'അബിക്കയെ കൂടുതൽ മനോഹരമായി ഷെയ്നിലൂടെ കലാലോകം കാണുന്നു... ഉയരങ്ങളിൽ എത്തട്ടെ'; ഷെയ്നിനോട് ആരാധകർ!
സിനിമയിലെത്തിയ കാലം മുതൽ നിരവധി വിവാദങ്ങളിലൂടെ കടന്നുപോയിട്ടുള്ള യുവ നടനാണ് ഷെയ്ൻ നിഗം. നടൻ കലാഭവൻ അബിയുടെ മകനെന്ന ലേബലിൽ ഒരു റിയാലിറ്റി ഷോയിൽ പോലും ഒരു പരിഗണനയും ഷെയ്ൻ ചോദിച്ചിട്ടുമില്ല കിട്ടിയിട്ടുമില്ല. സ്വന്തം അധ്വാനവും കഴിവും കൊണ്ട് ഉയർന്ന് വന്ന ആർട്ടിസ്റ്റാണ് ഷെയ്ൻ നിഗം. ഒട്ടുമിക്ക മികച്ച സംവിധായകരും ഷെയ്നിനെ വെച്ച് സിനിമയെടുത്ത് കഴിഞ്ഞു. മാത്രമല്ല ഏത് കഥാപാത്രവും വിശ്വസിപ്പിച്ച് ഏൽപ്പിച്ചാൽ വിസ്മയിപ്പിക്കുന്ന പ്രകടനം ഷെയ്ൻ തിരികെ തരാറുണ്ട്.
താരപുത്രനാണെങ്കിൽ കൂടിയും സിനിമയിൽ വന്ന കാലം മുതൽ നിരവധി മുള്ളുവഴികൾ ഷെയ്നിന് താണ്ടേണ്ടി വന്നിട്ടുണ്ട്. ഏറ്റവും അവസാനം താരത്തിന്റേതായി പുറത്ത് വന്ന ആർഡിഎക്സ് തിയേറ്ററിൽ എത്തും മുമ്പ് പോലും ഷെയ്ൻ സോഷ്യൽമീഡിയ വഴി പലതവണ പരിഹാസങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

'തോറ്റ് കൊടുക്കാത്തതിന് ഞാൻ എന്നോട് തന്നെ നന്ദി പറയുന്നു. നിങ്ങള്‍ എന്താകണം എന്ന് ആദ്യം തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങളുടെ ആഗ്രഹം നടത്തിതരാൻ ഈ ലോകം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കും. ഇത് സ്നേഹമാണ്.'
'നമ്മൾ സംസാരിക്കുമ്പോള്‍ നടക്കുമ്പോൾ അഭിനയിക്കുമ്പോൾ അങ്ങനെ എന്ത് ചെയ്യുമ്പോഴും പ്രണയത്തോടെ ചെയ്യുക. പ്രണയമുണ്ടെങ്കിൽ അത് ലോകം കാണും. ഇത് ഒന്നിന്റെയും അവസാനമല്ല... ഇവിടെ എന്റെ ജീവിതം തുടങ്ങുകയാണെന്ന്', എന്നാണ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു അവാർഡ് നിശയിൽ പങ്കെടുത്ത് പുരസ്കാരം ഏറ്റുവാങ്ങി ഷെയ്ൻ പറഞ്ഞത്.
അന്ന് പ്രസംഗിച്ചപ്പോൾ പറഞ്ഞ വാക്കുകൾ ഭംഗിക്കായി പറഞ്ഞതല്ലെന്നും താൻ ജീവിതത്തിൽ പ്രാവർത്തികമാക്കികൊണ്ടിരിക്കുന്നതാണെന്നും പിന്നീട് സ്വന്തം ജീവിതത്തിലൂടെ ഷെയ്ൻ കാണിച്ച് തന്നുകൊണ്ടിരിക്കുന്നു. പിതാവിന് എത്തിപ്പിടിക്കാൻ സാധിക്കാതെ പോയ ഉയരങ്ങൾ കീഴടക്കാനെത്തിയ മകൻ എന്നാണ് ഷെയ്നിനെ വിശേഷിപ്പിച്ച് സിനിമാ പ്രേമികൾ എപ്പോഴും പറയാറുള്ളത്.
സിനിമയിൽ വളരാൻ ഷെയ്നിന് പ്രചോദനവും പിതാവ് അബി തന്നെയാണ്. ഇപ്പോഴിതാ ഉപ്പ അബിക്കൊപ്പമുള്ള അപൂർവമായൊരു ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഷെയ്ൻ നിഗം. റബീഹ് പാറമ്മൽ പകർത്തിയ ചിത്രം പങ്കുവെച്ച് വാപ്പിച്ചി എന്നാണ് ഷെയ്ൻ തലക്കെട്ട് നൽകിയിരിക്കുന്നത്.

അച്ഛൻ-മകൻ കോമ്പോയിലുള്ള ഫോട്ടോ വളരെ വേഗത്തിൽ വൈറലാവുകയും നിരവധി ആരാധകർ കമന്റുകൾ കുറിക്കുകയും ചെയ്തു. വാപ്പിച്ചിക്ക് വേണ്ടി നീ ഉയരങ്ങളിൽ എത്തണം എന്നാണ് ഏറെയും പേർ ഷെയ്നിനോട് കമന്റുകളിലൂടെ പറഞ്ഞത്. അബീക്കയുടെ മോഹങ്ങൾ പൂവാണിയിക്കാൻ നിനക്ക് കഴിയട്ടെ, അബിക്കയെ കൂടുതൽ മനോഹരമായി ഷെയ്നിലൂടെ കലാലോകം കാണുന്നു... ഉയരങ്ങളിൽ എത്തട്ടെ,
കഴിവുണ്ടായിട്ടും ഉയരങ്ങളിൽ എത്തപ്പെടാതെ പോയ ഞങ്ങളുടെ അബീക്കയുടെ മകനാണ് നീ... ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു, ഷെയ്നിന്റെ ഈ വിജയക്കുത്തിപ്പ് കണ്ട് സ്വർഗത്തിലിരുന്ന് വാപ്പയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകുമെന്നെല്ലാമായിരുന്നു കമന്റുകൾ വന്നത്.
രക്തസംബന്ധമായ അസുഖത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2017 നവംബര്‍ 30നാണ് അബി മരണത്തിന് കീഴടങ്ങിയത്. മിമിക്രി വേദികളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന അബി മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുള്ള നടനായിരുന്നു. മലയാളത്തിൽ മിമിക്രി കാസറ്റുകൾക്ക് സ്വീകാര്യത നൽകിയ താരമാണ് അബി.
മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നയം വ്യക്തമാക്കുന്നു എന്ന സിനിമയിൽ തുടങ്ങി തൃശിവപേരൂർ ക്ലിപ്തം എന്ന അവസാന സിനിമ വരെ നീണ്ട് നിൽക്കുന്ന കലാ ജീവിതത്തിൽ അമ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അബി.
ഭീഷ്മാചാര്യ, എല്ലാവരും ചൊല്ലണ്, ചെപ്പു കിലുക്കണ ചങ്ങാതി, സൈന്യം, മഴവിൽ കൂടാരം, ആനപ്പാറ അച്ചാമ്മ, പോർട്ടർ, കിരീടിമില്ലാത്ത രാജാക്കന്മാർ, രസികൻ, വാർധക്യ പുരാണം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മിമിക്രി രംഗത്തിലൂടെയാണ് അബി പ്രശസ്തനാവുന്നത്.


Click it and Unblock the Notifications