അവളുടെ സ്നേഹം എന്നെ മാറ്റുന്നു; ഇതൊന്നും അവൾ സമ്മതിച്ചതല്ല; ഭാര്യയെക്കുറിച്ച് രവീന്ദർ
വിവാഹ ശേഷം ഭാര്യക്കൊപ്പമുള്ള ചിത്രങ്ങൾ രവീന്ദർ പങ്കുവെക്കാറുണ്ട്. ഭാര്യയോടുള്ള സ്നേഹം തുറന്ന് പറയാൻ രവീന്ദർ ഒരിക്കലും മടിച്ചിട്ടില്ല.
സെലിബ്രിറ്റി താര ദമ്പതികൾ എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. തമിഴ്നാട്ടിൽ അടുത്ത കാലത്ത് വലിയ തോതിൽ വാർത്താ പ്രാധാന്യം നേടിയ താരങ്ങളാണ് നിർമാതാവ് രവീന്ദർ ചന്ദ്രശേഖറും ഭാര്യ മഹാലക്ഷ്മിയും.
ആരാധകർക്ക് പ്രിയപ്പെട്ട താര ദമ്പതികളാണിവർ. വിവാഹം കഴിഞ്ഞ നാൾ മുതൽ ഇവർ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമാണ്.
വിവാഹ ചിത്രങ്ങൾ പങ്കുവെച്ചതിന് ശേഷം രവീന്ദറിന് നേരെ വ്യാപക ബോഡി ഷെയ്മിംഗ് നടന്നിരുന്നു. രവീന്ദറിന് അമിത വണ്ണമുണ്ട്, പണം കാണിച്ച് സുന്ദരിയായ സ്ത്രീയെ മയക്കി എന്നായിരുന്നു പരിഹാസം.
ട്രോളുകൾ നിരവധിയായതോടെ രവീന്ദർ തന്നെ പ്രതികരിച്ചു. താൻ മഹാലക്ഷ്മിയെ തട്ടിക്കൊണ്ട് വന്നതല്ലെന്നും പരസ്പരം മനസ്സിലാക്കി വിവാഹം കഴിച്ചതാണെന്നും രവീന്ദർ വ്യക്തമാക്കി.
ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തിൽ മഹാലക്ഷ്മിക്ക് ഒരു മകനുമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പലരും മഹാലക്ഷ്മിയെയും അധിക്ഷേപിച്ചു.

എന്നാൽ രവീന്ദറിന്റെ പണം കണ്ടല്ല താൻ വിവാഹത്തിന് സമ്മതിച്ചതെന്നും താൻ സാമ്പത്തികമായ പര്യാപ്തയാണെന്നും മഹാലക്ഷ്മി വ്യക്തമാക്കി.
ട്രോളുകൾ പരിധി വിട്ടപ്പോഴും രണ്ട‍് പേരും ഇതിനെ ചിരിച്ച് തള്ളുകയാണുണ്ടായത്. അതിന് മറുപടി നൽകി സമയം കളയുന്നതിന് പകരം വിവാഹ ജീവിതം ആസ്വദിക്കുകയാണ് രവീന്ദറും മഹാലക്ഷ്മിയും.
മഹാലക്ഷ്മി തന്റെ സീരിയൽ അഭിനയവുമായും രവീന്ദർ സിനിമാ നിർമാണവുമായും കരിയറിൽ മുന്നോട്ട് പോവുന്നു. ഇപ്പോഴിതാ രവീന്ദർ ഭാര്യയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
'വേദനയില്ലാതെ ജീവിതമില്ല. ഒരു വഴിയുമില്ലാത്ത ജീവിതവുമില്ല. എന്റെ പെണ്ണ് എനിക്കത് മനസ്സിലാക്കിത്തന്നു. എന്റെ മണ്ടത്തരങ്ങൾക്കൊന്നും അവൾ സമ്മതം പറഞ്ഞിരുന്നില്ല. പക്ഷെ സ്നേഹം എന്നിൽ മാറ്റങ്ങൾ വരുത്തുമെന്ന് അവൾ തെളിയിച്ചു,' രവീന്ദർ ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ.

നിരവധി പേർ പോസ്റ്റിന് താഴെ കമന്റുകളുമായെത്തി. ലവ് യു മോർ എന്നാണ് രവീന്ദറിന്റെ ഭാര്യ മഹാലക്ഷ്മി കമന്റ് ചെയ്തത്.
ഭാര്യയോടൊപ്പമുള്ള ഫോട്ടോകൾ രവീന്ദർ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
ഭാര്യയോടുള്ള സ്നേഹം തുറന്ന് പ്രകടിപ്പിക്കാനും രവീന്ദർ മടിക്കാറില്ല. രവീന്ദറാണ് ആദ്യം തന്റെ പ്രണയം മഹാലക്ഷ്മിയോട് പറയുന്നത്. എന്നാൽ അന്ന് മഹാലക്ഷ്മി ഈ പ്രൊപ്പോസൽ നിരസിച്ചു.
പിന്നീട് ഇരുവരും സുഹത്തുക്കളായി ഇതിന് ശേഷമാണ് മഹാലക്ഷ്മിക്ക് മനം മാറ്റം വരുന്നത്. രവീന്ദറുമായുള്ള വിവാഹത്തിന് മഹാലക്ഷ്മി സമ്മതിച്ചു. വിവാഹത്തിന് കുടുംബത്തിന്റെയും പിന്തുണ ലഭിച്ചു.
തന്റെ ശരീര ഭാരത്തിൽ ആത്മവിശ്വാസക്കുറവുണ്ടായിരുന്നെന്ന് രവീന്ദർ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. വിവാഹത്തിന് മുമ്പ് വിദേശത്ത് ചികിത്സ നടത്തി എങ്ങനെയെങ്കിലും വണ്ണം കുറച്ച് വരാമെന്ന് പറഞ്ഞതാണ്. എന്നാൽ മഹാലക്ഷ്മിയാണ് ഇത് വേണ്ടെന്ന് പറഞ്ഞതെന്നും രവീന്ദർ അന്ന് വ്യക്തമാക്കി.
ആരോഗ്യം സംരക്ഷിക്കാനാണെങ്കിൽ തടി കുറയ്ക്കാം. അതിനപ്പുറം വിവാഹത്തിന് വേണ്ടി തടി കുറയ്ക്കേണ്ടതില്ലെന്നാണ് മഹാലക്ഷ്മി പറഞ്ഞത്.
ഇന്നും നിരവധി പേർ രവീന്ദറിനെ പരിഹസിക്കുന്നുണ്ടെങ്കിലും മഹാലക്ഷ്മിയുടെ പിന്തുണ ഇദ്ദേഹത്തിനൊപ്പമുണ്ട്.
സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരും രവീന്ദറിനും മഹാലക്ഷ്മിക്കുമുണ്ട്. ബോഡി ഷെയ്മിംഗ് നിറഞ്ഞ സമൂഹത്തിൽ നിങ്ങൾ മാതൃകയാണെന്നാണ് ആരാധകർ പറയുന്നത്.
വിവാഹ ശേഷം ഇരുവരും സന്തോഷകരമായി ജീവിക്കുന്നതും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
ഭർത്താവിനെ മാത്രമല്ല ആരെയും അവരുടെ ശരീരത്തിന്റെ പേരിൽ കളിയാക്കരുതെന്നും മഹാലക്ഷ്മി നേരത്തെ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











