അദ്ദേഹത്തിന്റെ വീട്ടുകാർ വഴി നടക്കാൻ സമ്മതിച്ചില്ല; വാശിപ്പുറത്ത് എന്നെ വിവാഹം ചെയ്ത രവിയേട്ടൻ; ശോഭന
സംഗീത സംവിധായകനും ഗായകനുമായ രവീന്ദ്രൻ മാസ്റ്ററെ മറക്കാൻ മലയാളികൾക്ക് കഴിയില്ല. അനശ്വരമായ ഗാനങ്ങളിലൂടെ ഇന്നും രവീന്ദ്രൻ മാഷ് ജന മനസുകളിൽ ജീവിക്കുന്നു. 2005 ലാണ് ഇദ്ദേഹം മരിക്കുന്നത്. മരണം രവീന്ദ്രൻ മാഷുടെ ഭാര്യ ശോഭനയെയും മൂന്ന് മക്കളെയും പിടിച്ചുലച്ചു. രവീന്ദ്രൻ മാസ്റ്ററെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് ഭാര്യ ശോഭന രവീന്ദ്രനിപ്പോൾ. സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് ശോഭന രവീന്ദ്രൻ മനസ് തുറന്നത്.
സാധാരണ ഭർത്താവ് ആയിരുന്നില്ല. അദ്ദേഹത്തിന്റെ സംഗീതം പോലെ ശുദ്ധ മനുഷ്യനായിരുന്നു അദ്ദേഹം. സംഗീതത്തെ പോലെ ഭാര്യയെയും മക്കളെയും സ്നേഹിച്ചു. സംഗീതം അല്ലെങ്കിൽ കുടുംബം എന്നീ രണ്ട് വിഷയങ്ങളല്ലാതെ മറ്റൊന്നും രവീന്ദ്രൻ മാഷുടെ ജീവിതത്തിലുണ്ടായിട്ടില്ല. പാർട്ടിക്കൊന്നും പോകില്ല. വിനോദമെന്നത് വീടാണ്. അങ്ങനെയൊരുള്ള ഒരാളിനൊപ്പം 31 വർഷം ജീവിച്ചു. 17 വയസിൽ ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയതാണ്. അങ്ങനെയൊരാൾ പെട്ടെന്നൊരു ദിവസം ഇല്ല എന്ന് പറയുമ്പോൾ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരുന്നെന്ന് ശോഭന പറയുന്നു.

പണ്ടൊക്കെ മദ്രാസിൽ താമസിക്കുമ്പോൾ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. ആ സമയത്തും ഞങ്ങൾ സന്തോഷത്തോടെയാണ് കഴിഞ്ഞത്. ഇത്രയും പ്രശ്നങ്ങൾക്കിടയിൽ എങ്ങനെയാണ് സന്തോഷത്തോടെയിരിക്കാൻ പറ്റുന്നതെന്ന് ആൾക്കാർ ചോദിക്കും. എന്റെ ഭാര്യയുടെയടുത്ത് വീട്ടിലിരിക്കാതെ ഞാൻ പിന്നെ എവിടെ ഇരിക്കാനാണെന്ന് രവിയേട്ടൻ ചോദിക്കും. അവസാനം വരെയും അദ്ദേഹം മാറിയില്ല. അദ്ദേഹം ഏറ്റവും കൂടുതൽ ജപിച്ചത് ശോഭയെന്നായിരിക്കും.
അവസാനം വിളിച്ചതും അത് തന്നെയാണെന്നും ശോഭന പറയുന്നു. സാഹചര്യങ്ങൾ തങ്ങളെ തമ്മിൽ അടുപ്പിച്ചതാണെന്നും ശോഭന തുറന്ന് പറഞ്ഞു. പ്രണയത്തിലേക്ക് ആൾക്കാർ നിർബന്ധിച്ച് എത്തിക്കുകയായിരുന്നു. എനിക്കന്ന് പതിനാറ് വയസേ ഉള്ളൂ. ഞങ്ങളുടെ വീട് അടുത്താണെങ്കിലും കണ്ടിരുന്നില്ല. ഞങ്ങൾ തമ്മിൽ 13 വയസിന്റെ വ്യത്യാസമുണ്ട്. എനിക്കൊരു മൂന്ന് വയസായപ്പോൾ ആൾ അവിടെ നിന്ന് പോയതാണ്.

