'അവളുടെ വീട്ടിൽ സമ്മതിക്കാതെയായപ്പോൾ ഞാൻ വന്ന് പെണ്ണ് ചോദിക്കാമെന്ന് ബാബു ആന്റണി ചേട്ടൻ പറഞ്ഞു'; നഹാസ്
കഴിഞ്ഞ വർഷം മലയാളത്തിൽ പുറത്തിറങ്ങിയതിൽ വൻ ഹിറ്റായ സിനിമയായിരുന്നു ആന്റണി പെപ്പെ, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ആർഡിഎക്സ്. ദുൽഖർ സൽമാന്റെ കിങ് ഓഫ് കൊത്ത പോലും ആർഡിഎക്സിന് മുമ്പിൽ നിലംപതിച്ചു. കിങ് ഓഫ് കൊത്തയ്ക്കൊപ്പം ക്ലാഷ് റിലീസിന് എത്തുമ്പോൾ ആർഡിഎക്സിനെ ആരെങ്കിലും മൈന്റ് ചെയ്യുമോയെന്ന സംശയം റിലീസ് തിയ്യതി പ്രഖ്യാപിച്ചപ്പോൾ സിനിമാപ്രേമികൾക്കുണ്ടായിരുന്നു.
എന്നാൽ നല്ല സിനിമയാണെങ്കിൽ താരമൂല്യം പോലും നോക്കാതെ പ്രേക്ഷകർ പ്രോത്സാഹിപ്പിക്കുമെന്ന് ആർഡിഎക്സിനെ വിജയിപ്പിച്ച് സിനിമാപ്രേമികൾ വീണ്ടും തെളിയിച്ചു. ആക്ഷൻ, മാസ്, ഇമോഷൻസ്, സൗഹൃദം, സഹോദര സ്നേഹം, കുടുംബം, പ്രണയം, ഡാൻസ്, പാട്ട്, കോമഡി അങ്ങനെയെല്ലാം കൂടിച്ചേർന്ന ഒരു ഹൈ വോൾട്ടേജ് പടമാണ് ഒറ്റവാക്കിൽ പറഞ്ഞാൽ ആർഡിഎക്സ്. റോബർട്ട്, ഡോണി, സേവ്യർ എന്നീ മൂന്ന് ചെറുപ്പക്കാരിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.

ആദ്യാവസാനം വരെ ചിത്രത്തെ നിലനിർത്തുന്നതും ഇവരുടെ സ്നേഹവും സൗഹൃദവുമാണ്. അവസാനം വരെ യാതൊരുവിധ ബോറടിയുമില്ലാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ സംവിധായകൻ വിജയിച്ചു. ഗോദ എന്ന ചിത്രത്തിൽ ബേസില്‍ ജോസഫിന്റെ അസിസ്റ്റന്റായി സിനിമയിലേക്ക് കടന്നുവന്ന നഹാസ് ഹിദായത്താണ് ആർഡിഎക്സ് സംവിധാനം ചെയ്തത്.
ആര്‍ഡിഎക്‌സിലൂടെയാണ് സ്വതന്ത്ര സംവിധായകനായി നഹസ് അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമ തന്നെ 100 കോടി ക്ലബില്‍ കയറി ഗംഭീര വിജയം നേടാനും നഹാസിനായി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നഹാസിന്റെ വിവാഹം. കാഞ്ഞിരപ്പള്ളി സ്വദേശിനി ഷഫ്‌നയെയാണ് നഹാസ് വിവാഹം ചെയ്ത്. ബിഫാം വിദ്യാർത്ഥിനിയാണ് ഷഫ്ന.
കാഞ്ഞിരപ്പള്ളിയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ആർഡിഎക്സ് താരങ്ങളും മറ്റ് നിരവധി സിനിമാ താരങ്ങളും എത്തിയിരുന്നു. നഹാസിന്റെയും ഷഫ്നയുടെയും പ്രണയ വിവാഹമായിരുന്നു. സിനിമയെ വിലയിരുത്താനും അഭിപ്രായങ്ങൾ പറയാനും പ്രോത്സാഹിപ്പിക്കാനുമെല്ലാം എപ്പോഴും നഹാസിനൊപ്പം ഷഫ്നയുണ്ടായിരുന്നു. അങ്ങനെയാണ് ഇരുവരുടെയും സൗഹൃദം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തിയത്.
തുടക്കത്തിൽ ഷഫ്നയുടെ പിതാവിന് നഹാസുമായുള്ള ബന്ധത്തോട് എതിർപ്പായിരുന്നു. ഇരുവരും ബന്ധത്തിൽ നിന്ന് പിന്മാറില്ലെന്ന് കണ്ടതോടെയാണ് വീട്ടുകാരും പിന്തുണച്ച് വിവാഹം നടത്തിയത്. ഇപ്പോഴിതാ വിവാഹ വിശേഷങ്ങൾ മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് നഹാസും നല്ല പാതി ഷഫ്നയും.

