂടുതലും. അപ്പോൾ പിന്നെ രതീഷ് പറഞ്ഞതുപോലെ മൂത്രമൊഴിക്കാൻ പോകുമ്പോൾ അതിലൂടെ പഠിച്ച ഡയലോഗ് മറക്കാതിരിക്കാൻ ചിലപ്പോൾ വാഷ്റൂമിൽ വിടാതെ ഇരുന്നെന്നും വരാം.
അതും സംവിധായകൻ ഒരു സിനിമ നന്നാക്കാൻ എടുക്കുന്ന സ്വാതന്ത്ര്യം. സിനിമയോട് സ്നേഹമുള്ള ഒരേ ഒരു മലയാള സംവിധായകൻ എന്നാണ് ഒരാൾ രതീഷിനെ പരിഹസിച്ച് കുറിച്ചത്. ഇന്റർവ്യൂവിൽ വന്നിരുന്നു മാന്യനായി സംസാരിക്കുന്ന പല സംവിധായകരും ഷൂട്ടിംഗ് ടൈമിൽ ഷോർട്ട് ടെംപേർഡാണ്.
വീട്ടിലിരിക്കുന്നവരെ വരെ ചീത്ത വിളിക്കുന്ന ടീമുകളുണ്ട്, ഈ മണ്ടൻ പ്രത്യയശാസ്ത്രങ്ങൾ ഇയാൾ എവിടെ നിന്നാണ് പഠിച്ചത്? ഇയാളോടുണ്ടായിരുന്നു എല്ലാ ബഹുമാനവും നഷ്ടപ്പെട്ടു എന്നിങ്ങനെയാണ് വീഡിയോയ്ക്ക് ലഭിച്ച പ്രതികരണങ്ങൾ.


Click it and Unblock the Notifications