പഴയ വസുന്ധരയാണോ ഇത്; സിനിമകളിൽ നിന്നും അകന്ന താരത്തിന്റെ പുതിയ ഫോട്ടോ വൈറൽ
സിനിമാ രംഗത്തെ ഉയർച്ചയും തളർച്ചയും പ്രവചനാതീതമാണ്. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകി അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നവർ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നത് വർഷങ്ങളായി തുടർന്ന് വരുന്ന കാഴ്ചയാണ്. മറുവശത്ത് തീരെ പ്രതീക്ഷിക്കാത്തവർ വലിയ താരങ്ങളായി ഉയരുകയും ചെയ്യും. അന്നും ഇന്നും ഇത്തരം നിരവധി അഭിനേതാക്കളെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. രാവണപ്രഭു എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ടവളായി മാറിയ നടിയാണ് വസുന്ധര ദാസ്.
2001 ൽ പുറത്തിറങ്ങിയ രാവണപ്രഭുവിലെ മോഹൻലാലും വസുന്ധരയും ഒന്നിച്ചുള്ള ഗാനങ്ങൾ ഇന്നും ജനപ്രിയമാണ്. രാവണപ്രഭുവിന് ശേഷം 2004 ൽ വജ്രം എന്ന മലയാള സിനിമയിലും വസുന്ധര അഭിനയിച്ചു. പിന്നീട് വസുന്ധരയെ മലയാളത്തിൽ കണ്ടിട്ടില്ല. പല നടിമാരും തിരിച്ച് വന്നിട്ടും വസുന്ധര എവിടെ പോയെന്ന ചോദ്യം ആരാധകർ ഇടയ്ക്ക് ചോദിക്കാറുമുണ്ട്. യഥാർത്ഥത്തിൽ സിനിമാ കരിയറിന് പ്രഥമപരിഗണന വസുന്ധര കൊടുത്തിട്ടില്ല.
ഒരു ഗായികയാകാനാണ് ഇവർ ആഗ്രഹിച്ചത്. പിന്നണി ഗാനരംഗത്ത് ശ്രദ്ധിക്കപ്പെട്ട ശേഷമാണ് അഭിനയത്തിലേക്ക് വസുന്ധര കടക്കുന്നതും. മുതൽവൻ എന്ന തമിഴ് ചിത്രത്തിലെ ഷക ലക്ക ബേബി എന്ന ഗാനം പാടിയത് വസുന്ധരയാണ്. കമൽഹാസൻ നായകനായ ഹേ രാം എന്ന സിനിമയിലൂടെയായിരുന്നു നായികയായുള്ള അരങ്ങേറ്റം. അജിത്ത് നായകനായ സിറ്റിസൺ എന്ന സിനിമയിലും ശ്രദ്ധേയ വേഷം ചെയ്തു. അതേവർഷം തന്നെ രാവണപ്രഭുവിലൂടെ മലയാളത്തിലേക്കുമെത്തി.

കന്നഡ, ഹിന്ദി സിനികളിലും വസുന്ധര അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഒരു ഭാഷയിലും നിലയുറപ്പിച്ചില്ല. എന്തുകൊണ്ടാണ് ഒരു ഭാഷയിലും വസുന്ധര സജീവമാകാതിരുന്നതെന്ന ചോദ്യം പ്രേക്ഷകർക്കുണ്ട്. 2012 ലാണ് കാമുകൻ റോബെർട്ടോ നരെയ്നെ വസുന്ധര വിവാഹം ചെയ്യുന്നത്. ഇതിന് ശേഷമാണ് സിനിമാ രംഗത്ത് നിന്നും നടി മാറി നിന്നത്. കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകിയ വസുന്ധര അഭിനയ രംഗത്ത് നിന്ന് അകന്നു. അതേസമയം സംഗീതം ഉപേക്ഷിച്ചില്ല. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മുപ്പതോളം ഗാനങ്ങൾ വസുന്ധര പാടിയിട്ടുണ്ട്.
അടുത്തിടെ വസുന്ധര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പഴയ വസുന്ധരയിൽ നിന്നും ഒരുപാട് മാറ്റം താരത്തിന് മുഖത്ത് വന്നിട്ടുണ്ടെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. പ്രായത്തിന്റേതായ മാറ്റങ്ങൾ ഉണ്ടെങ്കിലും വസുന്ധര ഇപ്പോഴും സുന്ദരിയാണെന്നും ചിലർ കമന്റ് ചെയ്തു. സിനിമാ രംഗത്ത് നിന്നും മാറി നിന്ന വസുന്ധര 2018 ജനശ്രദ്ധയിലേക്ക് വന്നു.

ബാംഗ്ലൂരിലെ റോഡിൽ വെച്ച് ഒരു ഡ്രെെവർ തന്നോട് മോശമായി പെരുമാറുകയും ചീത്തവിളിക്കുകയും ചെയ്തത പരാതിയുമായാണ് അന്ന് വസുന്ധര രംഗത്തെത്തിയത്. മല്ലേശ്വരം പൊലീസ് സ്റ്റേഷനിലാണ് താരം പരാതി നൽകിയത്. നാല് കിലോ മീറ്ററോളം തന്റെ പിറകെ വന്ന് ഇയാൾ ശല്യപ്പെടുത്തിയെന്നും വസുന്ധര പരാതിയിൽ ആരോപിച്ചു. സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ വസുന്ധര തയ്യാറായിരുന്നില്ല.
സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോകൾ വസുന്ധര അധികം പങ്കുവെക്കാറില്ല. സ്വകാര്യ ജീവിതത്തെക്കുറിച്ച് എവിടെയും നടി തുറന്ന് സംസാരിച്ചിട്ടുമില്ല. സിനിമകളിൽ ശ്രദ്ധിക്കപ്പെട്ട് പിന്നീട് ലൈം ലൈറ്റിൽ നിന്ന് അപ്രത്യക്ഷരായ മറ്റ് താരങ്ങളുമുണ്ട്. വെള്ളിനക്ഷത്രം എന്ന സിനിമയിലൂടെ ജനപ്രീതി നേടിയ മീനാക്ഷി എന്ന നടി ഇതിനുദാഹരണമാണ്. വർഷങ്ങളായി മീനാക്ഷിയെക്കുറിച്ച് ഒരു വിവരവും മാധ്യമങ്ങൾക്ക് ലഭ്യമല്ല.


Click it and Unblock the Notifications