'കല്യാണം കാഞ്ഞിരപ്പള്ളിയിൽ വെച്ച് നടത്തണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എറണാകുളത്ത് വെക്കുമോയെന്ന് എല്ലാവരും ചോദിക്കുമായിരുന്നു. അപ്പോഴെല്ലാം ഇല്ലാ വിവാഹം കാഞ്ഞിരപ്പള്ളിയിൽ ആയിരിക്കുമെന്ന് ഞാൻ തറപ്പിച്ച് പറഞ്ഞു. സിനിമാക്കാ് വരണമെന്നുള്ള ആഗ്രഹത്തിലല്ല കല്യാണം നാട്ടിൽ തന്നെയായിരിക്കണം എന്നതായിരുന്നു വലിയ ആഗ്രഹം. സിനിമയിൽ എനിക്ക് നല്ല ബന്ധമുള്ളവരെയാണ് ഞാൻ വിളിച്ചിരുന്നത്.'
'പലർക്കും ഷൂട്ട് ഒക്കെ കഴിഞ്ഞ് എത്താൻ പറ്റുമോയെന്ന സംശയമുണ്ടായിരുന്നു. പക്ഷെ വിളിച്ചതിൽ ഒരുവിധപ്പെട്ട എല്ലാവരും വന്നു. ബാബു ആന്റണി ചേട്ടൻ, മാലാ പാർവതി ചേച്ചി, ബേസിൽ ചേട്ടൻ, സോഫിയ പോൾ മാഡം, സിദ്ദിഖ് ഇക്ക, ബെജു ചേട്ടൻ, നീരജ്, പെപ്പെ എല്ലാവരും വന്നു. പെപ്പെയൊക്കെ ഷൂട്ട് നിർത്തിവെച്ചാണ് വന്നത്.'
'കല്യാണത്തിന് വരുമെന്ന് ഉറപ്പ് നൽകിയിരുന്നു എനിക്ക്. ബേസിൽ ചേട്ടനും ഷൂട്ട് നിർത്തിവെച്ചാണ് വന്നത്. പിന്നെ അവർക്കെല്ലാം ഞങ്ങളെ രണ്ടുപേരെയും അറിയാം. ആർഡിഎക്സ് ക്ലൈമാക്സ് ഷൂട്ട് നടക്കുന്ന സമയത്തൊന്നും ഷഫ്നയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതം പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ബാബു ആന്റണി ചേട്ടനോട് ഈ കഥയൊക്കെ ഞാൻ പറഞ്ഞിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞത്... നീ പേടിക്കണ്ട ഞാൻ വന്ന് ചോദിക്കാം.'
'അവൾക്ക് എന്നെ അറിയത്തില്ലേലും അവളുടെ അപ്പന് എന്നെ അറിയാമായിരിക്കും. ബാബു ആന്റണി വന്ന് പെണ്ണ് ചോദിക്കാം അപ്പോൾ നിനക്ക് അവര് കെട്ടിച്ച് തരുമെന്നാണ് പറഞ്ഞത്. വിവാഹത്തിന് വന്നപ്പോഴും ബാബു ചേട്ടൻ അവിടെ വെച്ച് അത് പറഞ്ഞിരുന്നു... കെട്ടിച്ച് കൊടുത്തില്ലെങ്കിൽ ഞങ്ങൾ ഇറക്കികൊണ്ട് പോകാനുള്ള പരിപാടിയായിരുന്നുവെന്ന്...', വിവാഹ വിശേഷം പങ്കിട്ട് നഹാസ് പറയുന്നു.


Click it and Unblock the Notifications