മാഷിന്റെ അച്ഛൻ മരിച്ചപ്പോൾ വന്നപ്പാേഴാണ് മാഷിനെ ആദ്യമായി കാണുന്നത്. മാഷിന്റെയും സഹോദരിയുടെയുമെല്ലാം അയൽക്കാരാണ് ഞങ്ങൾ. സഹോദരിയുടെ വീട്ടിലെ അംഗത്തെ പോലെയായിരുന്നു ഞാൻ. ആ വീട്ടിൽ 9 കുട്ടികളുണ്ട്. അവിടെ എപ്പോഴും സംസാര വിഷയം മദ്രാസിലെ മാമനെക്കുറിച്ചായിരുന്നെന്നും ശോഭന രവീന്ദ്രൻ ഓർത്തു.
കേട്ട് കേട്ട് കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ കാണുന്നത് മരണ വീട്ടിൽ വെച്ചാണ്. അന്നത്തെ ഹിപ്പി മോഡലിലാണുള്ളത്. പത്ത് പതിനാല് ദിവസം അദ്ദേഹം സഹോദരിയുടെ വീട്ടിൽ താമസിച്ചു. അന്ന് രാത്രികളിൽ അവിടെ സംഗീത സദസുണ്ടാകും. ഞാൻ ശ്രോതാവായിരിക്കും. അപ്പോൾ അദ്ദേഹം ശ്രദ്ധിച്ചിരിക്കാം. അന്നൊന്നും എനിക്ക് പ്രണയമില്ല. ഒരു കൗതുകമായിരുന്നെന്നും ശോഭന വ്യക്തമാക്കി.
ആ ദിവസങ്ങളിലാണ് അടുപ്പം തുടങ്ങുന്നത്. പോകുന്നതിന്റെ തലേന്ന് ഞാനും രവിയേട്ടനും സംസാരിച്ചു. അപ്പോൾ പെങ്ങളുടെ വീട്ടിലെ കുട്ടി അങ്ങോട്ട് വന്നു. വീട്ടിലെ എല്ലാവരും അച്ഛൻ മരിച്ച വീട്ടിലാണ്. ഈ കൊച്ച് പോയി എന്താണ് പറഞ്ഞതെന്ന് അറിയില്ല. അവിടെ വലിയ കോളിളക്കമായി. രവിയേട്ടന് കല്യാണ ആലോചന നടത്തി. മുറപ്പെണ്ണിനെ കൊണ്ട് കെട്ടിക്കാനായിരുന്നു വീട്ടുകാരുടെ തീരുമാനം.
അദ്ദേഹം എതിർപ്പറിയിച്ചപ്പോൾ എന്നെ മനസിൽ കണ്ടായിരിക്കും എന്ന സംസാരം വന്നു. എന്നാൽ അദ്ദേഹമങ്ങനെ ചിന്തിച്ചിരുന്നില്ല. എന്നാൽ മൂത്തവരെ എതിർത്തെന്ന് പറഞ്ഞ് ചേട്ടൻ അദ്ദേഹത്തെ അടിച്ചു. ആ വാശിക്കാണ് തന്നെ വിവാഹം കഴിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചതെന്നും ശോഭന ഓർത്തു. വീട്ടുകാർ തമ്മിൽ അകന്നു. രവിയേട്ടന്റെ വീട്ടുകാർ വഴി നടക്കാൻ സമ്മതിച്ചില്ല.
ഞങ്ങൾ തെറ്റുകാരാണ്, മദ്രാസിൽ നിന്ന് വന്ന മാമന്റെ കൂടെ സ്നേഹം കാണിച്ച് കൂടി എന്ന രീതിയിൽ സംസാരിച്ചു. അന്ന് അമ്മയ്ക്ക് ഭയങ്കര വിഷമമായിരുന്നു. ആ ദേഷ്യം എന്നോട് തീർക്കും. മദ്രാസിലേക്ക് പോയ രവിയേട്ടൻ എന്നെത്തന്നെയെ വിവാഹം ചെയ്യൂ എന്ന് പറഞ്ഞ് കത്തയച്ചിരുന്നു. അങ്ങനെയാണ് പ്രണയം തുടങ്ങിയതെന്നും ശോഭന ഓർത്തു.


Click it and Unblock the Notifications











