ഇരയാകാന്‍ തയ്യാറായി സാധന നില്‍ക്കുന്നു, ജോസ് പ്രകാശിന്റെ അനിയനായിട്ടും ബലാത്സംഗം ചെയ്യാന്‍ അറിയില്ല; രവി മേനോൻ

സിനിമയിലെ ബലാല്‍സംഗ സീനുകളെ പറ്റി മുന്‍പ് പലപ്പോഴും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. വില്ലന്മാര്‍ നായികമാരെ കടന്ന് പിടിക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്നതൊക്കെ ക്ലിഷേ ആയി മാറിയിരുന്നു. എന്നാല്‍ പിന്നീട് ന്യൂജനറേഷന്‍ സിനിമകളിലേക്ക് വന്നപ്പോള്‍ ബലാല്‍സംഗത്തിന്റെ കാഠിന്യം എത്രത്തോളം ഉണ്ടെന്ന് പല സംവിധായകരും കാണിച്ചു.

ഇപ്പോള്‍ നടന്‍ ജോജു ജോര്‍ജ് സംവിധാനം ചെയ്ത പണി എന്ന സിനിമയിലെ റേപ്പ് സീനുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇതിനോടനുബന്ധിച്ച് എഴുത്തുകാരന്‍ രവി മേനോന്‍ സോഷ്യല്‍ മീഡിയയുടെ പേജിലൂടെ പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമാവുകയാണ്.

prem-prakash

ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റ് വില്ലന്‍ ആയിരുന്ന ജോസ് പ്രകാശിനെ കുറിച്ചും അദ്ദേഹത്തിന്റെ അനിയനായ പ്രേം പ്രകാശിനെ കുറിച്ചുമാണ് രവി മേനോന്‍ എഴുതിയത്. കിടിലന്‍ അവതരിപ്പിച്ചിരുന്ന ജോസ് പ്രകാശിനെ പോലെ ആയിരുന്നില്ല അനിയന്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സിനിമയില്‍ ബലാത്സംഗ സീന്‍ ചെയ്യാന്‍ അറിയാതിരുന്ന പ്രേം പ്രകാശിനെ കുറിച്ചും പിന്നീട് ആ സിനിമയില്‍ എന്താണ് സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു...

ജോസ് പ്രകാശിന്റെ അനിയനായിട്ടും....

സിനിമയിലെ റേപ്പ് എങ്ങനെ ആവണം, ആവരുത് എന്നതിനെ ചൊല്ലിയുള്ള വാദ പ്രതിവാദങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ മുറുകവേ, മലയാള സിനിമയിലെ റേപ്പിന്റെ ഭൂതകാലത്തെ കുറിച്ച് പ്രിയ സുഹൃത്ത് കൂടിയായ പ്രേംപ്രകാശിന്റെ ഓര്‍മ്മ. നമ്മുടെ വാണിജ്യ സിനിമ ഒരു കാലത്ത് റേപ്പിനെ നോക്കിക്കണ്ടിരുന്നത് എങ്ങനെ എന്നതിന്റെ നേര്‍സാക്ഷ്യം കൂടിയാണ് ഈ ഓര്‍മ്മ.

വര്‍ഷം 1974. എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്യുന്ന 'സുപ്രഭാതം' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തമിഴ്നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ നടക്കുന്നു. ഹിന്ദിയില്‍ ഹിറ്റായ 'അന്ദാസ്' എന്ന രാജേഷ് ഖന്നച്ചിത്രത്തിന്റെ റീമേക്കാണ്. നായകന്‍ പ്രേംനസീര്‍. നായിക ഉഷാകുമാരി.
പടത്തില്‍ ചെറുകിട വില്ലന്‍ റോളുകളിലാണ് പ്രേംപ്രകാശും വിന്‍സന്റും. തലേക്കെട്ടും ബനിയനും കൊമ്പന്‍ മീശയുമൊക്കെയുള്ള നാടന്‍ റൗഡികള്‍.

'ലൊക്കേഷനില്‍ ചെന്നപ്പോഴാണറിയുന്നത് ചെയ്യേണ്ടത് ബലാല്‍സംഗമാണെന്ന്. ഇരയാകാന്‍ സാധന തയ്യാറായി നില്‍ക്കുന്നു. പ്രത്യേകിച്ച് റിഹേഴ്സലിന്റെ ഒന്നും ആവശ്യമില്ല. സാധാരണ റേപ്പ് ചെയ്യുന്ന പോലങ്ങു ചെയ്താല്‍ മതിയെന്ന് സംവിധായകന്‍.' മുഖത്തോടു മുഖം നോക്കി യുവതാരങ്ങളായ പ്രേംപ്രകാശും വിന്‍സന്റും. മുന്‍പ് ചെയ്തു ശീലമില്ല. അതുകൊണ്ടുതന്നെ ആകെയൊരു ജാള്യം. അന്നത്തെ മലയാള സിനിമയിലെ മാദകസുന്ദരിമാരില്‍ ഒരാളായ സാധനയാകട്ടെ, വേഗം തീര്‍ത്തിട്ട് വേണം സ്ഥലം വിടാന്‍ എന്ന ഭാവത്തോടെ നില്‍ക്കുന്നു.

