ഞാൻ അവർക്ക് പൊന്മുട്ടയിടുന്ന താറാവ്, മക്കൾക്ക് അപകടം സംഭവിച്ചത് എന്നെ അറിയിച്ചില്ല; തുറന്ന് പറഞ്ഞ് രവി മോഹൻ!
ഉത്തരവാദിത്വവും അനുകമ്പയുമില്ലാത്ത പിതാവ് എന്നാണ് കഴിഞ്ഞ ദിവസം ആർതി നടൻ രവി മോഹനെതിരെ പ്രസ്താവനയിറക്കി കുറിച്ചത്. കെനിഷ ഫ്രാൻസിസിനൊപ്പം നിർമാതാവിന്റെ മകളുടെ വിവാഹത്തിന് രവി എത്തിയതിൽ പ്രകോപിതയായാണ് രവിക്ക് എതിരെ ആർതി രംഗത്ത് എത്തിയത്. അതിനുശേഷം രവി മോഹന്റെ വ്യക്തി ജീവിതം ഇഴകീറി പരിശോധിക്കുന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽമീഡിയയിൽ നടന്നിരുന്നു.
ആർതിയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടശേഷം സ്വന്തം സുഖ സൗകര്യങ്ങൾക്ക് വേണ്ടി ഭാര്യയേയും മക്കളയും ഉപേക്ഷിച്ച ഭർത്താവായിട്ടാണ് പൊതുസമൂഹം രവി മോഹനെ കണ്ടിരുന്നത്. എന്നാൽ ശാരീരികവും മാനസീകവുമായ പീഡനങ്ങൾ അനുഭവിച്ച് സഹിക്കെട്ടാണ് താൻ ആർതിയുമൊത്തുള്ള ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോന്നതെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കിട്ട പുതിയ കുറിപ്പിൽ നടൻ എഴുതി.

മക്കളെ താൻ മറന്നിട്ടില്ലെന്നും താൻ അവരെ സമീപിക്കാതിരിക്കാൻ ബൗൺസേഴ്സിനെപ്പോലും ആർതിയും കുടുംബവും നിയമിച്ചിട്ടുണ്ടെന്നും മക്കൾ എന്നേക്കും തനിക്ക് പ്രിയപ്പെട്ടതാണെന്നും രവി മോഹൻ എഴുതി. മക്കൾക്കുണ്ടായ വാഹനാപകടം പോലും തന്നെ ആർതി അറിയിച്ചില്ലെന്നും രവി ആരോപിച്ചു. എന്റെ വ്യക്തി ജീവിതം തെറ്റായ രീതിയിൽ പൊതു മധ്യത്തിൽ വ്യാഖ്യാനിക്കപ്പെടുന്നത് വേദനയുണ്ടാക്കുന്നു. മൗനം പാലിച്ചത് മനസമാധാനം ആഗ്രഹിക്കുന്നതിനാൽ.
നിയമപരമായി തന്നെയാണ് ഞാൻ എല്ലാം ചെയ്യുന്നത്. വിശ്വാസത്തോടെ നീതിക്ക് വേണ്ടി പോരാടുന്നു. എന്നിലെ സത്യത്തെയും നീതിയെയും ബഹുമാനിച്ച് അന്തസോടെ ഞാൻ പോരാടും. എന്റെ നിശബ്ദത ബലഹീനതയായിരുന്നില്ല. അത് അതിജീവനമായിരുന്നു. വ്യക്തിപരമായ നേട്ടത്തിനോ പ്രശസ്തിക്കോ വേണ്ടി വിലകുറഞ്ഞ സഹതാപം കൃത്രിമമായി ഉപയോഗിക്കാൻ എന്റെ മുൻകാല വിവാഹബന്ധത്തിലെ ആരെയും ഞാൻ അനുവദിക്കില്ല.
ഇത് എനിക്ക് ഒരു കളിയല്ല. ഇത് എന്റെ ജീവിതമാണ്. എന്റെ സത്യമാണ്. എന്റെ രോഗശാന്തിയാണ്. നിയമ പ്രക്രിയയിൽ ഞാൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധനാണ്. അത് സത്യം വെളിച്ചത്ത് കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു. ഒരു മുതിർന്ന വ്യക്തിയായിട്ട് കൂടി വർഷങ്ങളോളം ശാരീരിക, മാനസിക, വൈകാരിക, സാമ്പത്തിക പീഡനങ്ങൾ ഞാൻ അനുഭവിച്ചു.
ഈ വർഷങ്ങളിലെല്ലാം എന്റെ സ്വന്തം മാതാപിതാക്കളെ പോലും കാണാൻ കഴിയാതെ ഒറ്റപ്പെടലിന്റെ ഒരു കൂട്ടിലായിരുന്നു ഞാൻ. എന്റെ ദാമ്പത്യം സുഖകരമായി മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടും അസഹനീയമായി തന്നെ തുടർന്നു. ഒടുവിൽ ജീവിക്കാൻ കഴിയാത്ത ഒരു ജീവിതത്തിൽ നിന്ന് അകന്നുപോകാൻ എനിക്ക് ശക്തി ലഭിച്ചു. അത് വളരെ പെട്ടന്ന് എടുത്ത തീരുമാനമായിരുന്നില്ല.

സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടും പൊതുജന സഹതാപം സ്വാധീനിക്കാനുമുള്ള ഉപകരണങ്ങളായി എന്റെ കുട്ടികളെ എന്റെ മുൻ ഭാര്യയും കുടുംബവും ഉപയോഗിക്കുന്നത് കാണുമ്പോൾ എനിക്ക് വിഷമം തോന്നുന്നു. എന്റെ കുഞ്ഞുങ്ങൾ ഇതൊന്നും അർഹിക്കുന്നില്ല. ഞങ്ങളുടെ വേർപിരിയലിനുശേഷം മനപൂർവ്വം മക്കളെ അവർ എന്നിൽ നിന്നും അകറ്റി. ഞാൻ അവരെ കാണാതിരിക്കാനും അവരെ സമീപിക്കാതിരിക്കാനും ബൗൺസേഴ്സിനേയും അവർ നിയമിച്ചു.
എന്റെ കുട്ടികൾ വാഹനാപകടത്തിൽപ്പെട്ടത് ഞാൻ അറിഞ്ഞത് ഒരു മാസത്തിന് ശേഷമാണ്. കാർ ഇൻഷുറൻസിനായി എന്റെ ഒപ്പ് ആവശ്യമായി വന്നപ്പോൾ മാത്രം. അവരുടെ പിതാവെന്ന നിലയിൽ ആരും എന്നെ അപകട കാര്യം അറിയിച്ചില്ല. എന്നാൽ കഴിയും വിധം മുൻ ഭാര്യയെയും അവരുടെ കുടുംബത്തേയും ഞാൻ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ അവർക്ക് ഞാൻ പൊന്മുട്ടയിടുന്ന താറാവായിരുന്നു.
എന്റെ മാതാപിതാക്കൾക്ക് ഞാൻ ചെയ്തുകൊടുക്കേണ്ട അടിസ്ഥാന കാര്യങ്ങൾ ചെയ്യാൻ പോലും മുൻ ഭാര്യയും കുടുംബവും അനുവദിച്ചിരുന്നില്ല. എന്റെ കുട്ടികളാണ് എന്റെ അഭിമാനവും സന്തോഷവും. അവരുടെ ഭാവിക്കുവേണ്ടി ചെയ്യാൻ പറ്റുന്ന നല്ല കാര്യങ്ങളെല്ലാം ഞാൻ ചെയ്യും എന്നാണ് രവി മോഹൻ എഴുതിയത്.


Click it and Unblock the Notifications