സംവിധായകന്റെ 'ആക്ഷന്‍' ഗര്‍ജ്ജനം കേട്ടതും രണ്ടും കല്‍പ്പിച്ച് റേപ്പ് തുടങ്ങുന്നു യുവ ശിങ്കങ്ങള്‍. 'ഒരു കുന്നിന്റെ മുകളിലാണ് സംഭവം. നാട്ടുകാര്‍ മുഴുവന്‍ നോക്കി നില്‍ക്കുന്നു. ഞങ്ങള്‍ക്കാണെങ്കില്‍ വല്ലാത്ത ചമ്മല്‍. എത്ര ശ്രമിച്ചിട്ടും റേപ്പിന് പെര്‍ഫെക്ഷന്‍ വരുന്നില്ല. ആകെയൊരു പന്തികേട്. സാധനക്കും സാമാന്യം ബോറടിച്ചു കാണണം.'

പ്രേംപ്രകാശ്, പിടിയും വലിയും തണുപ്പന്‍ മട്ടില്‍ നീണ്ടുപോയപ്പോള്‍ സംവിധായന്‍ കട്ട് പറയുന്നു. എന്നിട്ടൊരു ചോദ്യം: 'ഇതിപ്പോ നിങ്ങള്‍ അവരെ റേപ്പ് ചെയ്യുകയാണോ അതോ അവര്‍ നിങ്ങളെയോ?' വിയര്‍പ്പില്‍ കുളിച്ചു നിന്ന പ്രേംപ്രകാശിനെ അടുത്തുവിളിച്ച് കൃഷ്ണന്‍ നായര്‍ ഒന്നുകൂടി ചോദിച്ചു; ജീവിതത്തിലൊരിക്കലും പ്രേംപ്രകാശ് മറക്കാനിടയില്ലാത്ത ചോദ്യം:

prem-prakash

'തനിക്ക് നാണമില്ലേ? ജോസ് പ്രകാശിന്റെ അനിയനായിട്ട് ഒന്ന് നേരാംവണ്ണം റേപ്പ് ചെയ്യാന്‍ പോലും അറിയില്ലാന്നു പറഞ്ഞാല്‍.....?' തമാശയായാണ് കൃഷ്ണന്‍ നായര്‍ പറഞ്ഞതെങ്കിലും സത്യാംശം ഉണ്ടായിരുന്നു അതില്‍. അന്നത്തെ മലയാള സിനിമയിലെ മുഖ്യ വില്ലന്മാരില്‍ ഒരാളാണ് ജോസ് പ്രകാശ്. മിക്ക സിനിമകളിലും കാണും ജോസ് പ്രകാശിന് ഒരു ബലാല്‍സംഗം. കല്യാണ വീടുകളിലൊക്കെ ചെല്ലുമ്പോള്‍ സ്ത്രീകള്‍ ഭയന്നൊളിക്കുക വരെ ചെയ്തിരുന്നു എന്ന് ജോസ് പ്രകാശ് തന്നെ ഒരിക്കല്‍ പറഞ്ഞു കേട്ടിട്ടുണ്ട്.

വെള്ളിത്തിരയിലെ റേപ്പ് വിദഗ്ദരില്‍ എന്‍ ഗോവിന്ദന്‍കുട്ടി, കെ പി ഉമ്മര്‍, ജി കെ പിള്ള, ജനാര്‍ദ്ദനന്‍, ബാലന്‍ കെ നായര്‍, ടി ജി രവി, കെപിഎസി സണ്ണി എന്നിവര്‍ക്ക് ഒപ്പമോ ഒരു പടി മുകളിലോ ആയിരുന്നു ജോസ് പ്രകാശിന്റെ സ്ഥാനം. എന്തായാലും കൃഷ്ണന്‍ നായരുടെ 'വെല്ലുവിളി' അതിന്റെ സ്പിരിറ്റില്‍ തന്നെ ഏറ്റെടുത്തു പ്രേംപ്രകാശും വിന്‍സന്റും. ആക്ഷന്‍ കേട്ടതും ഇരുവരും 'ഇര'യ്ക്ക് മേല്‍ ചാടിവീഴുന്നു. ഇത്തവണ സംഭവം കുറേക്കൂടി റിയലിസ്റ്റിക് ആയി. സംവിധായകനും സംതൃപ്തന്‍.

ചില സിനിമകളില്‍ കൂടി വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്ത ശേഷം 'ന്യൂജന്‍' നായകന്റെ റോളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു വിന്‍സന്റിന്. അധികവും ആക്ഷന്‍ സിനിമകള്‍. അതോടെ നായികമാരെ വെറുപ്പിക്കല്‍ നിര്‍ത്തി അവരുടെ രക്ഷകനായി മാറി അദ്ദേഹം. പ്രേംപ്രകാശ് ആകട്ടെ ക്ലാസ്സിക് സിനിമകളുടെ നിര്‍മ്മാതാവും സ്വഭാവനടനും ഒക്കെയായാണ് സിനിമയില്‍ പില്‍ക്കാലത്ത് മുദ്ര പതിപ്പിച്ചത്. 'നിര്‍ണ്ണായക'ത്തിലെ റോളിന് സംസ്ഥാന അവാര്‍ഡും ലഭിച്ചു.

ഇന്നിപ്പോള്‍ സിനിമ തന്നെ മാറി; കഥ പറച്ചിലിന്റെ രീതിയും. എങ്കിലും പുതുകാലത്തിനൊത്ത രൂപഭാവങ്ങളോടെ റേപ്പ് ഇന്നുമുണ്ട് സിനിമയില്‍; റേപ്പിസ്റ്റുകളും... - രവിമേനോന്‍ എഴുത്ത് അവസാനിപ്പിക്കുന്നു...

Read more about: prem prakash
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X